ആലപ്പുഴ:ആലപ്പുഴയിൽ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് സെക്രട്ടറിയേ കുരുക്കിയത് സംരംഭകന്റെ ബുദ്ധി. അരൂർ പഞ്ചായത്ത് സെക്രട്ടറി പി.വി. മണിയപ്പനെയാണ് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് സ്‌പെഷ്യൽ സ്‌ക്വാഡ് വലയിലാക്കിയത്.ഇയാളുടെ വീട്ടിലേക്ക് പോകുന്ന വഴിയിൽ എരമല്ലൂർ ചമ്മനാട് ഗ്രൗണ്ടിൽവച്ചു പണം കൈപ്പറ്റുന്നതിനിടയിലാണ് നേരത്തെ ലഭിച്ച പരാതിയേ തുടർന്ന് വിജിലൻസ് സംഘം കാത്തു നിന്നത്.

പരാതിക്കാരൻ ഒരു ലക്ഷം രൂപ കൈമാറിയ ഉടനെ കാത്തു നിന്ന വിജിലൻസുകാർ ഇയാളെ അറസ്റ്റു ചെയ്യുകയുമായിരുന്നു.പഞ്ചായത്തിൽ ക്രമക്കേട് നടത്തിയതിനു മണിയപ്പൻ മുൻപും നടപടി നേരിട്ടിട്ടുണ്ട്. അരൂർ വ്യവസായ കേന്ദ്രത്തിലെ കെട്ടിടത്തിന് നമ്പർ ലഭിക്കാൻ കൊച്ചി സ്വദേശി ഒന്നര വർഷം മുൻപു നൽകിയ അപേക്ഷയിൽ തീരുമാനം എടുക്കുന്നത് വിവിധ കാരണങ്ങൾ പറഞ്ഞ് മണിയപ്പൻ വൈകിക്കുകയായിരുന്നു.

ഇടനിലക്കാരൻ വഴി രണ്ട് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു.പി.വി. മണിയപ്പന്റെ പിടിവാശി കാരണം നാളുകളായി കെട്ടിട ഉടമ പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങുകയായിരുന്നു.അവസാനം ഒരു ലക്ഷം രൂപ നൽകാമെന്ന് അപേക്ഷകൻ സമ്മതിക്കുകയും വിവരം വിജിലൻസിന് കൈമാറുകയും ചെയ്തു. പ്രതിയെവിജിലൻസ് ഇന്ന് കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും