കാസർകോട് : സിപിഎം-കോൺഗ്രസ് പോരിനിടെ കള്ളക്കേസെടുക്കാൻ നിർബന്ധിതനായതോടെ എലിവിഷം കഴിച്ച എസ്‌ഐ മരിച്ചു. ബേഡകം പൊലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്‌ഐ കോളിച്ചാൽപാടിയിലെ വിജയനാണ്(49) മരിച്ചത്. മാനടുക്കം പാടിയിൽ സ്വദേശിയാണ്‌. ശനിയാഴ്ച വൈകിട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം. ആത്മഹത്യയെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മംഗലാപുരം ആശുപത്രിയിലായിരുന്ന വിജയനെ സ്ഥിതി ഗുരുതരമായതിനാൽ കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കുട്ടിനായ്ക്കിന്റെയും അക്കാച്ചുഭായിയുടെയും മകനാണ് വിജയൻ. ഭാര്യ: ശ്രീജ. മക്കൾ: ആവണി, അഭിജിത്ത് (ഇരുവരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ: പരേതനായ ജനാർദ്ദനൻ, ബാലാമണി, നാരായണി.

സംഭവം ഇങ്ങനെ

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.എം ഉനൈസിനെതിരെ സി പി.എം നേതാക്കളുടെയും മേലുദ്യോഗസ്ഥരുടെയും സമ്മർദ്ദം മൂലം കള്ള കേസെടുത്ത് അന്വേഷിക്കാൻ നിയോഗിച്ചതിൽ മനം നൊന്താണ് എസ് ഐ വിഷം കഴിച്ചതെന്നാണ് ആരോപണം. ഏപ്രിൽ 30 നാണ് ബേഡകം അഡീഷണൽ എസ്‌ഐ വിജയനെ വിഷം കഴിച്ച നിലയിൽ ക്വാർട്ടേഴ്‌സിൽ കണ്ടെത്തിയത്.

എസ്‌ഐ വിജയൻ ആത്മഹത്യക്ക് ശ്രമിച്ചതിന് പിന്നാലെ രാഷ്ട്രീയ ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. വോട്ടെടുപ്പ് ദിവസത്തെ തർക്കവുമായി ബന്ധപ്പെട്ട് എസ്‌ഐ അന്വേഷിക്കുന്ന കേസിൽ സിപിഎം സമ്മർദ്ദമാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്നായിരുന്നു ആരോപണം.

കടുത്ത മാനസിക സംഘർഷത്തെ തുടർന്നാണ് എസ്‌ഐ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് കോൺഗ്രസ് ആരോപണം. തിരഞ്ഞെടുപ്പ് ദിവസം നടന്ന വാക്ക് തർക്കത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിഎം ഉനൈസിനെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. കേസ് അന്വേഷിക്കാൻ എസ്‌ഐ വിജയനെയാണ് ചുമതലപ്പെടുത്തിയത്. സിപിഎം പാർട്ടി തലത്തിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥ തലത്തിലും കേസിൽ ഇടപെടലുണ്ടായതോടെ വിജയൻ സമ്മർദ്ദത്തിലാവുകയായിരുന്നുവെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

കള്ളക്കേസ് എടുക്കാൻ സിപിഎം നേതാക്കൾ സമ്മർദം ചെലുത്തിയെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്് വന്നതായും വാർത്തകൾ വന്നിരുന്നു. യൂത്ത് കോൺഗ്രസ്സ് നേതാവ് ഉനൈസിന് എതിരെ കള്ള കേസ് എടുക്കില്ല എന്ന നിലപാടിലായിരിന്നു പൊലീസ്. ജാമ്യം പോലും ലഭിക്കാത്ത മാനഭംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുക്കണമന്നുള്ള സി പി എം സമ്മർദ്ദം അതീജീവിക്കാൻ പറ്റാത്തതുകൊണ്ടാണ് ഗ്രേഡ് എസ്‌ഐ വിഷം കഴിച്ചത് എന്നാണ് ആരോപണം.

കള്ള വോട്ട് തടഞ്ഞതിന്റെ പേരിൽ ബേഡകം ചെമ്പക്കാട് ബൂത്തിൽ രതീഷ് ബാബു എന്ന കോൺഗ്രസ്സ് ബൂത്ത് എജന്റിനെ തടഞ്ഞു വെച്ചിരുന്നു. ബൂത്തിന് പുറത്ത് ഇറങ്ങുമ്പോൾ ആക്രമിക്കാനും സി പി എം പ്രവർത്തകർ ശ്രമിച്ചു. തൊട്ടടുത്ത ബൂത്തിൽ നൂറ്റിയമ്പതോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ, പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ആറു പേരെ തടഞ്ഞുവെച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് സിപിഎമ്മും ആരോപിച്ചു.

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഉനൈസിനെ കൊല്ലുമെന്ന് ഡിവൈഎഫ്‌ഐ മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങളും കോൺഗ്രസ് പുറത്ത് വിട്ടിരുന്നു. യുഡിഎഫ് ബേഡകത്ത് വിശദീകരണ യോഗവും വിളിച്ചിരുന്നു.