കണ്ണൂർ: പാനൂർ വിഷ്ണുപ്രിയ കൊലപാതക കേസിൽ പ്രതി ശ്യാംജിത്തിനെ കസ്റ്റഡിയിൽ കിട്ടുമ്പോൾ പൊലീസ് ശ്രമിക്കുക കൊലപാതക ഗൂഢാലോചനയിൽ മറ്റാരെങ്കിലും പങ്കാളിയായോ എന്ന ചുരുളഴിക്കാൻ. വിഷ്ണുപ്രിയയുടെ പൊന്നാനിയിലെ സുഹൃത്തും , പ്രതി വീട്ടിൽ നിന്നിറങ്ങി പോകുന്നത് കണ്ട അയൽവാസിയുമായിരിക്കും കേസിലെ സാക്ഷികൾ. ഇവരുടെ പ്രാഥമിക മൊഴി കഴിഞ്ഞ ദിവസം പൊലീസ് ശേഖരിച്ചിരുന്നു.

ശനിയാഴ്ചയാണ് പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണുപ്രിയ പ്രണയപ്പകയിൽ അതിദാരുണമായി കൊല്ലപ്പെട്ടത്. ഉച്ചയോടെ യുവതിയെ വീട്ടിനകത്തുകൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. അച്ഛന്റെ അമ്മയുടെ മരണാനന്തര ചടങ്ങുകൾക്കായി കുടുംബ വീട്ടിലായിരുന്നു യുവതി. രാവിലെ വസ്ത്രം മാറാനും മറ്റുമായി സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു. അതിക്രൂരമായാണ് പ്രണയപക വിഷ്ണു പ്രിയയുടെ ജീവനെടുത്തത്. വിഷ്ണുപ്രിയയുടെ കഴുത്ത് ഏതാണ്ട് മുറിച്ചു മാറ്റിയിരുന്നു. മാറിടത്തും കൈയിലുമെല്ലാം കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. ഇതിന് അപ്പുറത്തേക്ക് വിഷ്ണുപ്രിയയുടെ കാൽപാദവും മുറിച്ചു മാറ്റിയിരുന്നു. ആസൂത്രിതമായിരുന്നു ഇതെല്ലാം.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ പലപ്പോഴും കാൽപ്പാദം മുറിച്ചു മാറ്റുന്ന ശൈലിയുണ്ട്. ഇത് തന്നെയാണ് ശ്യാംജിത്തും നടത്തിയത്. മരണത്തിൽ നിന്ന് രക്ഷപ്പെട്ടാലും ഭാവിയിൽ എഴുന്നേറ്റു നടക്കാതിരിക്കാനാണ് ഇങ്ങനെയുള്ള ക്രൂരത ക്രിമിനലുകൾ കാട്ടുന്നത്. ഇതടക്കം ശ്യാംജിത്ത് മനസ്സിലാക്കിയിരുന്നു. ഇതിന് ആരെങ്കിലും പ്രേരണയാകും തരത്തിൽ പ്രവർത്തിച്ചോ എന്ന സംശയം പൊലീസിനുണ്ട്. എന്തുകൊണ്ട് വിഷ്ണുപ്രിയയോട് ഇത്രയും ക്രൂരത കാട്ടിയെന്ന ചോദ്യത്തിന് പൊലീസിനും ഉത്തരമില്ല.

വിഷ്ണുപ്രിയയും ശ്യാംജിത്തും വലിയ അടുപ്പത്തിലായിരുന്നു. എന്നാൽ ബന്ധം തുടരാൻ താൽപ്പര്യമില്ലെന്ന് മാസങ്ങൾക്ക് മുമ്പ് ശ്യാംജിത്തിനെ വിഷ്ണുപ്രിയ അറിയിച്ചിരുന്നു. ഇത് മറ്റൊരു സുഹൃത്തിന്റെ സ്വാധീനത്തിലാണെന്ന് ശ്യാംജിത്ത് വിശ്വസിച്ചു. ഇത് പ്രണയപ്പകയായി. ആ യുവാവിനേയും വിഷ്ണുപ്രിയയേയും കൊല്ലാനായിരുന്നു തീരുമാനം. എന്നാൽ വിഷ്ണുപ്രിയയെ കൊന്ന ശേഷം ശ്യാംജിത്ത് രണ്ടാം കൊല നടപ്പാകും മുമ്പേ കുടുങ്ങുകയായിരുന്നു. ആദ്യം ആൺസുഹൃത്തിനെ കൊല്ലാനായിരുന്നു ആലോചന. പിന്നീട് ആ തീരുമാനം മാറ്റുകയായിരുന്നുവെന്നും സൂചനകളുണ്ട്.

