- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശജോലി വാഗ്ദാനം ചെയ്ത് റിക്രൂട്ടിങ് സ്ഥാപനത്തിൽ നിന്ന് പലപ്പോഴായി തട്ടിയെടുത്തത് 17 ലക്ഷം; രണ്ടു മാസം കൊണ്ട് നടത്തിയ തട്ടിപ്പിനൊടുവിൽ വിസയുമില്ല പണവുമില്ല; പത്തനംതിട്ടയിൽ തട്ടിപ്പു നടത്തിയ കണ്ണൂരുകാരൻ പിടിയിൽ
പത്തനംതിട്ട: വിദേശജോലി വാഗ്ദാനം ചെയ്ത് റിക്രൂട്ടിങ് സ്ഥാപന ഉടമയിൽ നിന്ന് 17 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ കണ്ണൂർ സ്വദേശിയെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ഇരിക്കൂർ വെള്ളാട് കുട്ടിക്കുന്നുമ്മേൽ വീട്ടിൽ നിന്നും തളിപ്പറമ്പ് പയ്യന്നൂർ നരിക്കാമള്ളിൽ ഷൈജുവിന്റെ 'നികുഞ്ചം ' വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന നിമൽ ലക്ഷ്മണ(25)നാ ണ് പിടിയിലായത്.
മാൾട്ട, ബൽഗേറിയ, ഖത്തർ, കമ്പോഡിയ എന്നിവിടങ്ങളിലേക്ക് ജോലി ഒഴിവുകൾ ഉണ്ടെന്ന് വിശ്വസിപ്പിച്ച ശേഷമാണ് 17 ലക്ഷത്തിലധികം രൂപ അക്കൗണ്ട് മുഖേനെ കൈപ്പറ്റിയത്. ഏപ്രിൽ 11 മുതൽ മെയ് 28 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. പുറമറ്റം വെണ്ണിക്കുളം വാലാങ്കര പുളിക്കൽ വീട്ടിൽ ഹരീഷ് കൃഷ്ണൻ ആണ് പരാതിക്കാരൻ. ഹരീഷിന്റെയും മറ്റും ഉടമസ്ഥതയിൽ വെണ്ണിക്കുളത്ത് പ്രവർത്തിക്കുന്ന 'ഡ്രീം ഫ്യൂച്ചർ കൺസൾട്ടൻസ് 'എന്ന എന്ന സ്ഥാപനത്തെയാണ് പ്രതി ചതിച്ച് പണം തട്ടിയത്.
മാൾട്ടയിലേക്ക് 25000 രൂപ വീതം നാല് ലക്ഷം രൂപയും ബൾഗേറിയയിലേക്ക് 5 ലക്ഷം രൂപയും ഖത്തറിലേക്ക് 25000 രൂപയും കമ്പോഡിയയിലേക്ക് 810000 രൂപയും ഉൾപ്പെടെ ജോലിക്കുള്ള വിസയുടെ തുകയായി ആകെ 1735000 രൂപയാണ് നെറ്റ് ബാങ്കിങ് വഴി പ്രതി തട്ടിയത്.തുടർന്ന് വിസ ലഭ്യമാക്കുകയോ, തുക തിരികെ നൽകുകയോ ചെയ്തില്ല.ഈ രാജ്യങ്ങളിലേക്ക് ജോലി ഒഴിവുണ്ടെന്ന് വിശ്വസിപ്പിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്.
ഹരീഷിന്റെ മൊഴിപ്രകാരം കഴിഞ്ഞമാസം 17 ന് കോയിപ്രം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സ്ഥാപനത്തിന്റെ അക്കൗണ്ട് ഉള്ള സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും പ്രതി നൽകിയ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം പലതവണകളായി അയക്കുകയായിരുന്നെന്ന് രേഖകൾ പരിശോധിച്ചതിൽ വെളിവായി. ഇയാൾ ഉപയോഗിച്ചുവന്ന നാല് മൊബൈൽ ഫോൺ കാൾ വിശദാംശങ്ങൾ ജില്ലാ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ ലഭ്യമാക്കിയത് പരിശോധിച്ചപ്പോൾ കണ്ണൂർ,ഇരിക്കൂർ, പുളിക്കരുമ്പ എന്നിവടങ്ങളിൽ ഇയാൾ ഉണ്ടെന്ന് ബോധ്യപ്പെട്ടു. തുടർന്ന് പൊലീസ് സംഘം അവിടെയെത്തി വീട്ടിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇയാൾ സമാനരീതിയിൽ വേറെയും തട്ടിപ്പ് നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്താൻ ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ നിർദേശിച്ചു. പ്രതി കബളിപ്പിച്ച് തട്ടിയെടുത്ത പണം കണ്ടെത്തുന്നതിനും മറ്റുമുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി. പൊലീസ് ഇൻസ്പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ് ഐമാരായ സുരേഷ് കുമാർ, മധു, എസ് സി പി ഓ സുധീൻ ലാൽ എന്നിവരാണ് ഉള്ളത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്