തലശേരി: കണ്ണൂർ പാനൂരിൽ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ പ്രതി ശ്യാംജിത്ത് പദ്ധതിയിട്ടത് വമ്പൻ ക്രൂരത. വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയശേഷം ആയുധങ്ങൾ വൃത്തിയാക്കി സൂക്ഷിച്ചത് രണ്ടാമത്തെ കൊലപാതകത്തിനായിട്ടായിരുന്നെന്നു ശ്യാംജിത്ത് പൊലീസിനോട് പറഞ്ഞു. വിഷ്ണുപ്രിയയുടെ ആൺസുഹൃത്തിനെ കൊല്ലാനായിരുന്നു നീക്കം. അയാളുമായി വിഷ്ണുപ്രിയ പ്രണയത്തിലാണെന്നു സംശയിച്ചതാണു കൊലയ്ക്ക് കാരണം. കൊറിയൻ സിനിമകളുടെ പ്രചോദനത്തിലായിരുന്നു എല്ലാ പദ്ധതിയും തയ്യാറാക്കിയത്.

വിഷ്ണുപ്രിയയുടെ തലയറുത്തു മാറ്റിയശേഷം അതുമായി ആൺസുഹൃത്തിനെ കാണുകയും അയാളെ കൊലപ്പെടുത്തുകയുമായിരുന്നു ശ്യാംജിത്തിന്റെ ലക്ഷ്യം. എന്നാൽ തല പൂർണമായും അറുത്തുമാറ്റാൻ ശ്യാംജിത്തിന് സാധിച്ചില്ല. കഴുത്തറത്തുകൊല്ലാനായി കട്ടറും, കത്തിക്ക് മൂർച്ച കൂട്ടാനുള്ള യന്ത്രവും ഓൺലൈനായി വാങ്ങിയിരുന്നു. എന്നാൽ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം ഇത് ശരിയായി പ്രവർത്തിപ്പിക്കാൻ ശ്യാംജിത്തിനായില്ല. ഇതുകൊണ്ടാണ് കട്ടറുപയോഗിച്ച് കഴുത്തറക്കാൻ പറ്റാത്തത്. ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ മുറിയിലേക്ക് കടന്നെത്തുന്ന സമയത്ത് ആൺസുഹൃത്തുമായി വീഡിയോ കോളിലായിരുന്നു. സംഭവസമയത്ത് കോൾ കട്ടായിരുന്നില്ല. സംഭവങ്ങൾക്ക് ആൺസുഹൃത്ത് അത്തരത്തിൽ സാക്ഷിയുമായി. സാക്ഷിയെന്ന നിലയിൽ അയാളിൽനിന്നും പൊലീസ് മൊഴിയെടുക്കും.

കൊലപാതകത്തിനായി നേരത്തെ തന്നെ ആസൂത്രണം തുടങ്ങിയിരുന്നു. ഗൂഗിളിൽ സേർച്ച് നടത്തിയായിരുന്നു തുടക്കം. തെളിവ് നശിപ്പിക്കാനുള്ള പദ്ധതികളും തയാറാക്കിയിരുന്നു. 'അഞ്ചാം പാതിര'എന്ന സിനിമയെയും മാതൃകയാക്കി. കത്തി കടയിൽനിന്ന് വാങ്ങിയാൽ സംശയിക്കാമെന്നതിനാൽ അതു സ്വന്തമായി നിർമ്മിച്ചു. ഇരുമ്പ് വാങ്ങി ഇരുഭാഗത്തും മൂർച്ചയുള്ള കത്തി മൂന്നുദിവസം കൊണ്ടാണു പൂർത്തിയാക്കിയത്. തലയ്ക്കടിച്ച് വീഴത്താൻ ഉപയോഗിച്ച ചുറ്റിക കടയിൽനിന്ന് വാങ്ങി. മുളക് പൊടി അടക്കമുള്ളവ ബാഗിൽ കരുതി. സമീപത്തെ ബാബർഷോപ്പിൽനിന്ന് മറ്റാരുടേയോ മുടി മോഷ്ടിച്ചു. ഈ മുടി വിഷ്ണുപ്രിയയുടെ മുറിയിൽ നിക്ഷേപിച്ചു. തെളിവായി ലഭിച്ച മുടി ഡി.എൻ.എ. പരിശോധനയ്ക്ക് അയച്ചാൽ ലഭിക്കുന്ന റിപ്പോർട്ട് തനിക്ക് അനുകൂലമാക്കാനായിരുന്നു ഇത്. എന്നാൽ വീഡിയോ കോൾ എല്ലാം പൊളിച്ചു.