കഴുത്തിൽ കൊലക്കത്തി വീഴുന്നതിന് മുൻപ് വിഷ്ണുപ്രിയയുടെ അവസാന നിലവിളി പ്രതിയെ എളുപ്പത്തിൽ കുരുക്കുന്നതിന് പ്രധാന തെളിവായി. പ്രതി എം. ശ്യാംജിത്ത് വീട്ടിലേക്ക് പതുങ്ങിവരുമ്പോൾ വിഷ്ണുപ്രിയ പൊന്നാനി സ്വദേശി സുഹൃത്തിനോട് വാട്സാപ്പിൽ സംസാരിക്കുകയായിരുന്നു. സംസാരിച്ച് തീരുന്നതിന് മുൻപാണ് പ്രതി കൊലക്കത്തിയുമായി എത്തിയത്. പൊലീസെത്തുമ്പോൾ വിഷ്ണുപ്രിയയുടെ ഫോൺ നിലത്ത് വീണുകിടക്കുകയായിരുന്നു. അവസാനമായി വിഷ്ണുപ്രിയ സംസാരിച്ചയാളെ പൊലീസ് കണ്ടെത്തി. പൊന്നാനി സ്വദേശിയെ ബന്ധപ്പെട്ടപ്പോൾ, ഒരു ശ്യാംജിത്തിന്റെ പേര് വിളിച്ച് വിഷ്ണപ്രിയ നിലവിളിച്ചുവെന്നും പിന്നെ വിളിച്ചിട്ട് കിട്ടിയില്ലെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞു. അഞ്ചുവർഷമായി വിഷ്ണപ്രിയ സുഹൃത്താണെന്നും അദ്ദേഹം പൊലീസിനോട് വെളിപ്പെടുത്തി.

വിഷ്ണുപ്രിയയുടെ ഫോണിൽനിന്നുതന്നെ ശ്യാംജിത്തിന്റെ നമ്പർ കിട്ടി. നാട്ടിൽ ആ പേരുള്ള ഒരു സുഹൃത്ത് വിഷ്ണുപ്രിയയ്ക്കുള്ളതായി ബന്ധുക്കൾക്ക് അറിയില്ല. ആ നമ്പർ ടവർ ലൊക്കേഷൻ നോക്കി പൊലീസ് പിന്തുടർന്നു. എത്തിയത് മാനന്തേരിയിൽ. ആളെ കണ്ടെത്തിയപ്പോൾ ഒരു കുലുക്കവുമില്ലാതെ അച്ഛൻ നടത്തുന്ന ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു. പൊലീസിനോട് ആദ്യം എല്ലാം നിഷേധിച്ചു. ഒടുവിൽ രക്ഷയില്ലെന്ന് കണ്ടപ്പോൾ എല്ലാം ഏറ്റുപറഞ്ഞു. കൊലനടത്തിയശേഷം ചോരപുരണ്ട കത്തിയും ചുറ്റികയും കഴുകി ബാഗിൽവെച്ച് സ്വന്തം ബൈക്കിൽ വീട്ടിലെത്തി കുളിച്ച് ഹോട്ടലിൽ ജോലിക്ക് നിന്നു. ഒരു പരിഭ്രമവും മുഖത്തുണ്ടായിരുന്നില്ല. രാവിലെ 10.30-ഓടെയാണ് ഹോട്ടലിൽനിന്ന് ശ്യാംജിത്ത് പോയത്. വൈകിട്ട് നാടുവിടാനായിരുന്നു പദ്ധതി. വിഷ്ണുപ്രിയയുമായി അഞ്ചുവർഷമായി പ്രണയത്തിലായിരുന്നുവെന്നും മൂന്നുമാസമായി തന്നെ പൂർണമായും അവഗണിക്കുകയായിരുന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു. വിഷ്ണുപ്രിയയെ കൊല്ലാൻ മൂന്നുദിവസം മുൻപാണ് തീരുമാനമെടുത്തത്. വെട്ടുകത്തി നേരത്തേ വാങ്ങി. ചുറ്റിക രണ്ടുദിവസം മുൻപും.

ഞായറാഴ്ച കോടതി അവധിയായതിനാൽ തളിപ്പറമ്പ് മുനിസിപ്പൽ മജിസ്‌ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്‌ച്ചത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. കസ്റ്റഡിയിൽ കിട്ടിയാൽ ഉടൻ തന്നെ പ്രതിയെ വിഷ്ണുപ്രിയയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കഴിഞ്ഞ ദിവസം വിഷണുപ്രിയയുടെ സംസ്‌കാരം നടക്കുന്നതിനാലാണ് തെളിവെടുപ്പ് നടത്താതിരുന്നത്. പ്രതി പിടിയിലായപ്പോൾ തന്നെ ആയുധങ്ങളടക്കമുള്ള എല്ലാ തെളിവുകളും കണ്ടെത്തിയിരുന്നു. ചുറ്റിക, കയ്യുറ, മാസ്‌ക്, ഇടിക്കട്ട, സ്‌ക്രൂ ഡ്രൈവർ, മുളക് പൊടി എന്നിവ വാങ്ങിയ കടകളിലും തെളിവെടുപ്പ് നടത്തും.

പ്രതിക്ക് ശിക്ഷ ഉറപ്പാക്കാൻ സഹായിക്കുന്ന സാക്ഷികളെയാണ് ലഭിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തൽ. വിഷ്ണുപ്രിയയുടെ വീടിനടുത്ത് താമസിക്കുന്ന ഒരാൾ ശ്യാംജിത്ത് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടിരുന്നു. വിഷ്ണുപ്രിയയുടെ കൊലപാതകത്തിൽ പഴുതടച്ച കുറ്റപത്രമൊരുക്കാൻ തന്നെയാണ് പൊലീസ് ശ്രമിക്കുന്നത്.