കണ്ണൂർ: പാനൂരിൽ യുവതിയെ വീട്ടിൽ കയറി കഴുത്തറുത്തുകൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ പ്രണയ പകയെന്ന് സംശയം. മൊകേരി വള്ള്യായിയിൽ നടമ്മൽ കണ്ണച്ചാക്കണ്ടി വിഷ്ണുപ്രിയ (അമ്മു -23) യെയാണ് കൊലപ്പെടുത്തിയത്. പാനൂരിൽ ഫാർമസിസ്റ്റായ യുവതി ഇന്നു ജോലിക്കു പോയിരുന്നില്ല. തറവാട്ടു വീട്ടിലേക്കു പോയ അമ്മ തിരിച്ചെത്തിയപ്പോഴാണ് വിവരമറിയുന്നത്. തൊപ്പിയും മാസ്‌ക്കും ധരിച്ച അപരിചതനായ ഒരു യുവാവ് റോഡിലൂടെ ഓടി പോകുന്നത് കണ്ടതായി പ്രദേശവാസികൾ പറയുന്നു.

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് കൊലപാതകം നടന്നത്. വീട്ടിൽ വിഷ്ണുപ്രിയ മാത്രമുണ്ടായിരുന്ന സമയത്താണ് പ്രതി മുഖംമൂടി ധരിച്ചെത്തിയത്. കഴുത്തറുത്ത് ഇരു കൈകളും വെട്ടിമുറിച്ച നിലയിൽ കിടപ്പുമുറിയിലായിരുന്നു മൃതദേഹം. സ്ഥലത്ത് പിടിവലി നടന്നതിന്റെ ലക്ഷണമുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. അഞ്ചു ദിവസം മുമ്പ് വിഷ്ണുപ്രിയയുടെ അച്ഛന്റെ അമ്മ മരണപ്പെട്ടതിനാൽ എല്ലാവരും അവിടെയായിരുന്നു.

നാല് മാസമായി പാനൂർ നൂക്ലിയസ് ആശുപത്രിയിലെ ഫാർമസി ജീവനക്കാരിയായിരുന്നു വിഷ്ണുപ്രിയ. പെൺകുട്ടിയുടെ അച്ഛന്റെ അമ്മയുടെ മരണാനന്തര ചടങ്ങായിരുന്നു. തറവാട്ട് വീട്ടിൽ നിന്ന് വസ്ത്രം മാറാനും മറ്റുമായി വീട്ടിലെത്തിയതായിരുന്നു വിഷ്ണുപ്രിയ. തിരിച്ചു വരാതിരുന്നപ്പോൾ കുടുംബാംഗങ്ങൾ അന്വേഷിച്ച് വരികയായിരുന്നു. ഈ സമയത്താണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

പ്രതിയെക്കുറിച്ച് ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. വിഷ്ണുപ്രിയയുടെ പിതാവ് വിനോദ് ഖത്തറിലാണ്. കുറച്ച് ദിവസം മുമ്പാണ് അവധിക്ക് നാട്ടിൽ വന്ന ഇദ്ദേഹം ഖത്തറിലേക്ക തിരികെ പോയത്.

അമ്മ ബിന്ദു. സഹോദരങ്ങൾ: വിസ്മയ, വിപിന, അരുൺ. പാനൂർ പൊലീസ് ഇൻസ്‌പെക്ടർ എംപി ആസാദ്, വിവി ലതീഷ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പൊലീസ് അന്വേഷണം നടന്നു വരികയാണ്. മാധ്യമ പ്രവർത്തകരെ അടക്കം ആരെയും ഇപ്പോൾ കൊലപാതകം നടന്ന സ്ഥലത്തേക്ക് കയറ്റി വിടുന്നില്ല.

പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്

കൊലപാതകിയെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. 23 വയസുകാരിയായ യുവതിയുടെ കൊലപാതകത്തിൽ നടുങ്ങിയിരിക്കുകയാണ് വള്ള്യായി ഗ്രാമം. സംഭവത്തിന് പിന്നിൽ ആസൂത്രിതമായ കൊലപാതകമാണെന്ന് കുത്തുപറമ്പ് എ.സി.പി പറഞ്ഞു. കൊലപാതകം നടത്താൻ വേണ്ടി തന്നെയാണ് കൊലപാതകിയായ യുവാവ് എത്തിയതെന്നും പിടിവലിയും അക്രമവും നടന്നതായി പൊലിസ് പറഞ്ഞു.

വിഷ്ണു പ്രിയയുടെ കഴുത്തിലും കൈയിലും ആഴത്തിലുള്ള വെട്ട് ഏറ്റിട്ടുണ്ട്. കൈയിലുള്ള വെട്ട് അക്രമം തടയുന്നതിനിടെയാണ് സംഭവിച്ചത്. പ്രദേശത്തെ കടകളിലെയും വീടുകളിലെയും സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ മുഖം മൂടിക്ക് സമാനമായ മാസ്‌ക് ധരിച്ചയാളാണ് വീട്ടിലെത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. കണ്ണുരിൽ നിന്നെത്തിയ ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിഭാഗവും പരിശോധന നടത്തി.

കുത്തുപറമ്പ് എ.സി.പി. പ്രദീപൻ കണ്ണിപ്പൊയിലാണ് കേസ് അന്വേഷിക്കുന്നത്. നാടിനെ നടുക്കിയ കൊലപാതക വിവരമറിഞ്ഞ് നുറുകണക്കിനാളുകൾ വിഷ്ണു പ്രിയയയുടെ വീട്ടിലും പരിസരത്തുമെത്തിയിരുന്നു. കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോ സ്ഥലത്ത് എത്തി പരിശോധന നടത്തി. മൃതദേഹം പാനൂർ പൊലിസ് ഇൻക്വസ്റ്റ് നടത്തി തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കെ.പി മോഹനൻ എം.എൽ എ ഉൾപ്പെടെയുള്ളവർ സംഭവ സ്ഥലം സന്ദർശിച്ചു.