തിരുവനന്തപുരം: സമൂഹ മാധ്യമ റീൽസ് വൈറലാക്കാൻ പെൺകുട്ടികൾക്ക് ടിപ്‌സ് പറഞ്ഞു കൊടുത്ത് പീഡനവും പണം തട്ടിപ്പും നടത്തിയ കേസിൽ റിമാന്റിൽ കഴിയുന്ന പ്രമുഖ ടിക് ടോക് , മീശ ഫാൻ ഗേൾസ് - വിനീത് ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം താരം വിനീത് വിജയന് കർശന ഉപാധികളോ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് ഓഗസ്റ്റ് 6 മുതൽ 68 ദിവസങ്ങളായി ജയിലിൽ കഴിയുന്ന പ്രതിക്ക് ജാമ്യം അനുവദിച്ചത്. അറസ്റ്റ് , കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ , തെളിവു ശേഖരണം എന്നിവ അടങ്ങുന്ന അന്വേഷണങ്ങൾ ഏറെ ക്കുറെ പൂർത്തിയായെന്നു വിലയിരുത്തിയാണ് ജഡ്ജി പ്രസുൻ മോഹൻ കർശന ഉപാധികളോടെ പ്രതിക്ക് ജാമ്യം നൽകിയത്.

പ്രതിയുടെ സ്വന്തവും രണ്ടാൾ ജാമ്യക്കാരും ചേർന്നുള്ള ജാമ്യ ബോണ്ട് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കണം. പരാതിക്കാരിയുടെ പൊലീസ് സ്റ്റേഷനതിർത്തിക്കകം പോകരുത്. പരാതിക്കാരിയടക്കമുള്ള സാക്ഷികളെ നേരിട്ടോ ഫോണിലൂടെയോ മറ്റു മാർഗ്ഗങ്ങളിലൂടെയോ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്താനോ പാടില്ല. തെളിവു നശിപ്പിക്കരുത്. എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം. പാസ്‌പോർട്ട് കോടതിയിൽ കെട്ടി വക്കണം. കൈവശം ഇല്ലായെങ്കിൽ വിവരത്തിന് സത്യവാങ്മൂലം സമർപ്പിക്കണം. അന്വേഷണവുമായി സഹകരിക്കണം എന്നീ കർശന വ്യവസ്ഥയിലാണ് ജാമ്യം.

കോളേജ് വിദ്യാർത്ഥിനിയിൽ നിന്ന് പണം തട്ടിയെടുക്കുകയും കാർ വാങ്ങാൻ വിദ്യാർത്ഥിനിയെ ഒപ്പം കൂട്ടി ഷോറൂമിൽ കൊണ്ടു പോയ ശേഷം ഹോട്ടൽ മുറിയിൽ വച്ച് പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. പെൺകുട്ടിയുടെ പരാതിയിലെടുത്ത തമ്പാനൂർ പീഡന കേസിൽ ചിറയിൻകീഴ് സ്വദേശിയായ വിനീത് അറസ്റ്റ് ചെയ്യപ്പെട്ട് ഓഗസ്റ്റ് 6 മുതൽ 68 ദിവസങ്ങളായി റിമാന്റിലായിരുന്നു. പ്രതിക്ക് ''വിനീത് - ഒഫീഷ്യൽ ' , ' മീശ ഫാൻ ഗേൾസ് ' എന്നീ ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമിൽ 23.3 കെ (23,300 ഫോളോവേഴ്‌സും) 3 വനിതാ കൂട്ടാളികളെ ഒപ്പം ചേർത്തുള്ള 197 ക്ലോസ് അപ്പ് വീഡിയോ പോസ്റ്റുകൾ ചെയ്തിട്ടുമുണ്ട്.

4 ലക്ഷത്തോളം ആരാധകരും ഉണ്ട്. കറുത്ത നിറമുള്ള പ്രതി പ്രത്യേക മൊബൈൽ ആപ്പ് വഴി ഫിൽട്ടർ ചെയ്ത മീശ മുഖം കാട്ടി സിനിമാ താരം ഉണ്ണി മുകുന്ദനെ വെല്ലുന്ന സ്‌റ്റൈലിൽ രാത്രി ലൈവ് ക്ലോസ് അപ്പ് വീഡിയോകൾ ചെയ്ത് സ്ത്രീകളെയും കോളേജ് കുമാരികളെയും സൗഹൃദം സ്ഥാപിച്ച് വലയിലാക്കുകയും സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും റെക്കോഡ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടലുമാണ് ഇയാളുടെ കുറ്റകൃത്യ രീതിയെന്നാണ് കേസ്. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ മജിസ്‌ട്രേട്ട് അഭിനിമോൾ രാജേന്ദ്രൻ ജാമ്യം നിരസിച്ച ഉത്തരവുമായിട്ടാണ് വിനീത് ജില്ലാ കോടതിയെ സമീപിച്ചിരിക്കുന്നത്. പീഡനക്കേസ് സെഷൻസ് കോടതി വിചാരണ ചെയ്യേണ്ട കുറ്റകൃത്യമാണ്.

