- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഫോണില്‍ നിന്ന് ഗുഗിള്‍ അക്കൗണ്ട് ലോഗൗട്ട് ചെയ്യാനുള്ള ശ്രമം പോലീസ് തല്‍സമയം അറിഞ്ഞു; മോഷ്ടിച്ച ഫോണില്‍ ഒന്ന് സ്വിച്ച് ഓണ്‍ ആയപ്പോള്‍ കോഴി ഫാമിലെ ഒളിത്താവളം തെളിഞ്ഞു; അമിത് ഒറാങ്ങ് കുറ്റസമ്മതം നടത്തിയത് അതിവേഗം; കാമുകിയെ നഷ്ടമാക്കിയവരെ കൊന്നു തള്ളിയെന്ന് വിശദീകരണം; കേസ് പിന്‍വലിക്കാത്തതും പകയായി; തിരുവാതുക്കലില്‍ സംഭവിച്ചത്
കോട്ടയം: കോട്ടയത്തെ ഇരട്ടക്കൊലക്കേസില്‍ പ്രതി അസം സ്വദേശിയായ അമിത് ഒറാങ്ങിനെ പിടികൂടിയത് മൊബൈല്‍ നിരീക്ഷണത്തില്‍. ബുധനാഴ്ച പുലര്‍ച്ചെയാണ് തൃശ്ശൂരില്‍നിന്ന് പോലീസ് പിടികൂടിയത്. ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവില്‍ ഒളിവിലുള്ള പ്രതിയിലേക്ക് പോലീസ് എത്തിച്ചേരുകയായിരുന്നു. കൊല്ലപ്പെട്ട വിജയകുമാറിന്റേയും ഭാര്യ മീരയുടേയും മൊബൈല്‍ ഫോണുകള്‍ പ്രതി എടുത്തിരുന്നു. ഇതില്‍ ഒരു മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓണ്‍ ആയിരുന്നു. ഫോണില്‍ നിന്ന് ഗുഗിള്‍ അക്കൗണ്ട് ലോഗൗട്ട് ചെയ്യാനുള്ള ശ്രമത്തിലായിരുന്നു ഫോണ്‍ ഓണ്‍ ചെയ്തത്. ഫോണുമായി ഗൂഗിള്‍ അക്കൗണ്ട് സിങ്ക് ചെയ്തിരിക്കുന്നത് ഒഴിവാക്കുക എന്നതായിരുന്നു ലക്ഷ്യം. ഈ സമയത്താണ് വില്ലന്‍ എവിടെയുണ്ടെന്ന് പോലീസിന് മനസ്സിലായത്. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കല്‍ ശ്രീവത്സം വീട്ടില്‍ ടി.കെ. വിജയകുമാര്‍ (64), ഭാര്യ ഡോ. മീര വിജയകുമാര്‍ (60) എന്നിവരാണ് വീടിനുള്ളില്‍ ക്രൂരമായി കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ജോലിക്കാരി രേവമ്മ വന്നപ്പോഴാണ് കൊലപാതകവിവരമറിയുന്നത്. കേള്‍വിപരിമിതിയുള്ള തോട്ടക്കാരന്‍ ബോണ്ട് രാജ് ഔട്ട് ഹൗസില്‍ ണ്ടായിരുന്നെങ്കിലും വിവരം അറിഞ്ഞിരുന്നില്ല. തിങ്കളാഴ്ച രാത്രി 12.30-നും ഒന്നിനും ഇടയിലാണ് കൊല നടന്നതെന്ന് കരുതുന്നു.
