ദാതിയ: ബാർ നർത്തകർക്കൊപ്പം നൃത്തം ചെയ്ത വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്ന് മധ്യപ്രദേശിൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ (എഎസ്ഐ) സഞ്ജീവ് ഗൗഡിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ദാതിയ ജില്ലാ ആസ്ഥാനത്തെ സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. പോലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജില്ലാ പോലീസ് സൂപ്രണ്ട് സൂരജ് വർമ്മ നടപടിയെടുത്തത്.

സെപ്റ്റംബർ 2ന് പോലീസ് കോൺസ്റ്റബിൾ രാഹുൽ ബൗദിന്റെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി നഗരത്തിലെ ഒരു ഹോട്ടലിൽ വെച്ചാണ് സംഭവം നടന്നത്. ആഘോഷങ്ങൾക്ക് രണ്ട് ബാർ നർത്തകരെ ക്ഷണിച്ചിരുന്നു.

ഇവരോടൊപ്പം എഎസ്ഐയും കോൺസ്റ്റബിളും ചേർന്ന് നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപകമായ വിമർശനമുയർന്നു. പോലീസ് സേനയുടെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികൾ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ജില്ലാ പോലീസ് മേധാവിയുടെ നടപടി.

സംസ്ഥാനത്ത് അടുത്തിടെ നടന്ന സമാനമായ രണ്ടാമത്തെ സംഭവമാണിത്. ഇതിനുമുമ്പ് ശിവപുരി ജില്ലയിലെ ഭൗന്തി പോലീസ് സ്റ്റേഷനിലെ എഎസ്ഐ ജിതേന്ദ്ര ജാട്ട് ഗുണ്ടാസംഘത്തോടൊപ്പം നൃത്തം ചെയ്യുന്നതിന്റെ വീഡിയോയും വൈറലായിരുന്നു. വിചാരണത്തടവുകാരൻ ജയിലിൽ നിന്ന് രക്ഷപ്പെടുന്നതുമായി ബന്ധപ്പെട്ട ഗാനത്തിനാണ് അന്ന് ഇദ്ദേഹം നൃത്തം ചെയ്തത്. ആ സംഭവത്തിലും പോലീസ് സൂപ്രണ്ട് അമൻ സിംഗ് റാത്തോഡ് നടപടി സ്വീകരിച്ചിരുന്നു.