മലപ്പുറം: വാഹനാപകടത്തില്‍ മരിച്ച പ്രശസ്ത സംഗീതജ്ഞന്‍ ബാല ഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ പെരിന്തല്‍മണ്ണ സ്വര്‍ണ്ണ കവര്‍ച്ച കേസില്‍ അറസ്റ്റിലായത് വയലിനിസ്റ്റിന്റെ മരണത്തിലെ ദുരൂഹതകള്‍ വര്‍ധിപ്പിക്കുന്നതാണ്. പെരിന്തല്‍മണ്ണയിലെ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി മൂന്നര കിലോ സ്വര്‍ണം തട്ടിയ കേസിലാണ് ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ അറസ്റ്റിലായത്. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുകയാണ്.

പെരിന്തല്‍മണ്ണയില്‍ സ്വര്‍ണം തട്ടിയ സംഘത്തെ ചെര്‍പ്പുളശ്ശേരിയിലെത്തി മറ്റൊരു കാറില്‍ കൂട്ടിക്കൊണ്ടുപോയത് അര്‍ജ്ജുനായിരുന്നു എന്നാണ് പോലീസ് നല്‍കുന്ന വിവരം. പ്രതികള്‍ കവര്‍ച്ച ചെയ്ത സ്വര്‍ണ്ണത്തില്‍ 2.2 കിലോ സ്വര്‍ണ്ണവും, സ്വര്‍ണ്ണം വിറ്റുകിട്ടിയ പണവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പെരിന്തല്‍മണ്ണ ഡിവൈഎസ്പി ടി കെ ഷൈജുവിനെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് സ്വര്‍ണ്ണവും പണവും കണ്ടെടുത്തത്. അതേസമയം പുതിയ കേസിന് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധമില്ലെന്നും അതുകൊണ്ട് കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്നും പെരിന്തല്‍മണ്ണ ഡിവൈഎസ്പി ടി കെ ഷൈജു പ്രതികരിച്ചു.

ബാലഭാസ്‌ക്കറിന്റെ മരണം ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച് സാധാരണ അപകടമാണെന്ന് കണ്ടത്തിയതാണ്. അതേസമയം ബാലഭാസ്‌ക്കറിന്റെ മരണത്തിന് സ്വര്‍ണക്കടത്തുമായോ അതിന്റെ ഭാഗമായുള്ള ഗൂഢാലോചനയുമായോ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് വിശദമായി അന്വേഷിക്കാന്‍ സിബിഐ സംഘത്തെ നിയോഗിച്ചിരുന്നു. ബാലുവിന്റെ പിതാവ് ഹൈക്കോടതിയെ സമീപിച്ചു ഉത്തരവ് നേടിയതോടെയാണ് സിബിഐ ഈ വിഷയം അന്വേഷിക്കുന്നത്. ബാലുവിന്റെ ഡ്രൈവര്‍ക്ക് സ്വര്‍ണ്ണക്കവര്‍ച്ചയുമായി ബന്ധമുണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ അര്‍ജ്ജുനെ ചോദ്യം ചെയ്യേണ്ടത് സിബിഐയാണ്. അതിന് സിബിഐ തയ്യാറാകുമോ എന്നാണ് അറിയേണ്ട കാര്യം.

ബാലഭാസ്‌കറിന്റെ അപകടമുണ്ടായ സമയത്ത് കാര്‍ ഓടിച്ചിരുന്നത് ഡ്രൈവറായിരുന്ന പാട്ടുരക്കല്‍ സ്വദേശി കുറിയേടത്ത് മനയില്‍ അര്‍ജുന്‍ ആണെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നു. അര്‍ജുന് തലയ്ക്ക് പരിക്കേറ്റത് മുന്‍ സീറ്റില്‍ ഇരുന്നതിനാലാണെന്നായിരുന്നു ഫോറന്‍സിക് പരിശോധനാ ഫലം. ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ മധ്യഭാഗത്തായിരുന്നു ഇരുന്നതെന്നും വാഹനത്തില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നത് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി മാത്രമായിരുന്നുവെന്നും ഫോറന്‍സിക് അന്വേഷണത്തില്‍ കണ്ടെത്തി.

