ചെറുതോണി: ലക്‌സംബര്‍ഗില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത വിസാ തട്ടിപ്പുകാരന്‍ ഒടുവില്‍ കുടുങ്ങി! കോട്ടയം പുതുപ്പള്ളി സ്വദേശി പുളിക്കല്‍ റോയി ജോസഫിനെയാണ് ഇടുക്കി പൊലീസ് വലയിലാക്കിയത്. സാധാരണക്കാരെ കബളിപ്പിച്ച് ലക്ഷങ്ങള്‍ പോക്കറ്റിലാക്കിയ ഇയാളെ തട്ടിപ്പിനിരയായവര്‍ തന്നെ തന്ത്രപരമായി കുടുക്കുകയായിരുന്നു. ഒരു വിസയ്ക്ക് 25 ലക്ഷം രൂപ വീതം വാങ്ങിയായിരുന്നു ഇയാളുടെ കബളിപ്പിക്കല്‍.

വിശ്വാസം പിടിച്ചുപറ്റാന്‍ നോട്ടറി വക്കീല്‍ നല്‍കുന്ന രസീതുകളും ഇയാള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കുമായിരുന്നു. പകരമായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് 13 ലക്ഷം രൂപയുടെ ചെക്കും വാങ്ങി വെക്കും. മണിയാറന്‍കുടിയില്‍ മാത്രം പത്തുപേരില്‍ നിന്നായി ഇയാള്‍ 87 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. രണ്ടു യുവാക്കള്‍ക്ക് 'സൗജന്യ വിസ' വാഗ്ദാനം ചെയ്ത് അവരെ ഉപയോഗിച്ചാണ് ഇയാള്‍ മറ്റുള്ളവരിലേക്ക് വല വിരിച്ചത്.

കെണിയൊരുക്കിയത് വാട്ട്സ്ആപ്പ് കൂട്ടായ്മ!

വീടും സ്ഥലവും പണയം വെച്ചും ഉള്ള സമ്പാദ്യമെല്ലാം വിറ്റുപെറുക്കിയുമാണ് പാവങ്ങള്‍ റോയിക്ക് പണം നല്‍കിയത്. മാസങ്ങള്‍ കഴിഞ്ഞിട്ടും വിസ ലഭിക്കാതായതോടെയാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ട വിവരം ഇവര്‍ തിരിച്ചറിയുന്നത്. തുടര്‍ന്ന് തട്ടിപ്പിനിരയായവര്‍ ചേര്‍ന്ന് ഒരു വാട്ട്സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ചു. ഇതാണ് റോയിയുടെ പതനത്തിന് വഴിതെളിച്ചത്.

വ്യാഴാഴ്ച ചെറുതോണിയിലെ ഒരു വക്കീല്‍ ഓഫീസില്‍ വെച്ച് പത്തുപേരില്‍ നിന്നായി വീണ്ടും പത്തു ലക്ഷം വീതം വാങ്ങാന്‍ റോയി എത്തുന്നുണ്ടെന്ന വിവരം ഈ സംഘത്തിന് ലഭിച്ചു. പണം വാങ്ങാന്‍ എത്തിയ റോയിയെ ഉദ്യോഗാര്‍ത്ഥികള്‍ വളഞ്ഞു. പണം തിരികെ നല്‍കാന്‍ ഒരു മാസത്തെ സമയം ചോദിച്ച് രക്ഷപെടാന്‍ ശ്രമിച്ചതോടെ രംഗം വഷളായി. ഇതിനിടെ ഡല്‍ഹിയിലുള്ള റോയിയുടെ ഭാര്യ ഇടുക്കി എസ്പിയെ വിളിച്ച് ഭര്‍ത്താവിനെ ആരോ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് പരാതി നല്‍കി. പൊലീസെത്തി റോയിയെ കൊണ്ടുപോയപ്പോഴാണ് തങ്ങള്‍ പിടികൂടിയത് ചില്ലറക്കാരനെയല്ലെന്ന് അവര്‍ക്കും ബോധ്യപ്പെട്ടത്.

ഇതൊരു വലിയ മാഫിയയുടെ ഭാഗമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. മൂലമറ്റം, മണിയാറന്‍കുടി, കട്ടപ്പന, ഉപ്പുതറ മുതല്‍ മലപ്പുറത്തും തൃശൂരിലും വരെ ഇയാള്‍ സമാനമായ രീതിയില്‍ വിസ തട്ടിപ്പ് നടത്തിയതായി വിവരമുണ്ട്. കോടികളുടെ കള്ളപ്പണം ഇയാള്‍ എവിടെയാണ് നിക്ഷേപിച്ചിരിക്കുന്നത് എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.