- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ദേഷ്യം നമ്മുടെ ദുർബലതയാണ്, ക്ഷമയും വിവേകവുമാണ് ദേഷ്യത്തിനുള്ള മറുമരുന്നെന്ന് ഫേസ്ബുക്കിൽ കുറിച്ച ആൾ; സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട വിഷ്ണുപ്രിയ അകന്നതോടെ ഭ്രാന്തനെ പോലെ; മൊകേരിയിൽ എത്തിയത് ഒന്നുകാണണമെന്ന് വാട്സാപ്പിൽ ചാറ്റ് ചെയ്ത ശേഷം
തലശേരി: പാനൂർ മൊകേരിയിൽ നടന്നത് പ്രണയ പകയാൽ ആസൂത്രണം നടത്തിയ കൊലയെന്ന് പൊലീസ്. മൊകേരി നടമ്മൽ കണ്ണച്ചാൻങ്കണ്ടി വിഷ്ണു പ്രിയ കൊലപാതക കേസിലെ പ്രതി മാനന്തേരി സ്വദേശിയായ ശ്യാംജിത്ത് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അതിക്രൂരമായ കൊലപാതകം ആസൂത്രിതമായി നടത്തിയതാണെന്ന് പൊലിസിന് വ്യക്തമായത്.കൊലയ്ക്ക് മുൻപ് വിഷ്ണുപ്രിയയുമായി ശ്യാംജിത്ത് വാട്സ് ആപ്പിൽ ചാറ്റു നടത്തിയതായും പൊലിസിന് തെളിവുലഭിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവർഷമായി തങ്ങൾ തമ്മിൽ അടുപ്പമുണ്ടായിരുന്നുവെന്നാണ് ടെക്സ്‌റ്റൈൽ ഷോപ്പ് ജീവനക്കാരനായ ശ്യാംജിത്ത് മൊഴി നൽകിയത്.
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട താനുമായി വിഷ്ണുപ്രിയ കടുത്ത പ്രണയത്തിലായിരുന്നുവെന്നും ഇതിൽ നിന്നും പിന്മാറിയ വൈരാഗ്യത്തിലാണ് കൊല നടത്തിയതെന്നാണ് കുത്തുപറമ്പ് എ.സി.പി ഓഫിസിൽ വെച്ചു നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി മൊഴി നൽകിയത്. ഇതിന്റെ വൈരാഗ്യത്തിലാണ് കൊല നടത്തിയത്. ഇതിനായി നേരത്തെ ആസൂത്രണം നടത്തിയിരുന്നു.
ബാഗിൽ കത്തിയുമായി അടങ്ങാത്ത പകയോടെ വിഷ്ണു പ്രിയയുടെ വീട്ടിലെത്തിയ ശ്യാംജിത്ത് കിടപ്പുമുറിയിൽ വെച്ച് കടന്ന് പിടിച്ച് കിടക്കയിൽ കിടത്തി കഴുത്തിന് വെട്ടുകയായിരുന്നു. തടുക്കാൻ തുനിഞ്ഞപ്പോഴാണ് വിഷ്ണുപ്രിയയുടെ കൈകൾക്ക് വെട്ടേറ്റത്. ഇന്ന് രാവിലെ 11.50-നാണ് സംഭവം. ഇരുവരും തമ്മിൽ അകന്നതിനെ തുടർന്ന് ടെക്സൈറ്റൈൽ ജീവനക്കാരനായ ശ്യാംജിത്ത് വിഷ്ണുപ്രിയ ജോലി ചെയ്യുന്ന പാനൂർ ന്യൂക്ളിയസ് ക്ളിനിക്കൽ പോയി പലതവണ ബഹളമുണ്ടാക്കിയതായും പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനു ശേഷം ഇരുവരും അകൽച്ചയിലായിരുന്നു.
പിന്നീട് ഇന്ന് രാവിലെയാണ് അതുവഴി പോകുമ്പോൾ കാണണമെന്ന് ചാറ്റ് ചെയ്തതിനു ശേഷം ഇയാൾ ആരുമില്ലാത്ത സമയം മനഃപൂർവ്വം കൊലനടത്താനുള്ള അവസരം സൃഷ്ടിച്ചെത്തിയത്. അഞ്ചുദിവസം മുൻപ് വിഷ്ണുപ്രിയയുടെ അച്ഛന്റെ അമ്മ മരിച്ചതിനാൽ കുറച്ചുമാറിയുള്ള തറവാട്ടുവീട്ടിലായിരുന്നു എല്ലാവരും. ഖത്തറിൽ പ്രവാസിയായ വിനോദിന്റെയും ബിന്ദുവിന്റെയും മകളാണ് വിഷ്ണുപ്രിയ. ഇവരുടെ സഹോദരിമാരായ വിപിന, അരുൺ എന്നിവരും വീട്ടിലുണ്ടായിരുന്നില്ല. ദേഷ്യം നമ്മുടെ ദുർബലതയാണ്. ക്ഷമയും വിവേകവുമാണ് ദേഷ്യത്തിനുള്ള മറുമരുന്നെന്ന് തന്റെ ഫേസ്‌ബുക്ക് പേജിലെഴുതിയ ശ്യാംജിത്ത് എങ്ങനെ ഇത്രക്രൂരമായ കൊലപാതകം നടത്തിയെന്ന ചോദ്യമാണ് യുവാവിന്റെ ജന്മനാടായ മാനന്തേരിക്കാർക്കുമുള്ളത്.