മുന്‍വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് കുറ്റസമ്മതം. ഇയാള്‍ നേരത്തെ വിജയകുമാറിന്റെ ഓഡിറ്റോറിയത്തില്‍ സെക്യൂരിറ്റി ആയി ജോലി ചെയ്തിരുന്നു. ഈ സമയത്ത് ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന യുവതി ഉപേക്ഷിച്ച് പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഓഡിറ്റോറിയം ഉടമ വിജയകുമാറിനോട് പ്രതിക്കുണ്ടായിരുന്ന പക കൊലയ്ക്ക് കാരണമായിരിക്കാം എന്ന നിഗമനത്തിലാണ് പോലീസ്. വിജയകുമാറിന്റെ ഓഡിറ്റോറിയത്തില്‍ അമിത് ഒറാങ് മൂന്ന് വര്‍ഷത്തോളം സെക്യൂരിറ്റി ആയി ജോലിചെയ്തിരുന്നു. ഇടയ്ക്ക് വീട്ടിലും ജോലിക്കെത്തി, ഇതേസമയത്ത് അന്യസംസ്ഥാനത്തൊഴിലാളിയായ യുവതിയേയും വിജയകുമാറിന്റെ വീട്ടില്‍ ജോലിക്ക് കൊണ്ടു വന്നു. അമിതും യുവതിയും ഒരുമിച്ചായിരുന്നു കഴിഞ്ഞിരുന്നത്. നിയപരമായി വിവാഹം കഴിഞ്ഞിട്ടില്ലെങ്കിലും യുവതി തന്റെ ഭാര്യ ആയിരുന്നുവെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. ഇതിനിടെ മോഷണ കേസില്‍ പ്രതിയായി. അഞ്ച് മാസം ജയിലില്‍ കിടന്നു. ഈ സമയം യുവതി അമിതിനെ ഉപേക്ഷിച്ചു. ഇതിന്റെ പകയാണ് കൊലയ്ക്ക് കാരണമെന്നാണ് സംശയം. കൊലപാതകം നടത്തി 24 മണിക്കൂര്‍ തികയുന്നതിന് മുമ്പാണ് പോലീസ് പ്രതിയെ വലയിലാക്കിയത്. തൃശ്ശൂരിലെ മാളയ്ക്കടുത്തുള്ള കോഴിഫാമില്‍ ഒളിവിലായിരുന്നു ഇയാള്‍. ബസിലായിരുന്നു കോട്ടയത്തുനിന്ന് ഇയാള്‍ തൃശ്ശൂരിലെത്തിയതെന്നാണ് വിവരം. കോഴിഫാമിലുള്ള മറ്റ് അന്യ സംസ്ഥാന തൊഴിലാളികളെ പോലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. വളരെ സൂത്രശാലിയായിരുന്നു പ്രതി. പത്തിലധികം മൊബൈല്‍ ഫോണുകളും സിമ്മുകളും പ്രതിയുടെ പക്കലുണ്ടായിരുന്നു. പലപ്പോഴും മൊബൈല്‍ ഫോണുകള്‍ മാറിമാറിയായിരുന്നു ഉപയോഗിച്ചിരുന്നത്. അതുകൊണ്ടു തന്നെ ഇയാളെ പിടികൂടുക അത്ര എളുപ്പമായിരുന്നില്ല.
മൂന്ന് ദിവസം മുമ്പ് തന്നെ പ്രതി കോട്ടയത്ത് ലോഡ്‌ജെടുത്ത് താമസിച്ചിരുന്നുവെന്നും കൃത്യത്തിന് ശേഷം സഹോദരന്‍ താമസിക്കുന്നിടത്തേക്ക് രക്ഷപ്പെടുകയായിരുന്നെന്നും പോലീസ് വ്യക്തമാക്കി. പ്രതിക്കൊപ്പം സഹോദരനേയും ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളേയും തൃശ്ശൂര്‍ പോലീസ് കരുതല്‍ തടങ്കലില്‍ എടുത്തിട്ടുണ്ട്. ഇവര്‍ക്ക് കേസുമായി ബന്ധമുണ്ടോ എന്ന കാര്യം പരിശോധിച്ചുവരികയാണ്. വിജയകുമാര്‍ കൊടുത്ത കേസില്‍ അഞ്ചരമാസത്തോളം അമിത് ഒറാങ് റിമാന്‍ഡിലായിരുന്നു. അന്ന് കോട്ടയത്തെ രണ്ട് സ്ത്രീകളായിരുന്നു ജാമ്യത്തിലെടുത്തത്. അറസ്റ്റിന് പിന്നാലെ ഭാര്യ എന്ന പറയുന്ന യുവതി ഇയാളെ ഉപേക്ഷിച്ചു പോയിരുന്നു. വിജയകുമാറിന്റെ ഫോണ്‍ എന്ത് ചെയ്തു എന്നടക്കം പരിശോധിക്കുന്നുണ്ടെന്നും എസ്പി പറഞ്ഞു. ഇരട്ടക്കൊലക്കും വിജയകുമാറിന്റെ മകന്റെ മരണത്തിനും തമ്മില്‍ ബന്ധമില്ലെന്നും കൊലപാതകത്തിന് മറ്റാരുടേയും സഹായം ലഭിച്ചിട്ടില്ലെന്നും എസ് മാധ്യമങ്ങളോട് പറഞ്ഞു. പ്രതിയുടെ സഹോദരന് കൃത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്നു. 19-ാം തീയതി മുതല്‍ കോട്ടയത്തുവന്ന് താമസിച്ചതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ലോഡ്ജില്‍വന്ന് റൂമെടുത്തതിനും കൃത്യം നടത്തുന്നതിന് മുമ്പ് ലോഡ്ജില്‍ നിന്ന് പുറത്തേക്ക് പോകുന്നതും കൃത്യം നടത്തി തിരിച്ചുവന്ന് വെളുപ്പിന് അഞ്ച് മണിക്ക് തിരിച്ചു പോകുന്നതുമായ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
