പത്തനംതിട്ട: വിസ വാഗ്ദാനം ചെയ്ത് നിരവധി പേരെ കബളിപ്പിക്കുകയും അറസ്റ്റിലായപ്പോള്‍ ജാമ്യമെടുത്ത് മുങ്ങുകയും ചെയ്ത വഞ്ചന കേസുകളില്‍ പ്രതിയെ 21 വര്‍ഷത്തിന് ശേഷം പത്തനംതിട്ട പോലീസ് പിടികൂടി. മേലേവെട്ടിപ്രം മഞ്ജു ഭവനം (പിച്ചയ്യത്ത് വീട്) ഫസലുദ്ദീനെ(74)യാണ് മലപ്പുറത്ത് നിന്നും പോലീസ് വിദഗ്ദ്ധമായി കുടുക്കിയത്. ഇയാള്‍ക്കെതിരെ വിവിധ കോടതികളിലായി 26 ലോങ്ങ് പെന്റിങ് വാറണ്ടുകള്‍ നിലവിലുണ്ട്. ജില്ലാ പോലീസ് മേധാവി വി.ജി വിനോദ് കുമാറിന്റെ നിര്‍ദേശാനുസരണം പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതി കസ്റ്റഡിയിലായത്.

പൊതുമരാമത്ത് വകുപ്പില്‍ 1972 ല്‍ എല്‍ ഡി ക്ലര്‍ക്കായി എറണാകുളം ജില്ലയില്‍ ജോലിയില്‍ പ്രവേശിച്ച ഇയാള്‍ പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ ജോലി നോക്കി. 2003 ല്‍ സീനിയര്‍ സൂപ്രണ്ട് ആയി. ഇതിനിടെ മുപ്പതോളം വഞ്ചനാ കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് പിരിച്ചു വിടപ്പെട്ടു. വിസയ്ക്ക് പണം നല്‍കിയവര്‍ നിരന്തരം അന്വേഷിച്ച് വീട്ടിലെത്തിയപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാര്യ ജീവനൊടുക്കുകയും ചെയ്തു. പിന്നാലെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.

കേസുകളില്‍ അറസ്റ്റിലായെങ്കിലും ജാമ്യമെടുത്ത് മുങ്ങിയ ശേഷം കേരളത്തിനകത്തും ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലുമായി ഒളിവില്‍ കഴിഞ്ഞു. ഇവിടങ്ങളിലൊക്കെ റിട്ടയേര്‍ഡ് സബ് കലക്ടര്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവിധ ജോലികള്‍ ചെയ്തു. ഇതിനിടെ പാലക്കാട് ചേര്‍പ്പുളശ്ശേരി ഫെഡറല്‍ ബാങ്ക് ശാഖയില്‍ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടാക്കി ബാങ്ക് അക്കൗണ്ട് തുടങ്ങി. നിലവില്‍ മലപ്പുറം കോട്ടക്കല്‍ പുതുപ്പറമ്പ് മലബാര്‍ പബ്ലിക് സ്‌കൂളില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ജോലി നോക്കുകയായിരുന്നു.

ഇയാളുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ കണ്ടെത്തിയ പോലീസ് സംഘം, അതിലേക്ക് വരുന്ന സന്ദേശങ്ങളും വിളികളും ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ കേന്ദ്രീകരിച്ച് നടത്തിയ വിദഗ്ദ്ധമായ അന്വേഷണത്തില്‍ ലൊക്കേഷന്‍ കണ്ടെത്തി. പ്രതി സ്‌കൂളിനോട് ചേര്‍ന്നുള്ള മുറിയില്‍ താമസിക്കുകയായിരുന്നു.

പോലീസ് ഇന്‍സ്പെക്ടര്‍ ഷിബുകുമാറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ എസ് ഐ ജിനു, സിപിഓമാരായ രജിത്ത് കെ നായര്‍, ആഷര്‍ മാത്യു ഷഫീക്ക് എന്നിവര്‍ പങ്കെടുത്തു. 2004 മുതല്‍ 2007 വരെ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി 1, 2 എന്നിവടങ്ങളില്‍ നിന്നും പുറപ്പെടുവിച്ച 26 എല്‍ പി വാറണ്ടുകളാണ് നിലവിലുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.