- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മുംബൈ പൊലീസെന്ന് പറഞ്ഞ് ഫോണ്‍വിളി; കൊറിയറില്‍ മയക്കുമരുന്നെന്ന് പറഞ്ഞ് വിര്‍ച്വല്‍ അറസ്റ്റ്; ജാമ്യത്തിനായി ആവശ്യപ്പെട്ടത് 30 ലക്ഷം; സംശയകരമായ ഇടപാട് പോലീസ് ശ്രദ്ധയില്‍പെടുത്തി ബാങ്ക്; പോലീസെത്തി വാതില്‍ തല്ലി പൊളിച്ച് അകത്തു കയറി ഡോക്ടറെ വിര്‍ച്വല്‍ അറസ്റ്റില്‍ നിന്നും മോചിപ്പിച്ചു
വിര്‍ച്വല്‍ അറസ്റ്റില്‍ നിന്നും ഡോക്ടറെ പോലീസ് മോചിപ്പിച്ചു
കോട്ടയം: വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ് കേരളത്തില്‍ പതിവാകുകയാണ്. നിരവധി പേര്‍ ഈ തട്ടിപ്പിന് ഇതിനോടകം ഇരയായിട്ടുണ്ട്. ചങ്ങനാശ്ശേരിയിലെ ഡോക്ടറെയും സമാനമായി വിധത്തില്‍ തട്ടിപ്പുവഴി പണം തട്ടാന്‍ ശ്രമിച്ച സംഭവം ബാങ്ക് അധികൃതരുടെയും കേരളാ പോലീസിന്റെയും അതിവേഗ ഇടപെടലില്‍ തടയിട്ടു. ഡോക്ടറെ വിര്‍ച്വല്‍ അറസ്റ്റില്‍ നിന്നും പോലീസ് മോചിപ്പിച്ചു.
അറസ്റ്റില്‍ ഭയന്ന് തട്ടിപ്പ് സംഘത്തിന് കൈമാറിയ 5.25 ലക്ഷം രൂപയില്‍ നാലര ലക്ഷം രൂപ പൊലീസ് വീണ്ടെടുത്തു. സംശയകരമായ ഇടപാട് ശ്രദ്ധയില്‍പ്പെട്ട ബാങ്ക് ഉടന്‍ തന്നെ ഇക്കാര്യം അറിയിച്ചതോടെയാണ് പൊലീസിന് വേഗത്തില്‍ ഇടപെടാന്‍ സാധിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ സ്ഥിരം ശൈലിയിലാണ് ഇവിടെയും തട്ടിപ്പു നടന്നത്.
മുംബൈ പൊലീസ് ആണെന്ന് പറഞ്ഞാണ് ഡോക്ടറെ വിളിച്ചത്. സ്ഥിരമായി തട്ടിപ്പ് സംഘം പറയുന്നത് പോലെ ഡോക്ടര്‍ക്ക് വന്ന കുറിയറില്‍ രാസവസ്തുക്കള്‍ ഉണ്ടായിരുന്നുവെന്നും അറസ്റ്റ് രേഖപ്പെടുത്തിയതായും സംഘം അറിയിച്ചു. ഈസമയത്ത് ഡോക്ടര്‍ വീട്ടില്‍ തനിച്ചായിരുന്നു. അറസ്റ്റില്‍ ഭയന്ന ഡോക്ടറോട് ജാമ്യത്തില്‍ ഇറങ്ങണമെങ്കില്‍ 30 ലക്ഷം രൂപ കൈമാറണമെന്ന് ആവശ്യപ്പെട്ടു. ആദ്യ ഘട്ടമായി 5.25 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇവര്‍ ആവശ്യപ്പെട്ടത് അനുസരിച്ച് ഡോക്ടര്‍ തുക കൈമാറി. സംശയകരമായ ഇടപാട് കണ്ട് സംശയം തോന്നിയ എസ്ബിഐ ബാങ്ക് പൊലീസിനെ വിവരം അറിയിച്ചതാണ് വഴിത്തിരിവായത്.
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയാന്‍ എസ്ബിഐ പ്രത്യേക മോണിറ്ററിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംവിധാനത്തിലെ ഉദ്യോഗസ്ഥര്‍ക്കാണ് സംശയകരമായ ഇടപാട് ആണ് എന്ന സംശയം തോന്നിയത്. ഉടന്‍ തന്നെ ചങ്ങനാശേരി ബാങ്ക് മാനേജറെ വിവരം അറിയിച്ചു. താങ്കളുടെ ബാങ്കിന്റെ പരിധിയിലുള്ള കസ്റ്റമറിന്റെ അക്കൗണ്ടില്‍ നിന്ന് സംശയകരമായ രീതിയില്‍ പണം കൈമാറിയിട്ടുണ്ടെന്ന വിവരമാണ് ധരിപ്പിച്ചത്.
പരിശോധനയില്‍ ബാങ്കില്‍ അക്കൗണ്ടുള്ള ഡോക്ടറുടെ അക്കൗണ്ടില്‍ നിന്നാണ് എന്ന് മനസിലായി. ഉടന്‍ തന്നെ ബാങ്ക് മാനേജര്‍ തിരുവനന്തപുരത്തുള്ള സൈബര്‍ സെല്ലിനെ വിവരം അറിയിച്ചു. ഇവര്‍ വിവരം ചങ്ങനാശേരി പൊലീസിന് കൈമാറി. ഉടന്‍ തന്നെ ചങ്ങനാശേരി പൊലീസ് ഡോക്ടറുടെ വീട്ടില്‍ എത്തി. കോളിങ് ബെല്‍ അടിച്ചെങ്കിലും വാതില്‍ തുറക്കാന്‍ ഡോക്ടര്‍ തയ്യാറായില്ല. വെര്‍ച്വല്‍ അറസ്റ്റിലാണെന്ന് ഭയന്ന് നിന്ന സ്ഥലത്ത് നിന്ന് മാറാന്‍ ഡോക്ടര്‍ കൂട്ടാക്കിയില്ല.
തുടര്‍ന്ന് വാതില്‍ തല്ലി പൊളിച്ചാണ് പൊലീസ് സംഘം അകത്തുകടന്നത്. തുടര്‍ന്ന് ഡോക്ടറെ ഇത് തട്ടിപ്പാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. ഉടന്‍ തന്നെ 1930ല്‍ വിളിച്ച് പരാതി രജിസ്റ്റര്‍ ചെയ്തു. ഇതിലൂടെ നാലരലക്ഷം രൂപയാണ് വീണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.