ശനിയാഴ്ചയാണ് പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണുപ്രിയ (23) ആണ് പ്രണയപ്പകയിൽ അതിദാരുണമായി കൊല്ലപ്പെട്ടത്. ഉച്ചയോടെ യുവതിയെ വീട്ടിനകത്തുകൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്കായി കുടുംബ വീട്ടിലായിരുന്നു യുവതി. രാവിലെ വസ്ത്രം മാറാനും മറ്റുമായി സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു. മകൾ തിരികെ വരാൻ വൈകിയതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് വിഷ്ണുപ്രിയയെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ വീട്ടിനകത്ത് കണ്ടെത്തിയത്

പൊന്നാനി സ്വദേശിയായ ആൺ സുഹൃത്തുമായി അടുപ്പത്തിലായതോടെ സാമ്പത്തിക ശേഷി കുറഞ്ഞ കുടുംബത്തിലെ അംഗമായ തന്നെ ഒഴിവാക്കാൻ വിഷ്ണുപ്രിയ ശ്രമിക്കുന്നുവെന്ന ധാരണയാണ് പാനൂർ വള്ള്യായിലെ നിഷ്ഠൂരമായ കൊലപാതകത്തിന് പ്രതി ശ്യാംജിത്തിനെ പ്രേരിപ്പിച്ചത്. ശ്യാംജിത്തിന്റെ സഹേദരിയുടെ കൂടെ പഠിച്ചിരുന്ന വിഷ്ണുപ്രിയയുമായി അഞ്ചു വർഷക്കാലത്ത പ്രണയം ഉണ്ടായിരുന്നതായാണ് ഇയാൾ പറയുന്നത്. എന്നാൽ അഞ്ചു മാസം മുൻപ് മറ്റൊരാൾ ഇരുവർക്കുമിടെയിൽ കടന്നുവന്നതോടെ തന്നെ ഒഴിവാക്കാൻ വിഷ്ണു പ്രിയ അകലുന്നുവെന്ന സംശയം അയാളെ പിടികൂടിയിരുന്നു.

സോഷ്യൽ മീഡിയയിലൂടെയാണ് വിഷ്ണുപ്രിയ പൊന്നാനി സ്വദേശിയായ ആൺ സുഹൃത്തുമായി അടുപ്പത്തിലാകുന്നത്. ഇവർ തമ്മിൽ നിരന്തരം വീഡിയോ ചാറ്റ് ചെയ്തിരുന്നു. സാമ്പത്തിക ശേഷി കുറഞ്ഞ കുടുംബത്തിലുള്ള തന്നെ മറ്റൊരാളെ കിട്ടിയപ്പോൾ വിഷ്ണു പ്രിയ ഒഴിവാക്കാൻ ശ്രമിക്കുന്നതിന്റെ വൈരാഗ്യം അണയാത്ത കനലുപോലെ ശ്യാംജിത്തിന്റെ ഉള്ളിൽ പകയായി എരിഞ്ഞിരുന്നു. കൊലപാതകത്തിനു ശേഷം പ്രതി ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ സുഹൃത്തിനെയും കൊല്ലാൻ അവിടേക്ക് പോകാൻ പദ്ധതിയിട്ടിരുന്നെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. സംഭവ ദിവസം അച്ഛമ്മയുടെ മരണാനന്തര ചടങ്ങുകൾ നടക്കുന്ന തറവാട്ടു വീട്ടിൽ നിന്നും വസ്ത്രം മാറാനെന്ന വ്യാജേനെ വിഷ്ണു പ്രിയ വീട്ടിലെക്ക് വന്നത് പൊന്നാനിയിലെ സുഹൃത്തിന് വീഡിയോ കോൾ ചെയ്യാനായിരുന്നു.

