ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടന അന്വേഷണത്തിന് വിജയ് സാഖറെ നേതൃത്വം നല്‍കും. അപകടത്തിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കാര്‍ പൊട്ടിത്തെറിച്ച ട്രാഫിക് സിഗ്‌നലിന്റെ സമീപത്ത് നിന്നുള്ള നിര്‍ണായക ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഭീകരര്‍ സഞ്ചരിച്ച കാര്‍ സിഗ്‌നലിലെത്തിയതും പിന്നാലെ സ്‌ഫോടനം നടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മുന്‍ ദിവസങ്ങളില്‍ നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും കാറിന്റെ സാന്നിധ്യം കണ്ടെത്തിയ ദൃശ്യങ്ങളും പുറത്തുവന്നു. തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ടയ്ക്ക് സമീപം ട്രാഫിക് സിഗ്‌നലില്‍ കാര്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായത്. മറ്റ് കാറുകളിലേക്ക് തീപടരുകയും ചെയ്തു. ആക്രമണത്തില്‍ 13 പേര്‍ മരിച്ചു.

ഫരീദാബാദ്, ഡല്‍ഹി എന്നിവിടങ്ങളില്‍ വന്‍ ഭീകരാക്രമങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായാണ് വിവരം. കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തില്‍ ചെങ്കോട്ടയിലും ദീപാവലി ദിനത്തില്‍ ഡല്‍ഹിയിലും ആക്രമണം നടത്താന്‍ പദ്ധതിയിട്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിജയ് സാഖറെയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ നിയോഗിക്കുന്നത്. സ്‌ഫോടനത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ എന്‍ഐഎ പത്തംഗ അന്വേഷണ സംഘത്തെ രൂപീകരിച്ചിച്ചിട്ടുണ്ട്. എന്‍ഐഎ എഡിജി വിജയ് സാഖറെയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം. ഒരു ഐജി, രണ്ട് ഡിഐജിമാര്‍, മൂന്ന് എസ്പിമാര്‍, ഡിഎസ്പി തലത്തിലുള്ള ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രവര്‍ത്തിക്കുക. ആഭ്യന്തര മന്ത്രാലയം ഇന്നലെ അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറിയിരുന്നു. ജമ്മു കശ്മീര്‍ പൊലീസ്, ഡല്‍ഹി പൊലീസ്, ഹരിയാന പൊലീസ് എന്നിവരില്‍ നിന്ന് ജെയ്ഷെ മൊഡ്യൂളുമായി ബന്ധപ്പെട്ട എല്ലാ കേസ് ഡയറികളും എന്‍ഐഎ ഏറ്റെടുക്കും. കൂടാതെ, കേസിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എന്‍ഐഎ ഡിജിയും ഐബി മേധാവിയും ചര്‍ച്ച ചെയ്യും. കേരളാ കേഡല്‍ ഐപിഎസുകാരനാണ് വിജയ് സാഖറെ. ഏറെ കാലം സംസ്ഥാന പൊലീസില്‍ ക്രമസമാധാന ചുമതല വഹിച്ച ഉദ്യോഗസ്ഥനാണ് സാഖറെ. കൊച്ചി കമ്മീഷണറായിരുന്നു.

