- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടൻ വിനോദ് തോമസിന്റെ മരണത്തിൽ ദുരൂഹതകളില്ല; മരണകാരണം കാർബൺ മോണോക്സൈഡ് ശ്വസിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ; സ്റ്റാർട്ട് ചെയ്ത കാറിൽ എസി ഓണാക്കിയിട്ട ശേഷം ഗ്ലാസ് പൂട്ടി ഇരുന്നു; മയക്കത്തിനിടെ വിഷവാതകം ശ്വസിച്ച് മരണമെന്ന് നിഗമനം
കോട്ടയം: നടൻ വിനോദ് തോമസിന്റെ മരണകാരണം പുറത്ത്. കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് വിനോദിന്റെ മരണം വിഷവാതകം ശ്വസിച്ചാണെന്ന് വ്യക്തമായത്.
സ്റ്റാർട്ട് ചെയ്ത കാറിൽ എസി ഓണാക്കിയിട്ട ശേഷം ഗ്ലാസ് പൂട്ടി വിനോദ് ഇരിക്കുകയായിരുന്നു. പിന്നീട് മയക്കത്തിനിടെ വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലായി മരണം സംഭവിച്ചു എന്നാണ് അനുമാനം. പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ഇക്കാര്യം അടിവരയിടുന്നു. മരണത്തെ തുടർന്ന് പൊലീസ് വിനോദിന്റെ കാറിൽ നടത്തിയ പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. അതേസമയം, വിനോദിന്റെ സംസ്കാരം ചൊവ്വാഴ്ച മുട്ടമ്പലം പൊതുശ്മശാനത്തിൽ നടക്കും.
ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് കോട്ടയം പാമ്പാടിയിലെ ബാറിന്റെ പാർക്കിങ് ഏരിയയിൽ കാറിനുള്ളിൽ വിനോദ് തോമസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ സ്റ്റാർട്ടാക്കിയ കാറിനുള്ളിൽ കയറിയ വിനോദ് മണിക്കൂറുകൾ കഴിഞ്ഞിട്ടും പുറത്തിറങ്ങാതെ വന്നതോടെയാണ് ബാർ ജീവനക്കാർ അന്വേഷിച്ചതും തുടർന്ന് ഉള്ളിൽ വിനോദ് തോമസിനെ മരിച്ച നിലയിൽ കണ്ടെത്തിയതും.
അയ്യപ്പനും കോശിയും ഉൾപ്പെടെ ഉള്ള ചിത്രങ്ങളിൽ ചെറുതെങ്കിലും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ ശ്രദ്ധേയനായ വിനോദ് 47 ാമത്തെ വയസിലാണ് അപ്രതീക്ഷിതമായി മരിച്ചത്. കോട്ടയം മീനടം സ്വദേശിയാണ്.
കാറിലെ വിഷ വാതകം മരിച്ച് മരണമുണ്ടാകുന്നത് ഇതിന് മുമ്പും സംഭവിച്ചിട്ടുണ്ട്. വഞ്ചിയൂരിൽ കാറിലെ എസിയിൽ നിന്നും വിഷവാതകം ശ്വസിച്ച് വർഷങ്ങൾക്ക് മുമ്പ് യുവാക്കൾ മരിച്ചിരുന്നു. വീട്ടിലെ കാർ പാർക്കിംഗിലായിരുന്നു ഇവർ മരിച്ചു കിടന്നത്. ഇതിന് സമാനമായി കഴിഞ്ഞ വർഷം ജൂലൈയിൽ, കോട്ടയം മെഡിക്കൽ കോളേജ് ഫൊറൻസിക് വിഭാഗത്തിനു മുമ്പിൽ കാറിലെ എ.സി. പ്രവർത്തിപ്പിച്ച് കിടന്നുറങ്ങിയ ഇടുക്കി സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ഈ സംഭവത്തിൽ വില്ലനായത് കാറിലെ എ സിയിൽ നിന്നും വന്ന വിഷവാതകമാണെന്ന് സംശയിച്ചിരുന്നു.
