- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കടമ്പനാട്ടെ മനോജിന്റെ മരണത്തിൽ സിപിഎം പ്രതിക്കൂട്ടിൽ
പത്തനംതിട്ട: കടമ്പനാട് വില്ലേജ് ഓഫീസർ ആയിരുന്ന പള്ളിക്കൽ ഇളംപള്ളിൽ പയ്യനല്ലൂർ കൊച്ചുതുണ്ടിൽ മനോജ് (45) ജീവനൊടുക്കിയ സംഭവത്തിൽ സിപിഎമ്മിന് കുറുക്ക് മുറുകുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഎമ്മിന്റെ ഏരിയാ നേതാവിനെ പ്രതിക്കൂട്ടിലാക്കിയാണ് ആക്ഷേപം മുറുകുന്നത്. അടൂർ താലൂക്കിലെ 12 വില്ലേജ് ഓഫീസർമാർ ചേർന്ന് കലക്ടർക്ക് പരാതി നൽകുകയും അദ്ദേഹം അതിന്മേൽ രണ്ടു തലത്തിലുള്ള അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തതോ2െ സിപിഎം അക്ഷരാർഥത്തിൽ പ്രതിക്കൂട്ടിലായി. മനോജിനെ ഭീഷണിപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ആദ്യം സിപിഐ നേതാവിന്റെയും പിന്നാലെ കെഎസ്‌കെടിയു നേതാവിന്റെയും തലയിൽ വയ്ക്കാൻ സിപിഎമ്മിന്റെ ഒരു നേതാവ് ശ്രമിച്ചുവെന്ന ആക്ഷേപം ശക്തമായി.
ഇതിനിടെ പൊലീസ് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കവും നടന്നതായി ആരോപണം ഉയർന്നു. രണ്ടു കുറിപ്പുകളാണ് മനോജിന്റെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയത് എന്നാണ് പറയുന്നത്. എന്നാൽ, അതിൽ നിർദോഷമായ കുറിപ്പിന്റെ കാര്യം മാത്രമാണ് പൊലീസ് പുറത്തു പറയുന്നത്. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും ആർക്കും ഒരു പൈസയും കൊടുക്കാനില്ലെന്നും കൊടുക്കാനുള്ളത് ഗൂഗിൾ പേ ചെയ്തു കൊടുത്തുവെന്നുമാണ് ഈ കുറിപ്പിലുള്ളത്. പൊലീസ് വെളിച്ചത്തു കാണിക്കാത്ത മറ്റൊരു കുറിപ്പിൽ ആത്മഹത്യയിലേക്ക് നയിച്ചവരുടെ പേര് വിവരങ്ങൾ ഉണ്ടെന്നും ആ കത്ത് പുറത്തു വന്നാൽ സിപിഎമ്മിന്റെ പ്രമുഖ നേതാവ് പ്രതിക്കൂട്ടിലാകുമെന്നുമാണ് പറയപ്പെടുന്നത്്.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വില്ലേജ് ഓഫീസർ ജീവനൊടുക്കിയ സംഭവത്തിൽ സിപിഎമ്മിന്റെ പങ്ക് പുറത്തു വന്നാൽ അത് കേരളമെമ്പാടും പാർട്ടിക്ക് ക്ഷീണമാകും. പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളാണ് മനോജ്. സിപിഎമ്മിന്റെ ദളിത് സ്നേഹം പൊള്ളയാണെന്ന് തെളിയിക്കുന്നതാകും നേതാവിന്റെ പീഡനം മൂലമുള്ള മനോജിന്റെ ആത്മഹത്യ എന്നും പ്രചാരണം ഉണ്ടാകും. അതിനിടെ സ്ഥലം എംഎൽഎ കൂടിയായ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും മനോജിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് രംഗത്തു വന്നിട്ടുണ്ട്.
അടൂർ ഏരിയായിൽ ഒരു സിപിഎം നേതാവിന്റെ ഗുണ്ടായിസമാണ് നടക്കുന്നതെന്ന് ബിജെപി അടക്കം ആരോപിക്കുന്നു. ഇയാൾ ഓരോ ഉദ്യോഗസ്ഥരെയും വിളിച്ച് ഭീഷണിപ്പെടുത്തുന്നുണ്ട്. മജിസ്ട്രേറ്റിനെ വരെ ചേംബറിൽ കയറി വിരട്ടാൻ ശ്രമിച്ച സംഭവം ഈ അടുത്തിടെ ഉണ്ടായിരുന്നു. പൊലീസിലെയും മറ്റു വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് ആജ്ഞാപിക്കുകയാണ് നേതാവ് ചെയ്യുന്നതത്രേ. ഇയാളുടെ പീഡനം കാരണമാണ് കടമ്പനാട് വില്ലേജിൽ ഓഫീസർമാർ എത്താൻ മടിച്ചിരുന്നത്. ഇയാളെ ഭയന്ന് സ്ഥലം മാറ്റം വാങ്ങിപ്പോയവരാണ് മിക്ക വില്ലേജ് ഓഫീസർമാരും. സിപിഎമ്മിന്റെ ജില്ലാ നേതൃത്വം നിയന്ത്രിക്കുന്നത് അടൂരിൽ നിന്നുള്ളവരാണ്. അതു കൊണ്ടു തന്നെ ഏറ്റവുമധികം ഗുണ്ടായിസം സാധാരണക്കാരോടും സർക്കാർ ജീവനക്കാരോടും അരങ്ങേറുന്നതും ഇവിടെ തന്നെയാണ് എന്നാണ് പരാതി.