കൊച്ചി: മലയാളികളുടെ വിദേശജോലി മോഹത്തെ ചൂഷണം ചെയ്യാൻ നിരവധി തട്ടിപ്പുകാരാണ് രംഗത്തുള്ളത്. ഇത്തരം തട്ടിപ്പുകൾക്കെതിരെ എത്രകണ്ട് മുന്നറിയിപ്പുകൾ നൽകിയാതും മലായളികൾ വീണ്ടും അതിൽ പോയി പെടും. ഇതാണ് പതിവുശൈലി. കൊച്ചിയിൽ വിദേശജോലി വാഗ്ദാനം നൽകി രണ്ട് കോടി തട്ടിയ ദമ്പതികളെ പിടിയിലായ വാർത്തയും പുറത്തുവന്നിരുന്നു. കോടികൾ തട്ടിയെടുത്തത് ദമ്പതിമാരാണ്.

കലൂർ അശോക റോഡിൽ ടാലന്റിവിസ് എച്ച്ആർ കൺസൽറ്റൻസി എന്ന പേരിൽ റിക്രൂട്‌മെന്റ് സ്ഥാപനം നടത്തിവന്ന കൊല്ലം ഈസ്റ്റ് കല്ലട മണിവീണയിൽ ചിഞ്ചു എസ്.രാജ് (45), കൊടുങ്ങല്ലൂർ ശൃംഗപുരം വാക്കേക്കാട്ടിൽ അനീഷ് (45) എന്നിവരെയാണു നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. യുകെ, സിംഗപ്പൂർ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലേക്കുള്ള ജോബ് വീസകൾ കയ്യിലുണ്ടെന്നു കാട്ടി ഡിജിറ്റൽ മാർക്കറ്റിങ് സൈറ്റ് വഴി പരസ്യം ചെയ്താണു പ്രതികൾ ഇരകളെ കണ്ടെത്തിയത്.

ചിഞ്ചു എസ് രാജാണ് തട്ടിപ്പന്റെ ബുദ്ധികേന്ദ്രമെന്നാണ് പൊലീസ് പറയുന്നത്. ഇവരായിരുന്നു എങ്ങനെ തട്ടിപ്പു നടത്തണം എന്നത് കൃത്യമായി ആസൂത്രണം ചെയ്തത്. മുൻപു ഡൽഹിയിൽ റിക്രൂട്‌മെന്റ് സ്ഥാപനത്തിൽ ജോലി ചെയ്ത പരിചയത്തിലാണു ചിഞ്ചു തട്ടിപ്പിനു നേതൃത്വം നൽകിയത്. വൻതട്ടിപ്പു നടത്തി കോടികൾ സമ്പാദിച്ചു വിദേശത്തേക്ക് രക്ഷപെടാനായിരുന്നു ചിഞ്ചുവും ഭർ്താവും ലക്ഷ്യമിട്ടത്.

പ്രതികളുടെ ഉറപ്പിന്മേൽ ഉദ്യോഗാർഥികളിൽ നിന്നു പണം വാങ്ങി നൽകിയ ഏജന്റ് ബിനിൽകുമാറിന്റെ പരാതിയിലാണു കേസ് രജിസ്റ്റർ ചെയ്തതെന്നു പൊലീസ് പറഞ്ഞു. കിട്ടിയ പണവുമായി രാജ്യം വിടാൻ ഒരുങ്ങുന്നതിനിടെയാണു പ്രതികൾ പിടിയിലായത്. പിടിയിലാകുമ്പോൾ പ്രതികളുടെ വീട്ടിലെ സാധനങ്ങളെല്ലാം യാത്രയ്ക്കായി തയാറാക്കി വച്ചിരിക്കുകയായിരുന്നു.

പ്രതികളുടെ ഉറപ്പിന്മേൽ 56 ഉദ്യോഗാർത്ഥികളിൽ നിന്ന് പണം വാങ്ങിക്കൊടുത്തത് ബിനിൽ കുമാറായിരുന്നു. തട്ടിപ്പാണെന്ന് മനസ്സിലായതോടെ ബിനിൽകുമാർ പരാതി നൽകുകയായിരുന്നു. ഉദ്യോഗാർത്ഥികളുമായി നേരിട്ട് ബന്ധപ്പെടാതിരുന്ന പ്രതികൾ, ബിനിൽകുമാർ മുഖാന്തിരം പണം കൈവശപ്പെടുത്തിയ ശേഷം രാജ്യം വിടാൻ ഒരുങ്ങുന്നതിനിടെയാണ് അറസ്റ്റിലായത്.

ഇതിനിടെ വ്യാജ വിസ നൽകി കബളിപ്പിക്കാനും പ്രതികൾ ശ്രമം നടത്തി. പണം വാങ്ങിയിട്ടും വിസ ലഭിക്കാതിരുന്നതോടെ ആളുകൾ പരാതിയുമായി ബിനിൽ കുമാറിന്റെ അടുത്തെത്തി. നിരവധി പേർ എത്തി ചോദ്യം ചെയ്തതോടെ ഇയാൾ ചിഞ്ചുവിനെയും അനീഷിനെയും ബന്ധപ്പെട്ടു. ഉദ്യോഗാർത്ഥികൾ ബഹളം വെക്കുന്നുവെന്ന് ബിനിൽകുമാർ പറഞ്ഞപ്പോൾ ഇവർ മുപ്പതു പേർക്കുള്ള വിസ വാട്ട്സ്ആപ്പിൽ അയച്ചുകൊടുത്തു. വിമാന ടിക്കറ്റും ഒപ്പം നൽകി. എന്നാൽ ഇത് പരിശോധിച്ചപ്പോഴാണ് രണ്ടും വ്യാജമായി ഉണ്ടാക്കിയതാണെന്ന ബോധ്യമായത്.