ഇതിനിടെയാണ് കൊല നടത്താൻ ശ്യാംജിത്ത് കയറി വരുന്നത് അപ്രതീക്ഷിതമായി ഈയാളെ വീട്ടിനകത്തു വെച്ചു കണ്ടതിന്റെ ഞെട്ടലോടെ വിഷ്ണു പ്രിയ ശ്യാംജിത്ത് എന്നു വീഡിയോ കോളിലൂടെ പറയുന്നതും ശ്യാംജിത്ത് അരികെയെത്തിയതും പൊന്നാനി സ്വദേശിയായ യുവാവ് കണ്ടിരുന്നു. അപ്പോഴെക്കും വിഷ്ണുപ്രിയയുടെ തലയ്ക്ക് ചുറ്റിക കൊണ്ടു അയാൾ ആഞ്ഞടിച്ചിരുന്നു. ഇതോടെ ഫോൺ തെറിച്ചു വീണ് കോൾ കട്ടായി. ഉടൻ പൊന്നാനി സ്വദേശിയായ യുവാവ് കൊളവല്ലൂർ പൊലിസ് സ്റ്റേഷനിലേക്കും വിഷ്ണുപ്രിയയുടെ ബന്ധുക്കളെയും വിളിച്ച് അവിടെ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു. ഇതോടെയാണ് അവർ ഓടി വീട്ടിലെത്തിയത്.

അപ്പോഴെക്കും ഒന്നുമറിയാത്ത മട്ടിൽ ശ്യാംജിത്ത് അവിടെ നിന്നും കടന്നിരുന്നു. മെയിൻ റോഡിലേക്ക് ഇടവഴിയിലൂടെ നടന്ന് എത്തിയ ഇയാൾ ബൈക്കിൽ മാനന്തേരിയിലെ വീടിനരികെ എത്തുകയും ആയുധങ്ങൾ കുളത്തിൽ താഴ്‌ത്തി ചോരക്കറയുള്ള വസ്ത്രങ്ങളും മാറ്റി ഒന്നുമറിയാത്തതു പോലെ പിതാവിനെ ഹോട്ടലിൽ സഹായിക്കാനെത്തുകയും ചെയ്തു. വിഷ്ണു പ്രിയ അവസാനമായി ചെയ്ത വാട്‌സ് ആപ്പ് വിഡിയോ കോളാണ് കൊലയ്ക്കു പിന്നിൽ ശ്യാംജിത്താണെന്ന തെളിവ് പൊലിസിന് ലഭിക്കാൻ കാരണമായത്.

ശ്യാംജിത്തിന്റെ മാനന്തേരിയിലെ വീട്ടിലെത്തി മണിക്കൂറുകൾക്കുള്ളിൽ പൊലിസ് അറസ്റ്റു ചെയ്യുകയും ചെയ്തു. എന്തു തന്നെയായാലും പൊലീസ് തന്നെ പിടികൂടുമെന്ന് അയാൾക്ക് അറിയാമായിട്ടു കൂടി സ്ഥലത്തു നിന്നും രക്ഷപ്പെടാൻ ശ്യാംജിത്ത് ശ്രമിച്ചില്ല. പൊലീസ് ചോദ്യം ചെയ്യലിലും തെളിവെടുപ്പിലും പൂർണമായി സഹകരിക്കുകയും ചെയ്തു.