കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രതിയായ രണ്ട് കോടി രൂപയുടെ കൈക്കൂലി കേസില്‍ കരുതലോടയാണ് വിജിലന്‍സിന്റെ നീക്കം. കേന്ദ്ര ഏജന്‍സിക്കെതിരായ നീക്കം രാഷ്ട്രീയ ബീമറാങായി മാറുമോയെന്ന ഭയം സര്‍ക്കാറിലെ ചിലര്‍ക്കുണ്ട്. അതുകൊണ്ട് തന്നെ പരാതിക്കാരന്റെ കളങ്കിക പശ്ചാത്തലം കൂടി പരിഗണിച്ച കൃത്യമായ തെളിവുകള്‍ ശേഖരിച്ചു കൊണ്ടു മുന്നോട്ടു പോകാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കശുവണ്ടി വ്യവസായി അനീഷ് ബാബുവിന്റെ വാദങ്ങള്‍ ഇഡി തള്ളിക്കളഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിജിലന്‍സ് സംഘവും കരുതലെടുക്കുന്നത്.

അതേസമയം അനീഷ് ബാബുവിന് കൈമാറിയ മുംബൈ താനെയിലെ ബാങ്ക് അക്കൗണ്ട് ഒരു സ്വകാര്യ കമ്പനിയുടേതെന്ന് വിജിലന്‍സ് അറിയിച്ചു. ഈ കമ്പനിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു വരുകയാണെന്നും ഇടനിലക്കാര്‍ക്കും കമ്പനിക്കും തമ്മിലുള്ള ബന്ധം പരിശോധിക്കുകയാണെന്നും വിജിലന്‍സ് വ്യക്തമാക്കി. രണ്ടുകോടി രൂപ 50 ലക്ഷം വീതമുള്ള നാല് ഗഡുക്കളായി ഈ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാനായിരുന്നു ഇടനിലക്കാരായ വില്‍സണും മുരളി മുകേഷും നിര്‍ദേശിച്ചത്. അതിനിടെ മുരളി മുകേഷിന്റെ ഹവാല ബന്ധവും പരിശോധിക്കുന്നുണ്ട്.

കേസില്‍ ഒന്നാം പ്രതിയായ ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെതിരേ പരമാവധി തെളിവുകള്‍ ശേഖരിക്കുകയാണ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇതുവരെ വിജിലന്‍സ് നോട്ടീസൊന്നും നല്‍കിയിട്ടില്ല. തെളിവുകള്‍ ശേഖരിച്ച ശേഷമേ തുടര്‍ നടപടിയിലേക്ക് കടക്കൂ. കേസില്‍ മൂന്നുപേരാണ് അറസ്റ്റിലായിട്ടുള്ളത്. ഏജന്റുമാരുടെ സഹായിയായിരുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്തും ഇഡി ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

ഇതിനകം അറസ്റ്റിലായവരില്‍നിന്ന് നിര്‍ണായക വിവരങ്ങളും രേഖകളും വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. ലാപ്ടോപ്പ് ഉള്‍പ്പെടെയുള്ളവയുടെ പരിശോധന പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് വിജിലന്‍സ്. അറസ്റ്റിലായവരുടെ കസ്റ്റഡി കാലാവധി വ്യാഴാഴ്ച അവസാനിക്കും. പുതിയ തെളിവുകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ ഇവരെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും. അതിനിടെ ഇഡി കേസ് ഒഴിവാക്കാന്‍ വന്‍ തുക കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയുമായി അഞ്ചുപേര്‍ വിജിലന്‍സിനെ സമീപിച്ചിട്ടുണ്ട്. എന്നാല്‍, ഇവരാരും പരാതി എഴുതി നല്‍കുകയോ മൊഴി നല്‍കാനെത്തുകയോ ചെയ്തിട്ടില്ലെന്ന് വിജിലന്‍സ് വ്യക്തമാക്കി.

