കോഴിക്കോട്: എലത്തൂര്‍ വിജില്‍ തിരോധാനക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. സരോവരത്തെ ചതുപ്പില്‍ നിന്നും കണ്ടെത്തിയ ശരീര ഭാഗങ്ങള്‍ വിജിലിന്റേതാണെന്ന് സ്ഥിരീകരിച്ചു. ഡിഎന്‍എ പരിശോധനയിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സരോവരത്തെ ചതുപ്പില്‍ നിന്നാണ് വിജിലിന്റെ അസ്ഥിയുടെ ഭാഗങ്ങള്‍ കണ്ടെടുത്തത്.

2019 മാര്‍ച്ചിലായിരുന്നു വിജിലിനെ കാണാതാകുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു വിജില്‍ അവസാനമായി ഉണ്ടായിരുന്നതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോഴാണ് ലഹരി ഉപയോഗിക്കുന്നതിനിടെ വിജില്‍ മരിച്ചതായി സുഹൃത്തുക്കള്‍ മൊഴി നല്‍കിയത്.

അമിത ലഹരി ഉപയോഗത്തെ തുടര്‍ന്നു മരിച്ച വിജിലിന്റെ മൃതദേഹം ചതുപ്പില്‍ താഴ്ത്തിയെന്നാണ് സുഹൃത്തുക്കളായ നിഖിലും ദീപേഷും മൊഴി നല്‍കിയത്. തുടര്‍ന്ന് സരോവരത്തെ ചതുപ്പില്‍ ദിവസങ്ങളോളം നടത്തിയ പരിശോധനയിലാണ് ശരീരഭാഗങ്ങള്‍ ലഭിച്ചത്. ഇവ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുകയായിരുന്നു. കേസില്‍ സുഹൃത്തുക്കളായ നിഖില്‍, ദീപേഷ്, രഞ്ജിത്ത് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

വിജിലിന്റെതെന്നു കരുതുന്ന അസ്ഥികളുടെ 53 ഭാഗങ്ങളാണ് തിരച്ചിലിന്റെ ഏഴാം ദിനത്തില്‍ കണ്ടെത്തിയത്. പല്ലുകളുടെയും താടിയെല്ലിന്റെയും വാരിയെല്ലിന്റെയും അസ്ഥിഭാഗങ്ങളാണ് ആദ്യം കണ്ടെത്തിയത്.