കേരളാ കേഡറില്‍ ജോലി നോക്കവേ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയിലേക്കാണ് വിജയ് സാഖറെ ഡെപ്പ്യൂട്ടേഷന്‍ ചോദിച്ചത്. പക്ഷെ എന്‍ഐഎയിലേക്ക് അനുവദിക്കുകയായിരുന്നു. 1996 കേരള കേഡറിലെ ഐപിഎസ് ഓഫീസറാണ് വിജയ് സാഖറെ. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി പ്രവര്‍ത്തിക്കുന്നതിനിടെയായിരുന്നു വിജയ് സാഖറെയെ സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചത്. കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനായാണ് സാഖറെ അറിയപ്പെട്ടിരുന്നത്. കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ വേരുകള്‍ നന്നായി മനസ്സിലാക്കിയ ഉദ്യോഗസ്ഥനാണ് സാഖറെ. ഇതെല്ലാം എന്‍ ഐ എയുടെ പല അന്വേഷണങ്ങളിലും സമീപ കാലത്ത് തുണയായി. കോവിഡ് കാലത്ത് അടക്കം സാഖറെ മാജിക്ക് കേരളം ചര്‍ച്ചയാക്കിയിരുന്നു. കോവിഡന്റെ തുടക്കത്തില്‍ കാസര്‍ഗോഡ് കോവിഡ് പടര്‍ന്ന് പിടിച്ചപ്പോള്‍ അവിടെ എത്തി എല്ലാം നിയന്ത്രിച്ചതും കൊച്ചി കമ്മീഷണറായിരുന്ന വിജയ് സാഖറെയാണ്. ഈ അനുഭവ കരുത്തുമായി കേരളത്തില്‍ ഉടനീളം പ്രതിരോധ പ്രവര്‍ത്തനത്തിനും വിജയ് സഖാറെ എത്തിയെന്നതാണ് വസ്തുത. എഡിജിപിയായി പ്രെമോഷന്‍ കിട്ടിയതോടെയാണ് വിജയ് സാഖറെ ക്രമസമാധാനത്തിന്റെ ചുമതലയുള്ള എഡിജിപിയായത്.

ഫരീദാബാദില്‍ നിന്നും 'വൈറ്റ് കോളര്‍' ഭീകര മൊഡ്യൂള്‍ കേസില്‍ സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്ത സാഹചര്യത്തില്‍ ജമ്മു കശ്മീരിലും അയല്‍ സംസ്ഥാനങ്ങളിലും വ്യാപക റെയ്ഡ് നടന്നിരുന്നു കേസില്‍ ഹരിയാന മേവാട്ടില്‍ നിന്നും മൗലവി ഇഷ്തിയാഖ് എന്ന മതപ്രഭാഷകനെ ജമ്മു കശ്മീര്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്യും അല്‍ ഫലാഹ് സര്‍വകലാശാല സമുച്ചയത്തിലെ ഒരു വാടക വീട്ടിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. ഈ വീട്ടില്‍ നിന്നാണ് 2,500 കിലോയിലധികം അമോണിയം നൈട്രേറ്റ്, പൊട്ടാസ്യം ക്ലോറേറ്റ്, സള്‍ഫര്‍ എന്നിവ കണ്ടെടുത്തതെന്ന് പൊലീസ് പറയുന്നു. ഉടന്‍ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. 'വൈറ്റ് കോളര്‍' ഭീകര മൊഡ്യൂള്‍ കേസില്‍ പിടിയിലാകുന്ന ഒമ്പതാമത്തെ വ്യക്തിയാണ് മൗലവി ഇഷ്തിയാഖ്. ഡോ. മുസമ്മില്‍ ഗനായിയും ഡോ. ഉമര്‍ നബിയും ചേര്‍ന്ന് ഇഷ്തിയാഖിന്റെ വീട്ടിലാണ് സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതെന്ന് അന്വേഷണ സംഘം പറയുന്നു.

ജമ്മു കശ്മീര്‍ പൊലീസിന്റെ നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന പരിശോധനയില്‍ രണ്ട് ഡോക്ടര്‍മാരുള്‍പ്പെടെ ഏഴ് ഭീകരര്‍ നേരത്തെ അറസ്റ്റിലായിരുന്നു. പരിശോധനയില്‍ 2,900 കിലോ ഗ്രാം വരുന്ന അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെയുള്ള സ്ഫോടക നിര്‍മാണ വസ്തുക്കളും ആയുധങ്ങളും ഡല്‍ഹിക്കടുത്ത ഫരീദാബാദില്‍ നിന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.