കാറിൽ എ.സിയിട്ട് കിടന്നുറങ്ങുമ്പോൾ സംഭവിക്കുന്നത് എന്ത്?
* കാറുകൾ പ്രവർത്തിപ്പിക്കുമ്പോൾ കാർബൺ മോണോക്സൈഡ് എന്ന വിഷവാതകം ഉണ്ടാകും. ഇത് എക്സ്ഹോസ്റ്റ് പൈപ്പിൽ ഘടിപ്പിച്ച 'കാറ്റലിറ്റിക്ക് കൺവെർട്ടർ' എന്ന സംവിധാനംവെച്ച് കാർബർ ഡൈ ഓക്സൈഡ് ആക്കിമാറ്റിയാണ് പുറത്തേക്ക് വിടുന്നത്.
* തുരുമ്പിച്ചോ മറ്റുകാരണങ്ങൾകൊണ്ട് ദ്രവിച്ചോ പുക പുറത്തേക്കുവിടുന്ന പൈപ്പിൽ ദ്വാരങ്ങൾ വീണാൽ 'കാറ്റലിറ്റിക് കൺവെർട്ടറിൽ' എത്തുന്നതിനുമുമ്പേ കാർബൺ മോണോക്സൈഡ് പുറത്തേക്കുവരാം. ഇതു കാറിലെ ബോഡിയിലുള്ള ദ്വാരങ്ങൾവഴി കാബിനുള്ളിലേക്ക് പ്രവേശിക്കും.
* ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ എ.സി. പ്രവർത്തിക്കുമ്പോൾ ഇത്തരം തകരാർ ഉണ്ടെങ്കിലും ഉള്ളിലുള്ളവരെ കാര്യമായി ബാധിക്കില്ല. കാരണം, വാഹനത്തിലേക്ക് ശക്തമായ വായുപ്രവാഹം ഉള്ളതിനാൽ കാർബൺ മോണോക്സൈഡിന്റെ ശക്തി വളരെ കുറയും.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക:
*വാഹനത്തിൽ കയറിയാൽ ഉടൻ എ.സി. ഓണാക്കരുത്. എ.സി. ഇടുന്നതിനുമുമ്പ് വാഹനത്തിന്റെ നാലു ചില്ലുകളും താഴ്ത്തി ചൂടുവായുവിനെ പുറത്തേക്കുവിടുക. അതിനുശേഷം മാത്രം എ.സി. ഓണാക്കുക.
*വാഹനത്തിനുള്ളിൽ പ്രവേശിച്ചാൽ ഉടൻ റീ സർക്കുലേഷൻ (കാറിലെ വായുമാത്രം സ്വീകരിച്ച് തുടർച്ചയായി തണുപ്പിക്കുന്ന രീതി) മോദിലിടരുത്.
* നിശ്ചിത ഇടവേളകളിൽ റീ സർക്കുലേഷൻ മോഡ് മാറ്റി പുറത്തുനിന്നും വായു എടുക്കുന്ന മോഡ് ഇടുക.
* കാർ എ.സി.യോടെ നിർത്തിയിടുമ്പോൾ പുറത്തുനിന്ന് വായു സ്വീകരിക്കുന്ന മോദിലായിരിക്കണം. സംവിധാനത്തിന് എന്തെങ്കിലും തകരാർ ഉണ്ടെങ്കിലും പുറത്തുനിന്ന് നല്ലവായു വാഹനത്തിലേക്ക് വരുന്നത് ഗുണംചെയ്യും.
*വാഹനം 25,000 മുതൽ 30,000 കിലോമീറ്റർ കൂടുമ്പോൾ എ.സി. സർവീസ് ചെയ്യുക. സർവീസുകളിൽ എ.സി.യുടെ കണ്ടെൻസറും ക്ലീൻ ചെയ്യുക.
മറുനാടന് മലയാളി ബ്യൂറോ