തിരുവനന്തപുരം: തൃണൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം. ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയിലാണ് അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങിയത്. ആലുവയില്‍ 11 ഏക്കര്‍ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയതിലാണ് അന്വേഷണം. പാട്ടാവകാശം മാത്രമുളള ഭൂമി കൈവശപ്പെടുത്തിയെന്ന് വിജിലന്‍സിന് പരാതി കിട്ടിയിരുന്നു. പ്രാഥമികാന്വേഷണം നടത്തിയ വിജിലന്‍സ് വിശദമായ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുകയായിരുന്നു. ഇതനുസരിച്ച് അന്വേഷണത്തിന് ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി ഉത്തരവിട്ടു.

വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച ഉത്തരവ് തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റിന് കൈമാറി. സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് രണ്ടിനാണ് അന്വേഷണച്ചുമതല. വിശദമായ അന്വേഷണം നടത്തി സമയപരിധിക്കുളളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. കൊല്ലം സ്വദേശിയായ വ്യവസായ മുരുകേഷ് നരേന്ദ്രന്റെ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. കാലങ്ങളായി അന്‍വറിനെതിരെ നിയമപോരാട്ടം നടത്തുന്ന വ്യക്തിയാണ് മുരുകേഷ്.

അന്‍വര്‍ നിയമം ലംഘിച്ച് നിര്‍മ്മിച്ച നാല് തടയണകള്‍ പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത് മുരുകേഷ് നടത്തിയ നിയമപോരാട്ടത്തിന്റെ ഫലമായിട്ടായിരുന്നു. അന്‍വറിനെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതിന്റെ പേരില്‍ വധഭീഷണി അടക്കം മുരുകേഷ് നേരിടേണ്ടി വന്നിരുന്നു. അന്നൊക്കെ സര്‍ക്കാറിന്റെ പിന്തുണയാണ് അന്‍വറിന് തുണയായത്. ഇപ്പോള്‍ അന്‍വര്‍ മറുചേരിയില്‍ ആയതോടയാണ് വിജിലന്‍സ് അന്വേഷണം അടക്കം എത്തുന്നത്.

നേരത്തെ കൂടരഞ്ഞി പഞ്ചായത്തും കോഴിക്കോട് കളക്ടറും നടപടിയെടുക്കാതെ പലവട്ടം സംരക്ഷിച്ചിട്ടും തടയണ പൊളിക്കാനുള്ള കോടതി വിധിയിലേക്ക് നയിച്ചത് മുരുഗേഷ് നരേന്ദ്രന്‍ തുടക്കമിട്ട നിയമപോരാട്ടമാണ്. പി.വി അന്‍വറിന്റെ കക്കാടംപൊയിലിലെ വാട്ടര്‍തീം പാര്‍ക്ക്, ടൂറിസം പദ്ധതിയുടെ ഭാഗമായാണ് 2017ല്‍ സമുദ്രനിരപ്പില്‍ നിന്നും 3000 അടി ഉയരത്തില്‍ പീവീആര്‍ നാച്വറോ റിസോര്‍ട്ട് നിര്‍മ്മിച്ചത്. ഇരുവഴഞ്ഞിപ്പുഴയിലേക്കെത്തുന്ന പ്രകൃതിദത്ത നീരൊഴുക്ക് തടസപ്പെടുത്തി യാതൊരു അനുമതിയുമില്ലാതെ മൂന്ന് കോണ്‍ക്രീറ്റ് തടയണകളും ഒരു മണ്‍തടയണയും നിര്‍മ്മിച്ചു.

നീരുറവ നികത്തി റോഡ് പണിതാണ് റിസോര്‍ട്ടിലേക്ക് വഴിയൊരുക്കിയത്. തടയണകളില്‍ നിന്നും 130 മീറ്റര്‍ മാറിയാണ് ആയിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന സെന്റ്മേരീസ് ഹൈസ്‌ക്കൂള്‍. ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്ലാനില്‍ ഉരുള്‍പൊട്ടല്‍ മേഖലയായ ഹൈ ഹസാര്‍ഡ് സൊണേഷനിലുള്ള സ്ഥലത്ത് എംഎല്‍എ തടയണകള്‍ കെട്ടിയിട്ടും അധികൃതര്‍ അനങ്ങിയില്ല. അനുമതിയില്ലാതെ തടയണകള്‍ കെട്ടിയതും ദുരന്തസാധ്യതയും ചൂണ്ടികാട്ടി തടയണകള്‍ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് പ്ലാന്ററും വ്യവസായിയുമായ മുരുഗേഷ് നരേന്ദ്രനാണ് 2018ല്‍ ദുരന്തനിവാരണ അഥോറിറ്റി ചെയര്‍മാനായ കോഴിക്കോട് കളക്ടര്‍ക്ക് ആദ്യം പരാതി നല്‍കിയത്.