തന്റെ ജീവിതം വിജയകുമാറും മീരയും ചേര്‍ന്ന് തകര്‍ത്തുവെന്നും അതിനുള്ള പ്രതികാരമാണ് ചെയ്തതെന്നുമാണ് പ്രതി പൊലീസിന് മൊഴി നല്‍കിയത്. തനിക്കെതിരായ ഫോണ്‍ മോഷണക്കേസ് പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ വിജയകുമാര്‍ ചെവിക്കൊണ്ടില്ല. മോഷണക്കേസില്‍ പ്രതിയായതോടെ കാമുകി ഉപേക്ഷിച്ചു. ഇതും ദമ്പതികളെ ഇല്ലാതാക്കാന്‍ പ്രേരിപ്പിച്ചുവെന്നും അമിത് പറയുന്നു. കേസില്‍ അമിത് മാത്രമാണ് പ്രതിയെന്ന് ഉറപ്പിക്കുകയാണ് പൊലീസ്. മറ്റ് ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യത്തില്‍ തെളിവുകളൊന്നും കിട്ടിയിട്ടില്ല. വിദേശത്തുള്ള മകള്‍ നാട്ടിലെത്തിയ ശേഷമാകും വിജയകുമാറിന്റെയും മീരയുടെയും സംസ്‌കാരം നടത്തുക. മൂന്ന് വര്‍ഷത്തോളമാണ് വിജയകുമാറിന്റെ വീട്ടിലും ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തിലും അമിത് ജോലി ചെയ്തത്. ഇക്കാലത്താണ് വിജയകുമാറിന്റെയും ഭാര്യയുടെയും ഫോണുകള്‍ മോഷ്ടിച്ചതും അതുവഴി പണം തട്ടിയെടുത്തത്.
പൊലീസില്‍ വിജയകുമാര്‍ പരാതി നല്‍കിയതോടെ അമിത് ജയിലിലായി. ദമ്പതികളെ വെട്ടിക്കൊല്ലാന്‍ ഉപയോഗിച്ച കോടാലിയിലെ വിരല്‍ അടയാളങ്ങളും ഫോണ്‍ മോഷണക്കേസിലെ വിരല്‍ അടയാളങ്ങളും ഒന്നാണെന്ന് കണ്ടെത്തിയതോടെയാണ് പ്രതി അമിത് ആണെന്ന് പൊലീസ് ഉറപ്പിച്ചത്. പിന്നീട് തെളിവെടുപ്പും നടത്തി. അരുംകൊല നടത്തിയതിന്റെയും തെളിവു നശിപ്പിച്ചതിന്റെയും രക്ഷപ്പെട്ടതിന്റെയും രീതികള്‍ വള്ളിപുള്ളി വിടാതെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ വിവരിച്ചു. വൈകിട്ട് നാലരയോടെയായിരുന്നു വൈദ്യപരിശോധനയ്ക്ക് ശേഷം അമിതിനെ തെളിവെടുപ്പിനായി എത്തിച്ചത്. വീടിന് സമീപത്തെ തോടരിക് ചൂണ്ടി ഹാര്‍ഡ് ഡിസ്‌ക് വലിച്ചെറിഞ്ഞ സ്ഥലം കാട്ടിക്കൊടുത്തു. രണ്ട് പേര്‍ ഇറങ്ങി ചെളിയില്‍ പൂണ്ട ഹാര്‍ഡ് ഡിസ്‌ക് മുങ്ങിയെടുത്തു. പിന്നീടായിരുന്നു ശ്രീവത്സം വീട്ടിലെതെളിവെടുപ്പ്. നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് വന്‍ പേപാലീസ് കാവലില്‍ റോഡിനോട് ചേര്‍ന്ന മതില്‍ നിഷ്പ്രയാസം അമിത് ചാടിക്കടന്നു.
ഔട്ട് ഹൗസില്‍ പോയതും ആയുധമെടുത്തതും ജനല്‍പ്പാളി തുറന്നതും മുറിക്കുള്ളില്‍ കടന്നതും വിശദീകരിച്ചു. ഇരുവരേയും കോടാലിക്ക് വെട്ടിയതും തലയിണ അമര്‍ത്തി പുറത്ത് കടന്നതും വിശദീകരിക്കുമ്പോഴും കൂസലേതുമില്ലായിരുന്നു. ഒരു മണിക്കൂറോളം നീണ്ട തെളിവെടുപ്പില്‍ മിതിനെ വേലക്കാരിയും മറ്റ് ജീവനക്കാരും തിരിച്ചറിഞ്ഞു. കൊലപാതക സമയത്ത് കൈയിലുണ്ടായിരുന്ന രണ്ട് ഫോണ്‍ ഉപേക്ഷിച്ചെന്ന് അമിത് പറഞ്ഞ കോട്ടയം-കുമരകം റോഡിലെ അറുത്തൂട്ടി തോട്ടില്‍ വ്യാപക പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.