- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'വെര്‍ച്വല്‍ അറസ്റ്റ്' ഭീഷണി മുഴക്കി 68കാരിയില്‍ നിന്നും പണം തട്ടാന്‍ ശ്രമം; അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാന്‍ ബാങ്കിലെത്തിയ സ്ത്രീയുടെ സംസാരത്തില്‍ മാനേജര്‍ക്ക് സംശയം; സൈബര്‍ സെല്ലിനെ വിളിച്ചതോടെ പൊളിഞ്ഞത് 61 ലക്ഷം രൂപ തട്ടാനുള്ള ശ്രമം
'വെര്‍ച്വല്‍ അറസ്റ്റ്' ഭീഷണി മുഴക്കി 68കാരിയില്‍ നിന്നും പണം തട്ടാന്‍ ശ്രമം; പൊളിച്ച് സൈബര്‍ സെല്‍
പാലക്കാട്: 'വെര്‍ച്വല്‍ അറസ്റ്റ്' ഭീഷണി മുഴക്കി 68 വയസ്സുള്ള സ്ത്രീയില്‍ നിന്ന് 61 ലക്ഷം രൂപ തട്ടാന്‍ ശ്രമം. ബാങ്കില്‍ നിന്നും പണം പിന്‍വലിക്കാനെത്തിയ സ്ത്രീയുടെ സംസാരത്തില്‍ സംശയം തോന്നിയ ബാങ്ക് മാനേജര്‍ തക്ക സമയത്ത് വിവരം സൈബര്‍ സെല്ലിനെ അറിയിച്ചതിനാല്‍ തട്ടിപ്പു പൊളിഞ്ഞു. എന്നാല്‍, ബാങ്കിലെത്തും മുന്‍പ് ഇവര്‍ കൈമാറിയ രണ്ട് ലക്ഷം രൂപ നഷ്ടപ്പെട്ടു.
മുംബൈയില്‍ അധ്യാപികയായി വിരമിച്ച കോങ്ങാട് സ്വദേശിനിയാണ് വന്‍ തട്ടിപ്പില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. 25നു വൈകിട്ടാണു തട്ടിപ്പുകാര്‍ ഈ സ്ത്രീയെ സിബിഐ എന്നു പറഞ്ഞ് വിളിച്ചത്. അക്കൗണ്ടില്‍ നിന്നു രാജ്യദ്രോഹ സംഘടനകള്‍ക്കു പണം നല്‍കിയെന്ന് ആരോപിച്ചായിരുന്നു ഫോണ്‍ കോള്‍ എത്തിയത്.
അക്കൗണ്ടിലെ പണം വിഘടനവാദി സംഘടനകള്‍ക്കു നല്‍കിയെന്നും മുംബൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും സിബിഐ എന്ന് അവകാശപ്പെട്ടു വിളിച്ചവര്‍ പറഞ്ഞു.
ഡിജിറ്റല്‍ അറസ്റ്റിനെ പറ്റി ബോധ്യമില്ലാതിരുന്ന വീട്ടമ്മ ഇതോടെ ഭയചകിതയായി. ഇതോടെ കരുതല്‍ അറസ്റ്റ് ചെയ്യുകയാണെന്നും പൊലീസ് വീട്ടിലെത്തി റെയ്ഡ് നടത്തി അറസ്റ്റ് ചെയ്യുമെന്നും തട്ടിപ്പുകാര്‍ ഭീഷണിപ്പെടുത്തി. ശേഷം അടിയന്തര നടപടികള്‍ക്ക് എന്ന പേരില്‍ രണ്ട് ലക്ഷം രൂപ വാങ്ങി. റെയ്ഡും തുടര്‍നടപടിയും ഒഴിവാക്കാന്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെയാണ് അതു നല്‍കാന്‍ സ്ത്രീ ബാങ്കിലെത്തിയത്.
ഫ്‌ലാറ്റ് വാങ്ങാന്‍ എന്ന പേരില്‍ പണം മറ്റൊരു അക്കൗണ്ടിലേക്കു മാറ്റാനെത്തിയ അവരുടെ സംസാരത്തില്‍ സംശയം തോന്നിയ മാനേജര്‍ സൈബര്‍ സെല്ലിനെ അറിയിച്ചു. സൈബര്‍ സെല്‍ എസ്‌ഐ എം.മനേഷ്, സിവില്‍ പൊലീസ് ഒാഫിസര്‍ ആര്‍.പത്മനാഭന്‍ എന്നിവരുടെ നേതൃത്വത്തിലാണു കൂടുതല്‍ പണം നഷ്ടപ്പെടാതെ രക്ഷിച്ചത്. യൂണിഫോമില്‍ ബാങ്കിലെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവം തട്ടിപ്പാണെന്നു പറഞ്ഞെങ്കിലും സ്ത്രീ ആദ്യം അംഗീകരിച്ചില്ല. ഇക്കാര്യത്തില്‍ മറ്റാരും പറയുന്നതു കേള്‍ക്കരുതെന്നു 'സിബിഐ' പറഞ്ഞതായി അവര്‍ അറിയിച്ചു.
ഇത്തരം കേസുകളെക്കുറിച്ചു പറഞ്ഞു മനസ്സിലാക്കുകയും 'വെര്‍ച്വല്‍ അറസ്റ്റ്' നടത്തിയ തട്ടിപ്പു സംഘത്തോടു സൈബര്‍ പൊലീസ് നേരിട്ടു സംസാരിക്കുകയും ചെയ്തതോടെയാണു സ്ത്രീ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. തന്റെ മറ്റ് 4 അക്കൗണ്ട് നമ്പറുകളും നല്‍കാന്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടുവെന്ന് അവര്‍ അറിയിച്ചു.