- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛന്‍ വീട്ടില്‍ നിന്നും അകന്നു കഴിയുമ്പോഴും മക്കളെ പൊന്നു പോലെ നോക്കിയ അമ്മ; മകനെ എന്‍ജീനീയറാക്കി; മകളെ എംബിഎക്കാരിയും; വിപഞ്ചികയെ മരണത്തിലേക്ക് തള്ളിയിട്ടവര്‍ ആ പോസ്റ്റ് അതിവേഗം ഡിലീറ്റ് ചെയ്തു; കണ്ടപ്പോള്‍ തന്നെ അത് ഡൗണ്‍ലോഡ് ചെയ്ത സഹോദര ഭാര്യ സത്യം പുറംലോകത്തെ അറിയിച്ചു; ഷാര്‍ജയിലേത് കൊടുക്രൂരത
കൊല്ലം: വിപഞ്ചികയുടെ ആത്മഹത്യയിലെ വസ്തുത പുറത്തെത്തിച്ചത് ആ സോഷ്യല്‍ മീഡിയാ കുറിപ്പ്. വിപഞ്ചികയുടെ മരണ ശേഷം സമൂഹ മാധ്യമത്തില്‍ കണ്ട ആത്മഹത്യാക്കുറിപ്പിലൂടെയാണു പീഡന വിവരങ്ങള്‍ എല്ലാവരും അറിയുന്നത്. വിപഞ്ചികയുടെ മരണ ശേഷം ഫോണ്‍ കൈക്കലാക്കിയ നിതീഷും നീതുവും ചേര്‍ന്ന് പോസ്റ്റ് മായ്ച്ചുകളഞ്ഞു. അതിന് മുന്‍പു തന്നെ വിപഞ്ചികയുടെ സുഹൃത്തുക്കളും സഹോദരന്‍ വിനോദിന്റെ ഭാര്യ സഹോദരിയും കുറിപ്പ് ഡൗണ്‍ലോഡ് ചെയ്തു. ഇതാണ് ഈ വിഷയത്തില്‍ നിര്‍ണ്ണായകമായത്. വിപഞ്ചികയുടെയും മകള്‍ വൈഭവിയുടെയും മൃതദേഹങ്ങള്‍ 17ന് നാട്ടില്‍ എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍.
ഷാര്‍ജ അല്‍ നഹ്ദയില്‍ അമ്മയും കുഞ്ഞും ജീവനൊടുക്കിയ സംഭവത്തില്‍ ഒന്നര വയസുകാരി വൈഭവിയെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം കെട്ടിത്തൂക്കിയതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ മാതാവ് വിപഞ്ചികയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നിട്ടില്ല. ചൊവ്വാഴ്ചയാണ് വിപഞ്ചികയെയും മകള്‍ വൈഭവിയെയും ഫ്‌ലാറ്റില്‍ ഒരേ കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. ഇതിന് കാരണവും ആ ഫെയ്‌സ് ബുക്ക് കുറിപ്പാണ്. ഈ സാഹചര്യത്തില്‍ കൊലപാതക സാധ്യത ആരും കാണുന്നില്ല.
കരളപുരം സ്വദേശി മണിയന്റെയും ഷൈലജയുടെയും മകള്‍ വിപഞ്ചിക മണിയന്‍ (33), ഒന്നര വയസ്സുള്ള മകള്‍ വൈഭവി എന്നിവരെയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഷാര്‍ജ അല്‍ നഹ്ദയിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പു മുറിയിലെ ഊഞ്ഞാലിന്റെ കയറില്‍ മകളെ കൊലപ്പെടുത്തി തൂക്കിയ ശേഷം വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു.
