- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ നാട്ടിൽ തീക്കട്ടയിലും ഉറുമ്പരിക്കുന്നു! സ്പെയിനിൽ സെക്യൂരിറ്റി ജീവനക്കാരനായി തൊഴിൽ വിസ വാഗ്ദാനം ചെയ്തു പണംതട്ടിയ കേസിൽ പൊലീസുകാർക്കും ബന്ധം; നിർണായക രേഖകൾ കണ്ടെടുത്തതോടെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടി വന്നേക്കും; 20തോളം ഉദ്യോഗസ്ഥർക്കെതിരെ രഹസ്യ അന്വേഷണം
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ ജില്ലയായ കണ്ണൂരിലെ പൊലിസ് സേനയിലെ ചില ഉദ്യോഗസ്ഥന്മാർക്ക് ഗുണ്ടാ, പണതട്ടിപ്പുകേസുകളുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് ആഭ്യന്തര വകുപ്പ് അന്വേഷണം ശക്തമാക്കി. ജില്ലയിലെ പൊലിസ് സ്റ്റേഷനുകളിൽ സംശയാസ്പദമായ രീതിയിൽ പ്രവർത്തിക്കുന്ന പൊലിസ് ഉദ്യോഗസ്ഥന്മാർക്കെതിരെയാണ് രഹസ്യാന്വേഷണവിഭാഗം അന്വേഷണം ആരംഭിച്ചത്.
ഇതിൽ രണ്ടു പൊലിസുകാർക്കെതിരെ അടിയന്തിരമായി നടപടിയെടുക്കുമെന്നാണ് സൂചന. ഇതിൽ ഒരാൾ സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് ഇൻസ്പെക്ടറും മറ്റൊരാൾ മറ്റൊരാൾ കൺട്രോൾ റൂം എസ്. ഐയുമാണ്. ജില്ലയിലെ ഇരുപതോളം പൊലിസ് ഉദ്യോഗസ്ഥർക്കെതിരെയാണ് രഹസ്യാന്വേഷണവിഭാഗം അന്വേഷണം നടത്തുന്നത്. ഇവരുടെ അനധികൃത സ്വത്തു സമ്പാദനത്തെ കുറിച്ചു വിജിലൻസും സമാന്തരമായി അന്വേഷണം നടത്തിവരികയാണ്.
സ്പെയിനിലേക്ക് വിസതട്ടിപ്പു നടത്തിയ കേസിലെ പ്രതികളായരണ്ടുപേരുമായി ചില പൊലിസ് ഉദ്യോഗസ്ഥന്മാർക്ക് ബന്ധമുണ്ടെന്ന വിവരം പുറത്തായതിനെ തുടർന്ന് ആഭ്യന്തര വകുപ്പ് അന്വേഷണമാരംഭിച്ചു. സംഭവം മുഖ്യമന്ത്രിയുടെ ശ്രദ്ധയിലുംപെട്ടിരുന്നു. ഇതേ തുടർന്നാണ് ചില പൊലിസ് ഉദ്യോഗസ്ഥന്മാർ ഇപ്പോഴും ക്രിമിനൽ സംഘങ്ങളുമായി ബന്ധം തുടരുകയാണെന്ന പരസ്യപ്രസ്താവന മുഖ്യമന്ത്രി നടത്തിയത്.
ഇതോടെയാണ് ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശ പ്രകാരം ആരോപണവിധേയരായ ഉദ്യോഗസ്ഥർക്കെതരെ അന്വേഷണവുമാരംഭിച്ചത്. സ്പെയിനിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലിക്ക് വിസനൽകാമെന്ന് പറഞ്ഞ്് പണം വാങ്ങി വഞ്ചിച്ച കേസിൽ മാടായി സ്വദേശി എംപി സജിത്ത് കുമാർ, ഇരിട്ടിയിലെ ടി.ജിസ്മിത എന്നിവർക്കെതിരെയാണ് തളിപറമ്പ് പൊലിസ് കേസെടുത്തത്. സജിത്ത്കുമാറും സ്മിതയും മൊറാഴ മുതുവാനയിലെ പി.രൂപേഷിൽ നിന്നാണ് ഇവർ നാലരലക്ഷം രൂപ വാങ്ങിയത്. പിന്നീട് വിസനൽകാതെയും ചോദിച്ചപ്പോൾ പണം തിരിച്ചു നൽകാതെയും വഞ്ചിച്ചുവെന്നാണ് പരാതി.
രണ്ടുവർഷം മുൻപെ നടന്ന തട്ടിപ്പുകേസിന്റെ അന്വേഷണം അവസാനഘട്ടത്തിലെത്തിയപ്പോഴാണ് കണ്ണൂർ ജില്ലയിലെ ചില പൊലിസുകാർക്കും തട്ടിപ്പുമായി ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നത്. വിസ തട്ടിപ്പുമായി ബന്ധമുണ്ടെന്ന് കരുതുന്ന പൊലിസുകാരെ കഴിഞ്ഞ ദിവസം വിജിലൻസും ചോദ്യം ചെയ്തിരുന്നു. ഇതിൽ ആരോപണവിധേയരായ പൊലിസ് ഇൻസ്പെക്ടറുടെ മുറി പരിശോധിച്ചപ്പോൾ ചില രേഖകൾ കണ്ടെത്തിയതായി സൂചനയുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്