ഉച്ചയ്ക്ക് 12 മണിയോടെയാണ് യുവതിയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. 'സംഭവസമയം വിഷ്ണുപ്രിയയുടെ അമ്മ അടക്കമുള്ളവർ തറവാട്ട് വീട്ടിലായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ ഇവിടെ എത്തിയ ബന്ധുവായ സ്ത്രീയാണ് മൃതദേഹം ആദ്യം കണ്ടത്. മുറിയിലെ കട്ടിലിൽ കിടക്കുന്നനിലയിലായിരുന്നു മൃതദേഹം. കഴുത്ത് ഏകദേശം അറ്റുപോയനിലയിലായിരുന്നു. അയൽക്കാരിൽ ചിലരാണ് തൊപ്പിവെച്ച ഒരാളെ ഈ സമയത്ത് കണ്ടത്. അത് ആരെന്ന് എല്ലാവർക്കും അറിയാമായിരുന്നു. പിന്നാലെയാണ് ശ്യാംജിത്ത് പിടികൊടുത്തത്. മാനന്തേരി സ്വദേശിയാണ് ശ്യാംജിത്ത് എന്നാണ് സൂചന.
ഏറെനാളായി ശ്യാംജിത്തും വിഷ്ണുപ്രിയയും സൗഹൃദത്തിലായിരുന്നു. താൻ വിഷ്ണുപ്രിയയുമായി പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസിന് ഇയാൾ നൽകിയ മൊഴി. എന്നാൽ മറ്റൊരാളുമായി വിഷ്ണുപ്രിയയ്ക്ക് ബന്ധമുണ്ടെന്ന് ഇയാൾ സംശയിച്ചു. രണ്ടു മാസം മുമ്പാണ് ഇത്തരം സൂചനകൾ കിട്ടിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ആദ്യം ആ യുവാവിനെ കൊല്ലാനാണ് പദ്ധതിയിട്ടത്. പിന്നീട് അത് മാറി വിഷ്ണു പ്രിയയെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നുവെന്നും ഇയാൾ പൊലീസിനോട് സമ്മതിച്ചു.
ബാങ്ക് കോച്ചിംഗിനും മറ്റും പഠിക്കുന്ന വ്യക്തിയാണ് ശ്യാംജിത്ത്. കൊലപാതകം നടത്തിയെന്നത് പ്രതി സമ്മതിച്ച സാഹചര്യത്തിൽ അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് പോകും. താൻ ഒറ്റയ്ക്കാണ് തീരുമാനമെടുത്തതെന്നും ശ്യാംജിത്ത് പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം പൊലീസ് നടത്തും. പ്രതിയുടെ മൊഴി പൊലീസ് പൂർണ്ണമായും വിശ്വസിക്കുന്നില്ല. എങ്കിലും സംശയ രോഗവും പ്രണയ പകയുമാണ് കൊലക്ക് കാരണമെന്ന് പൊലീസും സമ്മതിക്കുന്നു.
ദാരുണമായരീതിയിലാണ് യുവതിയെ കൊലപ്പെടുത്തിയിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റും പ്രതികരിച്ചു. തൊപ്പിയും മാസ്‌കും ടീഷർട്ടും ധരിച്ചയാൾ തൊട്ടടുത്ത റോഡിലുണ്ടായിരുന്നതായി ചിലർ പറഞ്ഞിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞിരുന്നു. പിന്നാലെയാണ് പ്രതി പൊലീസിൽ കീഴടങ്ങിയത്. പാനൂരിലെ സ്വകാര്യ മെഡിക്കൽ ലാബിലെ ജീവനക്കാരിയാണ് വിഷ്ണുപ്രിയ. നാലുദിവസം മുമ്പാണ് വിഷ്ണുപ്രിയയുടെ മുത്തശ്ശി മരിച്ചത്.
ഇതിനെത്തുടർന്ന് കുറച്ചുദിവസങ്ങളായി ഇവർ അവധിയിലായിരുന്നു. ഇക്കാര്യങ്ങളെല്ലാം ശ്യാംജിത്തിനും അറിയാമായിരുന്നു. ആസൂത്രിതമായാണ് കൃത്യം നടത്തിയതെന്നും പൊലീസ് കരുതുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്