തന്റെ മരണത്തിന് ഉത്തരവാദികള്‍ ഭര്‍ത്താവ് നിതീഷ്, സഹോദരി നീതു, പിതാവ് മോഹനന്‍ എന്നിവരാണെന്നു വിപഞ്ചിക കുറിപ്പില്‍ ആരോപിച്ചിട്ടുണ്ട്. വിവാഹ ആഡംബരമായി നടത്തിയില്ല, സ്ത്രീധനം കുറഞ്ഞു, കാര്‍ നല്‍കിയില്ല എന്നൊക്കെ കുറ്റം പറഞ്ഞു മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി കുറിപ്പില്‍ പറയുന്നു. ഗര്‍ഭിണിയായി ഇരുന്നപ്പോള്‍ പോലും പീഡനം ഏല്‍ക്കേണ്ടി വന്നു. കഴുത്തില്‍ ബെല്‍റ്റിട്ടു മുറുക്കുകയും മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്തു. നിതീഷും നീതുവും ചേര്‍ന്നു വീട്ടില്‍ നിന്ന് ഇറക്കി വിട്ടതിനെ തുടര്‍ന്നു ഹോട്ടലില്‍ താമസിക്കേണ്ടി വന്നുവെന്നും അതില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് കുണ്ടറ പോലീസിന് പരാതി നല്‍കിയത്. ഇതോടെ കേസെടുത്തു. അതുകൊണ്ട് തന്നെ മൃതദേഹം നാട്ടില്‍ കൊണ്ടു വരുമ്പോള്‍ വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്തും.
കാനഡയിലുള്ള സഹോദരന്‍ വിനോദ് അടുത്ത ദിവസം തന്നെ ഷാര്‍ജയിലേക്ക് തിരിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ അവിടെ അവധി ആയതിനാല്‍ ഔദ്യോഗിക നടപടികള്‍ താമസം നേരിടുന്നുണ്ട്. എത്രയും വേഗം മൃതദേഹങ്ങള്‍ വിട്ടു കിട്ടുന്നതിന് ശ്രമിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു. സംസ്‌കാരം മാതൃ സഹോദരന്റെ വീടായ കേരളപുരം പൂട്ടാണിമുക്ക് സൗപര്‍ണികയില്‍ നടത്തും.
വിപഞ്ചികയുടെ അച്ഛന്‍ മണിയന്‍ നേരത്തേ തന്നെ വീട്ടില്‍ നിന്ന് അകന്നാണു കഴിയുന്നത്. മാതാവ് ഷൈലജയാണ് വിപഞ്ചികയെയും സഹോദരന്‍ വിനോദിനെയും വളര്‍ത്തിയത്. വിപഞ്ചികയെ എംബിഎ വരെയും വിനോദിനെ എന്‍ജിനീയറിങ്ങും പഠിപ്പിച്ചു. വിപഞ്ചികയ്ക്ക് ഷാര്‍ജയിലും വിനോദിന് കാനഡയിലുമാണ് ജോലി. കാന്‍സര്‍ രോഗ ബാധിതയായ ഷൈലജയുടെ ചികിത്സയ്ക്കിടെയാണ് ദുരന്തവാര്‍ത്ത എത്തിയത്.
ആ ഡയറിക്കുറിപ്പിലുള്ളത്
വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പ് എന്നു തന്നെ പറയാവുന്ന ഡയറിക്കുറിപ്പില്‍ അവളനുഭവിച്ച യാതനകളെല്ലാം വ്യക്തമാണ്. ഒന്നാംപ്രതി നാത്തൂന്‍, രണ്ടാംപ്രതി ഭര്‍ത്താവ്, മൂന്നാംപ്രതി അമ്മായിയപ്പന്‍, എന്നു തുടങ്ങുന്ന പേജുകളും ഡയറിയിലുണ്ട്. ഭക്ഷണം കഴിക്കാന്‍ പോലും ഭര്‍ത്താവ് സമ്മതിക്കുന്നില്ലെന്നും നല്ല സ്ഥാപനത്തില്‍ ജോലിയുണ്ടായിട്ടും ഗാര്‍ഹിക, സ്ത്രീധന പീഡനത്തിനും ലൈംഗിക ചൂഷണത്തിനും വിധേയയായെന്നും വ്യക്തമാക്കുന്നതാണ് കുറിപ്പ്. ഇതിനുമപ്പുറം അമ്മായിയപ്പനും വിപഞ്ചികയെ ലൈംഗികമായി ഉപദ്രവിച്ചെന്നു വ്യക്തമാക്കുന്ന തരത്തിലുള്ള തെളിവുകളും ഡയറിക്കുറിപ്പിലുണ്ട്.