അതിനിടെ കൈക്കൂലിയില്‍ ഇടനിലക്കാരനായ വില്‍സണ്‍ വിജിലന്‍സില്‍ പരാതിപ്പെട്ട അനീഷിനെ വിളിക്കുന്നതെന്ന പേരില്‍ സംഭാഷണം പുറത്തുവന്നിട്ടുണ്ട്. നിങ്ങളെ ഞാന്‍ പേഴ്സണല്‍ മീറ്റിങ്ങിനാണ് വിളിക്കുന്നതെന്നും ഞാന്‍ പറയുന്ന കാര്യങ്ങള്‍ റെക്കോഡ് ചെയ്യരുതെന്നും വില്‍സണ്‍ പറയുന്നു. നിങ്ങളുടെ ആവശ്യത്തിനാണ് മീറ്റിങ്. സാര്‍ ഇന്നലെ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടല്ലോയെന്നും വില്‍സണ്‍ അനീഷിനോട് ചോദിക്കുന്നുണ്ട്.

വരുന്നതില്‍ പ്രശ്‌നമൊന്നുമില്ലല്ലോയെന്ന് അനീഷ് ചോദിക്കുമ്പോള്‍ ആരോടും ഷെയര്‍ ചെയ്യാതെ വന്നാല്‍ മതിയെന്നാണ് വില്‍സന്റെ മറുപടി. നോട്ടീസ് എന്തെങ്കിലും തരാനാണോയെന്ന ചോദ്യത്തിന് അങ്ങനെയൊന്നും ഇല്ലെന്നും ഏജന്റ് പറയുന്നുണ്ട്. ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് അയച്ചപ്പോള്‍ നിങ്ങള്‍ ചെന്നില്ലല്ലോയെന്ന് വില്‍സണ്‍ ചോദിക്കുന്നുണ്ട്. എന്നാല്‍, ഒരു തവണ ചെന്നെന്നും എന്നെ തല്ലിയില്ലെന്നേയുള്ളൂ, അതുപോലെ പീഡിപ്പിച്ചെന്നും അനീഷ് പറയുന്നു.

അതേസമയം തനിക്കെതിരെ പ്രതികാര നടപടി ഉണ്ടാകുമെന്ന് ഭയക്കുന്നതായി പരാതിക്കാരന്‍ അനീഷ് ബാബു പറഞ്ഞു. തനിക്കെതിരെ ഇ.ഡി ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണൈന്നാണ് ഇയാളുടെ വാദം. ഗുരുതരമായ ആരോപണങ്ങളായിരുന്നു പരാതിക്കാരന്‍ അനീഷ് ബാബുവിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉന്നയിച്ചിരുന്നത്. ഇഡിയുടെ പ്രതിച്ഛായ തകര്‍ക്കാനാണ് അനീഷ് ബാബുവിന്റെ നീക്കം. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇയാള്‍ പറയുന്നത്. ആവര്‍ത്തിച്ചുള്ള സമന്‍സ് നല്‍കിയിട്ടും, അനീഷ് ബാബുവും, കുടുംബവും ഹാജരായില്ലെന്നും ഇഡി ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഇഡിയുടെ ആരോപണങ്ങള്‍ തെറ്റെന്ന് അനീഷ് ബാബു പ്രതികരിച്ചത്. കൃത്യമായി ബോധ്യത്തോടെയാണ് പരാതി നല്‍കിയത്. മാനസികമായി പീഡിപ്പിച്ചതിനാലാണ് ചോദ്യം ചെയ്യലിനിടയില്‍ നിന്നും ഇറങ്ങിപ്പോയത്. അന്വേഷണവുമായി ഇനിയും സഹകരിക്കുമെന്നും, പരാതി നല്‍കിയതിന്റെ പേരില്‍ പ്രതികാര നടപടി ഉണ്ടാകുമെന്ന ഭയമുണ്ടെന്നും അനീഷ് ബാബു പറഞ്ഞു. പരാതിയില്‍ നിന്നും പിന്നോട്ട് പോകില്ലെന്നും, അവസാന നിമിഷം വരെ ഉറച്ചു നില്‍ക്കുമെന്നും അനീഷ് ബാബു വ്യക്തമാക്കി.