ചിഞ്ചുവിനെ കേന്ദ്രീകരിച്ചു കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസിന്റെ ശ്രമം. ഇവർ സമാന തട്ടിപ്പുകൾ മുമ്പും നടത്തിയിരിക്കാം എന്നാണ് സൂചനകൾ. അതേസമയം വിദേശത്തേക്ക് കുടിയേറാനുള്ള മോഹം കൂടിയതോടെ വിസ തട്ടിപ്പിലും വൻ വർധനയാണ് ഉണ്ടായിട്ടുള്‌ലത്. വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസ് എൻ.ആർ.ഐ. സെല്ലിൽ മാത്രം ദിവസേന എത്തുന്നത് 25-ലധികം പരാതികളാണ്. വിവിധ പൊലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്നവ വേറെയും. കിട്ടാത്ത വിസയുടെ പേരിൽ കോടിക്കണക്കിന് രൂപയാണ് മലയാളികൾക്ക് വർഷം തോറും നഷ്ടമാകുന്നത്.

കാനഡ, ഇസ്രയേൽ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് തൊഴിലന്വേഷകർ കൂടിയതോടെയാണ് വ്യാജ റിക്രൂട്ട്മെന്റ് ഏജന്റുമാർ തഴച്ചത്. വാട്സാപ്പിലൂടെയാണ് ഓഫറുകളെത്തുന്നത്. തട്ടിപ്പിനിരയായവർ പൊലീസിനെ സമീപിച്ച് സൈബർ സെൽ വഴി ഫോൺ നമ്പർ കണ്ടെത്തി ആളെ തിരയുമ്പോഴേക്കും തട്ടിപ്പുസംഘം പണവുമായി സ്ഥലം വിടും.

വെബ്സൈറ്റോ, മറ്റ് ഓഫീസുകളോ ഒന്നുമില്ലാതെ ഫോണിൽ കൂടിയുള്ള വിസ വാഗ്ദാനം അന്വേഷണ ഏജൻസികൾക്കും തലവേദനയായിട്ടുണ്ട്. അടുത്തയിടെ കാനഡയിലേക്ക് വിസയ്ക്കായി അഞ്ചുലക്ഷം വീതം നൽകിയ 17 പേർ കൊച്ചി വിമാനത്താവളത്തിലെത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. കേന്ദ്രസർക്കാരിന്റെ അംഗീകാരമുള്ള 15,00 ഓളം മാൻപവർ റിക്രൂട്ട്‌മെന്റ് ഏജൻസികളാണ് രാജ്യത്തുള്ളത്. കേരളത്തിൽ 250 ഓളമുണ്ട്.

ജാഗ്രതാ നിർദേശവുമായി വിദേശകാര്യ മന്ത്രാലയം

വിസ തട്ടിപ്പ് പരാതികളിൽ വർധന ഉണ്ടായതായും പിന്നിൽ പ്രവർത്തിക്കുന്നവർ വിദേശകാര്യ മന്ത്രാലയത്തിന്റെ ലൈസൻസ് ഇല്ലാത്തവരാണെന്നും മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വാട്സാപ്പ് വഴിയാണ് ആശയവിനിമയം. അവരുടെ വിവരങ്ങളോ, സ്ഥലമോ, വാഗ്ദാനം ചെയ്യുന്ന തൊഴിലിന്റെ നിജസ്ഥിതിയോ മനസ്സിലാക്കാൻ സാധിക്കാതെ വരുന്നു. വിദേശതൊഴിൽ തേടുന്ന വ്യക്തികൾ അംഗീകൃത റിക്രൂട്ടിങ് ഏജന്റുമാരുടെ സേവനം മാത്രമേ സ്വീകരിക്കാവൂ. രജിസ്റ്റർ ചെയ്തിട്ടുള്ള റിക്രൂട്ടിങ് ഏജന്റുമാരും അപ്രകാരം ലഭ്യമായ ലൈസൻസ് നമ്പർ അവരുടെ ഓഫീസിലും ന്യൂസ് പേപ്പർ, സോഷ്യൽ മീഡിയ തുടങ്ങിയവയിലെ പരസ്യങ്ങളിലും വ്യക്തമായി പ്രദർശിപ്പിക്കണം. വിദേശ തൊഴിൽ ലക്ഷ്യമിടുന്ന വ്യക്തികൾ www.emigrate.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് റിക്രൂട്ടിങ് ഏജന്റുമാരെ സംബന്ധിക്കുന്ന നിജസ്ഥിതി പരിശോധിക്കണം.

1983-ലെ എമിഗ്രേഷൻ ആക്ട് പ്രകാരം ഒരു ഏജന്റ് അവർ നൽകുന്ന സേവനങ്ങൾക്ക് 30000 + 18 ശതമാനം ജി.എസ്.ടി. (മൊത്തം 35,400 രൂപ) യിൽ കൂടുതൽ പ്രതിഫലമായി ഈടാക്കുവാൻ പാടുള്ളതല്ല. ഈടാക്കുന്ന തുകയ്ക്ക് രസീതും വാങ്ങണം. പരാതികൾക്കും അന്വേഷണങ്ങൾക്കും കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ് ഓഫീസുമായി ബന്ധപ്പെടണം.