'ഫിസിക്കലി ഉപയോഗിച്ചിട്ട് എപ്പോഴും അബദ്ധം പറ്റിയതാണെന്ന് പറയും, ഒരേ സമയം എന്നോടും നിതീഷിന്റെ പെണ്‍സുഹൃത്തിനോടുമൊപ്പം കിടക്ക പങ്കിടും, ആ പെണ്ണിന്റെ ഭര്‍ത്താവിനു കാര്യങ്ങളറിയാം, ഒരു തവണ നിതീഷിനെ വിളിച്ച് ചീത്ത പറഞ്ഞിട്ടുണ്ട്, വൈകൃതമുള്ള മനുഷ്യനാണ് നിതീഷ്, കാണാന്‍ പാടില്ലാത്ത വിഡിയോ കണ്ടിട്ട് അതെല്ലാം ബെഡില്‍ വേണമെന്ന് ആവശ്യപ്പെടും. ഭാര്യയുടെ കൂടെക്കിടക്കുന്നതിനെക്കുറിച്ച് മറ്റൊരു പെണ്ണിനോട് ഡിസ്‌കസ് ചെയ്യും, സഹിക്കാന്‍ വയ്യ, പട്ടിയെപ്പോലെ തല്ലും, ആഹാരം തരില്ല, എന്റെ ലോക്കറിന്റെ കീ നിതീഷിന്റെ അച്ഛന്റെ കൈവശമായിരുന്നു, അത് ഞാന്‍ വാങ്ങിയതും വലിയ പ്രശ്‌നമായി, പുറത്തോ നാട്ടിലോ കൊണ്ടുപോകില്ല, എല്ലാം ക്ഷമിക്കുന്നതും സഹിക്കുന്നതും കുഞ്ഞിനു വേണ്ടിയാണ്, അവര്‍ക്കെന്നെ മാനസിക രോഗിയാക്കി ചിത്രീകരിക്കണം, എന്റെ ഓഫീസിലെ എല്ലാവര്‍ക്കും കൂട്ടുകാര്‍ക്കും ഇതെല്ലാം അറിയാം. നിതീഷും പെങ്ങളും അച്ഛനും കൂടി എന്നെ ദ്രോഹിക്കുന്നത് എല്ലാവര്‍ക്കുമറിയാം'
'ഒരുപാട് കാശ് ഉള്ളവരാണ്, എന്നാലും എന്റെ സാലറിക്കുവേണ്ടി ദ്രോഹിക്കും, നിതീഷിന്റെ പെങ്ങള്‍ എന്റെയും കുഞ്ഞിന്റേയും സ്വര്‍ണമുള്‍പ്പെടെ കൈക്കലാക്കി, ഒരു മാലക്ക് വേണ്ടി ദ്രോഹിച്ചോണ്ടിരിക്കുകയാണ്, ഈ കൊലയാളികളെ വെറുതേവിടരുത്, മരിക്കാന്‍ ആഗ്രഹമില്ല,എന്റെ കുഞ്ഞിന്റെ ചിരികണ്ട് കൊതി തീര്‍ന്നിട്ടില്ല, കല്യാണം ആഢംബരമായി നടത്തിയില്ല, കാര്‍ കൊടുത്തില്ല, സ്ത്രീധനം കുറഞ്ഞു, കാശില്ലാത്തവള്‍, തെണ്ടി ജീവിക്കുന്നവള്‍, എന്നു പറഞ്ഞതെല്ലാം നിതിഷിനോടുള്ള സ്‌നേഹംകൊണ്ട് ഞാന്‍ ക്ഷമിച്ചു, പക്ഷേ അമ്മായിയപ്പന്‍ എന്നോട് മിസ് ബിഹേവ് ചെയ്തിട്ടും ഭര്‍ത്താവ് നിതീഷ് ഒന്നും പ്രതികരിച്ചില്ല, പകരം എന്നെ കല്യാണം കഴിച്ചത് അയാള്‍ക്ക് കൂടിവേണ്ടിയാണ് എന്നു പറഞ്ഞു. നാത്തൂന്‍ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല, നിതീഷുമായി കലഹം ഉണ്ടാക്കിക്കുകയായിരുന്നു അവരുടെ പ്രധാന ജോലി'ഇതാണ് വിപഞ്ചിക എഴുതിയ ഡയറിക്കുറിപ്പിലുള്ളത്.