അപകടമുണ്ടായപ്പോള്‍ കാര്‍ അമിത വേഗതയിലായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇയാള്‍ താന്‍ അല്ല വാഹനം ഓടിച്ചതെന്ന് കോടതിയില്‍ മൊഴി മാറ്റുകയായിരുന്നു. അര്‍ജുനാണ് വാഹനം ഓടിച്ചിരുന്നത് എന്നാണ് അപകടം അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ബാലഭാസ്‌കറിന്റെ ഭാര്യയുടെ മൊഴിയും അര്‍ജുനാണ് വാഹനം ഓടിച്ചിരുന്നത് എന്നാണ്. എന്നാല്‍ പിന്‍സീറ്റിലാണ് താനിരുന്നതെന്നാണ് അര്‍ജുന്റെ വാദം.

അര്‍ജുന്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോട്ടോര്‍ ആക്സിഡന്റ് ക്ലൈംസ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ബാലഭാസ്‌കറിന്റെ കുടുംബത്തെ എതിര്‍ കക്ഷിയാക്കിയാണ് അര്‍ജുന്റെ ഹര്‍ജി നല്‍കിയതും. ബാലഭാസ്‌കറാണ് അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത്. ബാലഭാസ്‌കറിന്റെ അലക്ഷ്യമായ ഡ്രൈവിങാണ് അപകടകാരണമെന്ന് അര്‍ജുന്‍ ട്രിബ്യൂണലിനെ അറിയിച്ചത്. ഇതും ദുരൂഹതകള്‍ ഉയര്‍ത്തുന്നതായിരുന്നു

തുടക്കത്തില്‍ സാധാരണ കാറപകടമെന്നായിരുന്നു കരുതിയത്. ബാലുവിന്റെ സുഹൃത്തുക്കളും മാനേജര്‍മാരും സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായതോടെയാണ് ബന്ധുക്കള്‍ക്ക് സംശയമുണ്ടായതും, അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടതും. ബാലുവിന്റെ ട്രൂപ്പ് അംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സ്വര്‍ണക്കടത്തും ദുരൂഹമായ പണമിടപാടുകളും സംശയകരമായ മൊഴികളുമെല്ലാം പുനരന്വേഷിക്കുകയാണ് സി.ബി.ഐയുടെ രണ്ടാംസംഘം. ബാലുവുമായുള്ള ബന്ധം സുഹൃത്തുക്കള്‍ സ്വര്‍ണക്കടത്തിന് ഉപയോഗിച്ചില്ലെന്നാണ് സി.ബി.ഐയുടെ ആദ്യാന്വേഷണത്തിലെ നിഗമനം. ബാലഭാസ്‌കറിന്റേത് അപകടമരണമാണോ കൊലപാതകമണോ എന്നേ അന്വേഷിച്ചിട്ടുള്ളൂ.

മരണത്തിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ചിട്ടില്ല. ഡി.ആര്‍.ഐയാണ് അത് അന്വേഷിക്കേണ്ടതെന്നായിരുന്നു സി.ബി.ഐ കോടതിയില്‍ പറഞ്ഞത്. കാറപകടം ആസൂത്രിതമല്ലെന്നും അമിതവേഗതയും അശ്രദ്ധയും കാരണമുണ്ടായതാണെന്നുമുള്ള കണ്ടെത്തലോടെ ഡ്രൈവര്‍ അര്‍ജ്ജുനെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയ കുറ്റപത്രം തള്ളിയാണ് പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.

പല വസ്തുതകളും പരിശോധിക്കാതെ തയ്യാറാക്കിയ സി.ബി.ഐ കുറ്റപത്രത്തില്‍ ഒട്ടേറെ പാളിച്ചകള്‍ ഉള്ളതിനാല്‍ അംഗീകരിക്കാനാവില്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്. ബാലഭാസ്‌കറിന്റെ മാതാപിതാക്കളായ കെ.സി. ഉണ്ണി, ബി. ശാന്തകുമാരി, സാക്ഷി സോബി ജോര്‍ജ്ജ് എന്നിവരുടെ ഹര്‍ജികളിലാണ് അന്ന് പുനരന്വേഷണത്തിന് ഉത്തരവുണ്ടായത്. പുതിയസാഹചര്യത്തില്‍ ബാലുവിന്റെ മരണത്തിലെ ദുരൂഹതകള്‍ നീക്കാന്‍ സിബിഐ എത്തുമോ എന്നാണ് ഇനി അറിയേണ്ടത്.