ഒരു വര്‍ഷമായിട്ടും പരാതിയില്‍ കളക്ടര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി മുരുഗേഷ് നരേന്ദ്രന്‍ 2019ല്‍ അന്നത്തെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് പരാതി നല്‍കി. റവന്യൂ മന്ത്രി കോഴിക്കോട് കളക്ടറോട് റിപ്പോര്‍ട്ട് തേടി. ഒടുവില്‍ മുരുഗേഷ് നരേന്ദ്രന്റെ പരാതിയില്‍ അന്വേഷണം നടത്താന്‍ കൂടരഞ്ഞി വില്ലേജ് ഓഫീസര്‍ക്കും കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറിക്കും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. തുടര്‍ന്നാണ് തടയണകള്‍ക്കും റിസോര്‍ട്ടിനുമെതിരെ നടപടിയാവശ്യപ്പെട്ട് കക്കാടംപൊയില്‍ സ്വദേശി കെ.വി ജിജു കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയത്. നടപടിയില്ലാഞ്ഞതോടെ ജിജു പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ വിജിലന്‍സ് സ്‌ക്വാഡിന് പരാതി നല്‍കി.

മുരുഗേഷ് നരേന്ദ്രന്റെ പരാതിയില്‍ അന്വേഷണം നടത്തിയ കൂടരഞ്ഞി വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും അനുമതിയില്ലാതെ അനധികൃതമായാണ് പ്രകൃതിദത്ത നീരുറവകള്‍ തടഞ്ഞ് തടയണകള്‍ നിര്‍മ്മിച്ചതെന്ന് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. കക്കാടംപൊയിലില്‍ തടയണകള്‍ ഉള്‍പ്പെടെ പി.വി അന്‍വറിന്റെ അനധികൃത നിര്‍മ്മാണങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ എം.എന്‍ കാരശേരിയുടെ നേതൃത്വത്തിലുള്ള സാംസ്‌കാരിക അന്വേഷണ യാത്ര തടഞ്ഞ് അംഗങ്ങള്‍ക്കു നേരെ കക്കാടംപൊയിലില്‍ അക്രമമുണ്ടായി.

തടയണകള്‍ നിയമവിരുദ്ധമായാണ് നിര്‍മ്മിച്ചതെന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടും ജില്ലാ കളക്ടര്‍ നടപടിയെടുക്കാതായതോടെ സാംസ്‌കാരിക അന്വേഷണ യാത്രയിലെ അംഗമായിരുന്ന കേരള നദീ സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി ടി.വി രാജന്‍ 2020തില്‍ ഹൈക്കോടതിയെ സമീപിച്ചു. കൂടരഞ്ഞി വില്ലേജ് ഓഫീസറുടെയും പഞ്ചായത്ത് സെക്രട്ടറിയുടെയും റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് കളക്ടര്‍ രണ്ടുമാസത്തിനകം തീരുമാനമെടുക്കാന്‍ ഹൈക്കോടതി 2020തില്‍ ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവനുസരിച്ച് കളക്ടര്‍ വിചാരണ നടത്തിയെങ്കിലും പീവീആര്‍ നാച്വറോ റിസോര്‍ട്ട് ഉടമകള്‍ക്ക് അനുമതി സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനായില്ല.

ഹൈക്കോടതി നല്‍കിയ സമയപരിധിക്കുള്ളില്‍ കളക്ടര്‍ തീരുമാനമെടുക്കാതായതോടെ കളക്ടര്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് ടി.വി രാജന്‍ 2021ല്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി കളക്ടര്‍ക്ക് നോട്ടീസ് അയച്ചതോടെ വീണ്ടും കളക്ടര്‍ ടി.വി രാജനെയും റിസോര്‍ട്ട് മാനേജരെയും വിളിച്ച് വിചാരണ നടത്തി. രണ്ടു തവണ നടത്തിയ വിചാരണയിലും പീവീആര്‍ നാച്വറോ റിസോര്‍ട്ട് ഉടമകള്‍ക്ക് രേഖകള്‍ ഹാജരാക്കാനായില്ല. ഇതോടെ പീവീആര്‍ നാച്വറോ റിസോര്‍ട്ടിനു വേണ്ടി പ്രകൃതിദത്ത നീരുറവകള്‍ തടഞ്ഞ് നിര്‍മ്മിച്ച 4 തടയണകളും പൊളിച്ചു നീക്കാന്‍ 2021 ഓഗസ്റ്റ് 30ന് കോഴിക്കോട് കളക്ടര്‍ ഉത്തരവിട്ടു.

കളക്ടറുടെ ഉത്തരവ് പ്രകാരം തടയണ പൊളിക്കാതെ തടയണയിലെ വെള്ളം മാത്രം ഒഴുക്കിവിടുകയാണുണ്ടായത്. തടയണ പൊളിക്കാനുള്ള ഉത്തരവ് നിലനില്‍ക്കെ പി.വി അന്‍വര്‍ എംഎല്‍എ തടയണകളും റിസോര്‍ട്ടും നിലനില്‍ക്കുന്ന സ്ഥലം കരാറുകാരനായ ഷഫീഖ് ആലുങ്ങലിന് വില്‍പന നടത്തി. തടയണകള്‍ പൊളിച്ചാല്‍ നീരുറവക്ക് കുറുകെ പണിത റോഡില്ലാതാകുമെന്നും തനിക്കും സമീപത്തുള്ളവര്‍ക്കും വഴിയില്ലാതാകുമെന്നു കാണിച്ച് കളക്ടറുടെ ഉത്തരവിനെതിരെ 2022ല്‍ ഷഫീഖ് ഹൈക്കോടതിയെ സമീപിച്ചു. തടയണകള്‍ പൊളിക്കല്‍ താല്‍ക്കാലികമായി തടഞ്ഞുകൊണ്ട് തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടുകയാണ് ഉണ്ടായത്.