- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വിനു വിക്രമന്റെ ജീവനെടുത്തതും ഗുണ്ടാ പക
കൊച്ചി: നെടുമ്പാശ്ശേരിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. തുരുത്തിശ്ശേരിയിലെ വിനു വിക്രമനാണ് കൊല്ലപ്പെട്ടത്. പുലർച്ചെ രണ്ട് മണിയോടെ കുറുമശ്ശേരിയിലാണ് കൊലപാതകം. ബാറിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയ ശേഷം വെട്ടി ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. കുറുമശ്ശേരിയിലെ സ്വകാര്യ ആശുപത്രിക്ക് സമീപം ബുധനാഴ്ച പുലർച്ചെ 1.45ഓടെയാണ് തലക്കും, ശരീരമാസകലവും വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വിനുവിനെ ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗുണ്ടാ സംഘങ്ങൾ തമ്മിൽ ചേരി തിരിഞ്ഞ് തർക്കങ്ങൾ ഉണ്ടായിരുന്നു. അതിന്റെ തുടർച്ചയായാണ് കൊലപാതകം. സംഭവത്തിൽ ചെങ്ങാമനാട് പൊലീസ് അന്വേഷണം ആരംഭിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിനു വിക്രമൻ. 2019 ൽ അത്താണിയിൽ ഗില്ലപ്പി ബിനോയി എന്ന ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതിയാണ് വിനു വിക്രമൻ.
നിരവധി കേസുകളിൽ പ്രതിയായ നിരന്തര കുറ്റവാളിയാണ് കാപ്പചുമത്തി ജയിലിലടച്ചിട്ടുള്ള നെടുമ്പാശേരി തുരുത്തിശേരി വിഷ്ണുവിഹാറിൽ വിനു വിക്രമൻ. നെടുമ്പാശേരി, ചെങ്ങമനാട്, പറവൂർ, അയ്യമ്പുഴ പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടക്കൽ, ആയുധനിയമം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ്.
2019 നവംബറിൽ അത്താണിയിൽ ഗില്ലപ്പി ബിനോയി എന്നയാളെ കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതിയായ ഇയാൾക്ക് ഈ കേസിന്റെ വിചാരണ തീരുംവരെ എറണാകുളം ജില്ലയിൽ പ്രവേശിക്കാൻ അനുമതിയില്ലായിരുന്നു. എന്നാൽ കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് ചെങ്ങമനാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ അടുവാശേരി മുതലാളിപീടിക ഭാഗത്തെ ഒരു കടയിൽ അതിക്രമിച്ച് കയറി പണം ആവശ്യപ്പെട്ട് ജീവനക്കാരെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിയായി. ഇതേ തുടർന്ന് കാപ്പ ചുമത്തുകയും ചെയ്തിരുന്നു. ആലപ്പുഴയിലും താവളങ്ങളുണ്ടായിരുന്നു.
'അത്താണി ബോയ്‌സ് ' എന്ന പേരിൽ അറിയപ്പെടുന്ന ഗുണ്ടാസംഘത്തിലെ സൂത്രധാരനും, തലവനുമായിരുന്നു വിനു. അഞ്ച് വർഷം മുമ്പ് സംഘത്തിൽ നിന്ന് തെറ്റിപ്പിരിഞ്ഞ ചെറായി സ്വദേശി ബിനോയിയെ അത്താണി ഓട്ടോസ്റ്റാൻഡിന് സമീപം ആളുകൾ നോക്കി നിൽക്കെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായിരുന്നു വിനു വിക്രമൻ. അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.
തെറ്റിപ്പിരിഞ്ഞ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും. വൻ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.പ്രതികളെ കണ്ടെത്താൻ പൊലീസ് ഊർജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.