പ്രതി കൃത്യം ചെയ്തതായി അനുമാനിക്കാവുന്ന പ്രഥമദൃഷ്ട്യാ വസ്തുതകൾ കേസ് റെക്കോർഡിലുണ്ടെന്നും നിരീക്ഷിച്ചാണ് മജിസ്‌ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചത്. താൻ നിരപരാധിയും കേസിനാസ്പദമായ യാതൊരു കുറ്റകൃത്യങ്ങളും ചെയ്തിട്ടില്ല. തന്നെ പൊലീസ് കസ്റ്റഡിൽ വിട്ടു നൽകി ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായി. അന്വേഷണം പ്രായോഗികമായി പൂർത്തിയായിട്ടുള്ളതും തന്റെ തുടർ ജയിൽ കസ്റ്റഡി യാതൊരന്വേഷണത്തിനും ആവശ്യമില്ല. കോടതി കൽപ്പിക്കുന്ന ഏത് വ്യവസ്ഥയും പാലിക്കാൻ തയ്യാറാണ്. തന്റെ സാന്നിദ്ധ്യം കൃത്യമായി ഉറപ്പാക്കാൻ യോഗ്യരായ ജാമ്യക്കാർ ഹാജരുണ്ട്. 60 ദിവസങ്ങൾക്ക് മേലായി താൻ കസ്റ്റഡിയിൽ കഴിയുകയാണ്. അതിനാൽ ജാമ്യത്തിൽ വിട്ടയക്കണമെന്നായിരുന്നു പ്രതിയുടെ ജാമ്യ ഹർജിയിലെ ആവശ്യം.

ഇൻസ്റ്റാഗ്രാമിൽ വിനീത് കെലിപ്പനെന്നും പെൺകുട്ടികൾ കാന്താരിമാരുമെന്നാണ് അറിയപ്പെടുന്നത്. ഇയാളുടെ അറസ്റ്റിന് ശേഷം ഇയാളെ വെള്ളപൂശിയും ഇരകളെ കുറ്റപ്പെടുത്തിയും ഇയാളുടെ വനിതാ കൂട്ടാളി യൂട്യൂബിലും മറ്റും വീഡിയോ ചെയ്ത് രംഗത്തു വന്നിട്ടുണ്ട്. കോളേജ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിലാണ് സോഷ്യൽ മീഡിയ ടിക് ടോക് , ഇൻസ്റ്റാഗ്രാം താരം വിനീത് വിജയൻ അഗസ്റ്റ് 6 ന് അറസ്റ്റിലാവുന്നത്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുന്ന സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച് ഇവർക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്താറുണ്ടെന്നും ആരോപണമുണ്ട്.

ടിക് ടോക്ക് ,ഇൻസ്റ്റാഗ്രാം അടക്കമുള്ള വീഡിയോ പ്ലാറ്റ്ഫോമുകളിൽ വീനീത് ഏറെ പ്രശസ്തനാണ്. വലിയൊരു ഫാൻസ് വലയം തന്നെ ഇയാളുണ്ടാക്കിയിട്ടുണ്ട്. വീട്ടമ്മമാർക്കും പെൺകുട്ടികൾക്കും സോഷ്യൽ മീഡിയയിൽ വൈറലാകാനുള്ള ടിപ്സ് പറഞ്ഞുനൽകിയാണ് ഇയാൾ സൗഹൃദം സ്ഥാപിക്കുന്നത്. തട്ടിപ്പ് മനസിലാക്കി പിന്മാറുന്ന കോളേജ് വിദ്യാർത്ഥിനികളെയും യുവതികളെയും മർദ്ദിച്ചതായും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പൊലീസിൽ നേരിട്ടും ഫോണിലൂടെയും പരാതി ലഭിച്ചിട്ടുണ്ട്.

പൊലീസിൽ ജോലി ഉണ്ടായിരുന്ന താൻ ചില ശാരീരിക പ്രശ്നങ്ങൾ കാരണം ജോലി രാജി വെച്ചു എന്നും ഇപ്പൊൾ ഒരു പ്രമുഖ ചാനലിൽ ജോലി ചെയ്യുന്നു എന്നുമാണ് ഇയാൾ സൗഹൃദം സ്ഥാപിക്കുന്ന യുവതികളോട് പറയുന്നത്. എന്നാൽ സമൂഹ മാധ്യമങ്ങളിൽ റീൽസ് ഇടുന്നത് അല്ലാതെ ഇയാൾക്ക് മറ്റ് ജോലികൾ ഒന്നും തന്നെയില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

അതേസമയം, ഇയാൾക്കെതിരെ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ ബൈക്ക് മോഷണവും കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ അടിപിടി കേസും ഉള്ളതായാണ് പൊലീസ് ഭാഷ്യം. ഒട്ടേറെ സ്ത്രീകളുമായി, പ്രത്യേകിച്ചും വിവാഹിതരായ സ്ത്രീകളുമായി ഇയാൾക്ക് വലിയ തോതിൽ ബന്ധമുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ദുരുപയോഗം ചെയ്യാനുള്ള വീഡിയോ ദൃശ്യങ്ങളും ഫോണിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ ഒരു സ്വകാര്യ ചാനലിൽ ജോലി ചെയ്യുന്ന ആളാണ് താൻ എന്നായിരുന്നു ഇയാൾ പലരോടും പറഞ്ഞിരുന്നത്.