നെടുമ്പാശേരി: അങ്കമാലിക്കു സമീപം കുറുമശേരിയിൽ ഗുണ്ടാ നേതാവിനെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഗുണ്ടാപക. സംഭവത്തിൽ രണ്ടു പേർ പിടിയിലായി. തിമ്മൻ എന്നു വിളിക്കുന്ന നിധിൻ, ദീപക് എന്നിവരാണ് പിടിയിലായത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് വ്യക്തമാക്കി. നെടുമ്പാശേരി അത്താണി സ്വദേശിയായ വിനു വിക്രമൻ (35) ആണ് കൊല്ലപ്പെട്ടത്. വ്യക്തമായ ഗൂഢാലോചനയിലായിരുന്നു കൊല.

ഇന്നു പുലർച്ചെ കുറുമശേരി പ്രിയ ആശുപത്രിക്കു മുൻപിലാണ് വിനു വിക്രമന്റെ മൃതദേഹം കണ്ടത്. നിരവധി ക്രിമനൽ കേസുകളിൽ പ്രതിയായ വിനു 2019ൽ ഗുണ്ടാ നേതാവ് തുരുത്തിശേരി സ്വദേശി ബിനോയിയെ നടുറോഡിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ്. ഗിലാപ്പി ബിനോയിയുടെ അത്താണി സിറ്റി ബോയ്‌സ് എന്ന ഗുണ്ടാ സംഘത്തിലെ പ്രധാനിയായിരുന്നു വിനു. പിന്നീട് ബിനോയിയുമായി തെറ്റിപ്പിരിഞ്ഞ വിനു 2019 ൽ ബിനോയിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ബാർ ഹോട്ടൽ ഉടമസ്ഥരെ ഭീഷണിപ്പെടുത്തി ഗുണ്ടാപിരിവ് നടത്തിയതിനും പാടം നികത്തിയതിനും മയക്കുമരുന്ന് കൈവശംവെച്ചതിനുമുടക്കം ഒട്ടേറെ കേസുകളിൽ പ്രതിയാണ് വിനു. വിനുവിനെ കൊന്നതിന ്അറസ്റ്റിലായ ഇരുവരും ക്വട്ടേഷൻ ഗുണ്ടകളാണെന്ന് പൊലീസ് അറിയിച്ചു. തിരുത്തിശ്ശേരി വിനു വിക്രമനാണ് ഇന്നലെ പുലർച്ചെ കൊല്ലപ്പെട്ടത്. ബാറിൽ നിന്ന് ഓട്ടോറിക്ഷയിൽ ചിലർ ചേർന്ന് വിനുവിനെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. അതിന് ശേഷമാണ് കൊലപാതകം നടത്തിയത്.

കുറുമശ്ശേരിയിലെ സ്വകാര്യ ആശുപത്രിക്ക് മുന്നിലിട്ടാണ് കൊലപാതകം നടത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി വിനുവിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. ദേഹമാസകലം വെട്ടി പരുക്കേൽപ്പിച്ചിട്ടുണ്ട്. തലയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. വിനു റോഡിൽ രക്തംവാർന്ന് അബോധാവസ്ഥയിൽ കിടക്കുന്നതുകണ്ട ബൈക്ക് യാത്രക്കാരനാണ് വിവരം നാട്ടുകാരെയും പൊലീസിനെയും അറിയിച്ചത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കുന്നുകര പഞ്ചായത്തിലെ ചീരോത്തിത്തോടിൽ തിരുക്കൊച്ചി ബാറിൽ ചൊവ്വാഴ്ച രാത്രി വിനു വിക്രമനും ദീപക്കും മറ്റൊരു സുഹൃത്ത് സതീഷും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും തർക്കമുണ്ടാകുകയും ചെയ്തിരുന്നു. 11 മണിയോടെ സിന്റോയുടെ ഓട്ടോറിക്ഷയിൽ നിധിനാണ് മൂവരെയും കുറുമശേരിയിലെത്തിച്ചത്. ഇവർ ഓട്ടോറിക്ഷയിൽ കയറിപ്പോകുന്ന ദൃശ്യം ബാറിലെ സി.സി ടിവി ക്യാമറയിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. പിന്നീട് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല.

മുഖ്യപ്രതിയെന്ന് സംശയിക്കുന്ന നിധിന്റെ വീടിന് 50 മീറ്റർ മാത്രം അകലെ സംഭവം നടക്കുമ്പോൾ മദ്യലഹരിയിലായിരുന്ന സതീഷ് ഓട്ടോറിക്ഷയിലിരുന്ന് ഉറങ്ങുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. സതീഷും സിന്റോയും പൊലീസ് കസ്റ്റഡിയിലാണ്. ഗില്ലപ്പി ബിനോയ് കൊലക്കേസിൻഖെ കേസിന്റെ വിചാരണ നടക്കുകയാണ്. കുഴൽപ്പണം വീതംവയ്ക്കുന്നത് സംബന്ധിച്ച തർക്കമാണ് അന്ന് കൊലപാതകത്തിലേക്ക് നയിച്ചത്. തുടർന്നാണ് സംഘത്തലവനായി വിനു വിക്രമൻ മാറിയത്. കൊല്ലപ്പെട്ട ബിനോയിയുടെ അനുയായിയായിരുന്നു നിധിൻ. അതുകൊണ്ട് തന്നെ ബിനോയ് കൊലയുടെ പകയും സംശയിക്കുന്നുണ്ട്.

കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം വിനുവിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു: വിക്രമന്റെയും പരേതയായ സാറക്കുട്ടിയുടെയും മകനാണ്. വിഷ്ണു സഹോദരനാണ്.