പത്തനംതിട്ട: മല്ലപ്പുഴശേരി പഞ്ചായത്തിലെ സി.ഡി.എസ് അക്കൗണ്ടന്റ് കൃത്രിമം നടത്തി അപഹരിച്ചത് 13 ലക്ഷത്തോളം രൂപയെന്ന് വിജിലൻസിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. 2023-24 ലെ ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പിടിക്കപ്പെടുമെന്നായതോടെ തട്ടിയെടുത്ത തുക ഏറെക്കുറെ തിരികെ അടച്ചുവെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. എന്നാൽ, വ്യാജ ഒപ്പിട്ട് പണം തട്ടിയെടുത്തതിനും ബാങ്ക് സ്റ്റേറ്റ്മെന്റ് കൃത്രിമമായി നിർമ്മിച്ചതിനും ഇവർക്കെതിരേ കേസ് എടുത്ത് അന്വേഷണം ആരംഭിക്കുമെന്നും വിജിലൻസ് യൂണിറ്റ് ഡിവൈ.എസ്‌പി ഹരി വിദ്യാധരൻ പറഞ്ഞു.

നിലവിൽ ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള പരിശോധന മാത്രമാണ് നടന്നത്. താൽക്കാലിക ജീവനക്കാരിയായ ഇവർ സി.ഡി.എസ് ആരംഭിച്ചതു മുതലുള്ള അക്കൗണ്ടന്റാണ്. അതു കൊണ്ട് തന്നെ മുൻകാലങ്ങളിൽ തട്ടിപ്പ് നടത്താനുള്ള സാധ്യത ഉണ്ടെന്ന സംശയത്തിൽ വിജിലൻസ് പിന്നോട്ടുള്ള കണക്കുകളും പരിശോധിക്കുമെന്നും ഡിവൈ.എസ്‌പി പറഞ്ഞു.

പേ സ്ലിപ്പ് എഴുതി പിൻവലിച്ചും ബാങ്ക് സ്റ്റേറ്റ്മെന്റ വ്യാജമായി സൃഷ്ടിച്ചുമാണ് ലക്ഷങ്ങൾ ഇവർ തട്ടിയെടുത്തത്. ഓഡിറ്റ് റിപ്പോർട്ടിൽ ക്രമക്കേട് പുറത്തു വന്നതോടെ വിജിലൻസ് പരിശോധന തുടങ്ങി. വിവരമറിഞ്ഞ് വനിത അക്കൗണ്ടന്റ് മുങ്ങിയിരിക്കുകയാണ്. 2023-24 സാമ്പത്തിക വർഷത്തെ കണക്കുകൾ പരിശോധിച്ചപ്പോഴാണ് അക്കൗണ്ടന്റ് പണം പിൻവലിച്ച വിവരം അറിഞ്ഞത്. ഫെഡറൽ ബാങ്കിന്റെ കുഴിക്കാല ശാഖയിലാണ് സി.ഡി.എസിന്റെ അക്കൗണ്ടുള്ളത്.

ഇവിടെ നേരിട്ടെത്തി സ്ലിപ്പ് എഴുതി നൽകിയാണ് പലപ്പോഴായി പണം പിൻവലിച്ചിട്ടുള്ളത്. സി.ഡി.എസ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കണമെങ്കിൽ ചെയർപേഴ്സണും മെമ്പർ സെക്രട്ടറിയും ചെക്കിൽ ഒപ്പിടേണ്ടതുണ്ട്. ഗ്രാമപഞ്ചായത്തിലെ തന്നെ ഒരു ജീവനക്കാരനോ ജീവനക്കാരിയോ ആയിരിക്കും മെമ്പർ സെക്രട്ടറി. ഇവരുടെ ഒപ്പിട്ട് ചെക്ക് വാങ്ങി പണം തട്ടുക പ്രായോഗികമല്ല. അതിനാൽ ബാങ്കിൽ നേരിട്ടെത്തി പേ സ്ലിപ്പ് ഒപ്പിട്ടു കൊടുത്താണ് വലിയ തുകകൾ പലപ്പോഴായി പിൻവലിച്ചിട്ടുള്ളത്.

ഓഡിറ്റ് റിപ്പോർട്ടിൽ വനിതാ അക്കൗണ്ടന്റിന്റെ തട്ടിപ്പ് പുറത്തു വന്നതോടെ ബാങ്കിലെ അക്കൗണ്ട് വിവരങ്ങൾ പഞ്ചായത്ത് അധികൃതർ ശേഖരിച്ചിരുന്നു. അതിന് മുൻപ് തന്നെ സി.ഡി.എസ് അക്കൗണ്ടന്റ് ബാങ്ക് സ്റ്റേറ്റ്മെന്റ് ശേഖരിക്കുകയും അതിൽ ഇല്ലാത്ത വിവരങ്ങൾ കൂട്ടിച്ചേർത്ത് സ്റ്റേറ്റ്മെന്റ് കൃത്രിമമായി സൃഷ്ടിക്കുകയും ചെയ്തു.