ചെന്നൈ: തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ ഞെട്ടിക്കുന്ന കൂട്ടക്കൊല. മദ്യത്തിന് അടിമയായിരുന്ന പിതാവ് മൂന്ന് മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പൊലീസില്‍ കീഴടങ്ങി. 12 വയസ്സുള്ള ഓവ്യ, എട്ടു വയസ്സുകാരി കീര്‍ത്തി, അഞ്ചു വയസ്സുള്ള മകന്‍ ഈശ്വരന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. മധുക്കൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

ഇന്നലെ രാത്രി 7 മണിയോടെയാണ് നാടിനെ നടുക്കിയ കൊലകള്‍ നടന്നത്. സംഭവത്തില്‍ തൃത്താലൂര്‍ സ്വദേശി എസ്. വിനോദ് കുമാര്‍ (35) ആണ് പ്രതി. വിനോദ് കുമാര്‍ സ്ഥിരമായി മദ്യപിക്കുകയും വീട്ടില്‍ വന്ന് കുട്ടികളുമായി വഴക്കുണ്ടാക്കുകയും മര്‍ദിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ആറു മാസം മുന്‍പ് ഇയാളുടെ ഭാര്യ, സമൂഹമാധ്യമം വഴി പരിചയപ്പെട്ട മറ്റൊരാളോടൊപ്പം ഒളിച്ചോടി പോയി. ഇതിന് ശേഷമാണ് വിനോദ് കുമാര്‍ കടുത്ത മദ്യപാനത്തിന് അടിമപ്പെട്ടത്. പിന്നീട് കുട്ടികളെ ഉപദ്രവിക്കുന്നത് പതിവായി.

ഇന്നലെ വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ വിനോദ് കുമാര്‍ അമിതമായി മദ്യലഹരിയിലായിരുന്നു. കുട്ടികളുമായി വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് വഴക്ക് മൂര്‍ച്ഛിക്കുകയും, തുടര്‍ന്ന് കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് മൂന്ന് കുട്ടികളുടെയും കഴുത്തറുത്ത് കൊന്നു. കൊലപാതകം നടത്തിയ ഉടന്‍ തന്നെ പ്രതിയായ വിനോദ് കുമാര്‍ മധുക്കൂര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. വിവരമറിഞ്ഞ് പൊലീസുകാര്‍ സംഭവസ്ഥലത്തേക്ക് എത്തി. അപ്പോഴേക്കും മൂന്ന് കുട്ടികളും മരിച്ചിരുന്നു.

പൊലീസ് വിനോദ് കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. കേസില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും, കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ നടക്കുന്നുണ്ടെന്നും തഞ്ചാവൂര്‍ ജില്ലാ പൊലീസ് മേധാവി അറിയിച്ചു.