- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഷ്ണുപ്രിയക്ക് അവസാനമായി ലഭിച്ച ഫോൺ കോൾ മാത്രമല്ല പെട്ടെന്ന് പ്രതിയെ പിടികൂടാൻ സഹായിച്ചത്; പൊന്നാനി സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്യാംജിത്ത് പദ്ധതിയിട്ടിരുന്നോ എന്ന് അന്വേഷിച്ചുവരുന്നു; കുറ്റപത്രം അതിവേഗം സമർപ്പിക്കുമെന്ന് കമ്മീഷണർ ആർ. ഇളങ്കോ; പ്രതി നാല് ദിവസത്തേക്ക് കസ്റ്റഡിയിൽ
കണ്ണൂർ: വിഷ്ണുപ്രിയ കൊലക്കേസ് പ്രതി ശ്യാം ജിത്തിനെ നാലു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായിട്ടാണ് പൊലിസ് ഹർജി നൽകിയത്. പ്രതിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ആയുധങ്ങൾ ഉൾപ്പെടെ എല്ലാം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. വിഷ്ണുപ്രിയയുടെ വീട്ടിലെത്തിച്ച് പ്രതിയുടെ തെളിവെടുപ്പ് നടത്തും.
ഇവർ തമ്മിൽ എത്ര വർഷത്തെ പരിചയമുണ്ടായിരുന്നു, എപ്പോൾ മുതലാണ് ശ്യാംജിത്തിന്റെ മനസ്സിൽ പക തോന്നിത്തുടങ്ങിയത്, തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിശദമായ മൊഴി രേഖപ്പെടുത്തും. ഒപ്പം മറ്റ് ശാസ്ത്രീയ തെളിവുകളെല്ലാം ശേഖരിക്കും. വിഷ്ണുപ്രിയയുടെ പൊന്നാനിക്കാരനായ സുഹൃത്തിനെ സാക്ഷിയാക്കാൻ പൊലീസ് ആലോചിക്കുന്നുണ്ട്. അയാളെ ഇവിടെക്ക് എത്തിക്കാനുള്ള നടപടികളെക്കുറിച്ചും പൊലീസ് പരിശോധിക്കുന്നുണ്ട്. ഒപ്പം അയൽവാസികളെയും സാക്ഷിയാക്കാനാണ് ആലോചന. എത്രയും പെട്ടെന്ന് അന്വേഷണം പൂർത്തിയാക്കി, കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. മാതൃകപരമായ ശിക്ഷ വാങ്ങിക്കൊടുക്കുന്ന രീതിയിലേക്ക് എത്താനാണ് പൊലീസ് ഇപ്പോൾ ശ്രമിക്കുന്നത്.
വിഷ്ണുപ്രിയ കൊലപാതക കേസിൽ സമഗ്രാ ന്വേഷണം നടത്തുമെന്ന് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോ അറിയിച്ചു, കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തിൽ പൊലിസ് കുറ്റപത്രം അതിവേഗം സമർപ്പിക്കുമെന്നും ആർ. ഇളങ്കോ വ്യക്തമാക്കി. വിഷ്ണുപ്രിയയുടെ സുഹൃത്തായ പൊന്നാനി സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നോവെന്ന കാര്യം അന്വേഷിച്ചുവരികയാണ്.
വിഷ്ണുപ്രിയ കൊലപാതകവുമായി ബന്ധപ്പെട്ട് ശ്യാംജിത്തിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കാനുണ്ട്. പ്രണയം ബ്രേക്ക് ചെയ്ത പകയിലാണ് ശ്യാംജിത്തുകൊല ആസൂത്രണം ചെയ്തത്. ഇതിന് സിനിമയും സോഷ്യൽ മീഡിയയും പ്രചോദനമായിട്ടുണ്ടെങ്കിൽ അതുകുറ്റകരമല്ല. അവസാനം നടന്ന ക്രൈം മാത്രമാണ് കുറ്റകരമായിട്ടുള്ളത്. വിഷ്ണുപ്രിയ കൊലപാതകത്തെ കുറിച്ചു ശ്യാംജിത്ത് കുറ്റസമ്മതം നടത്തിയിട്ടുണ്ടെങ്കിലും അതുശാസ്ത്രീയമായി തെളിയിക്കുകയെന്നതാണ് പൊലിസ് ലക്ഷ്യം.
ഇതുവരെ പൊലിസ് നടത്തിയത് ഈ രീതിയിലുള്ള അന്വേഷണമാണെന്നും കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ പറഞ്ഞു. ചില മാധ്യമങ്ങൾ പ്രചരിക്കുന്നതുപോലെ വിഷ്ണുപ്രിയക്ക് അവസാനമായി ലഭിച്ച ഫോൺ കോൾ മാത്രമല്ല ഈ കൊലപാതക കേസിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടാൻ സഹായിച്ചത്. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി തളിപറമ്പ് മജിസ്ട്രേറ്റു കോടതിയിൽ നിന്നും പ്രതി ശ്യാംജിത്തിനെ പൊലിസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. അടുത്ത ദിവസം തന്നെ ശ്യാംജിത്തിനെ വിഷ്ണുപ്രിയയുടെ മൊകേരിയിലെ വീട്ടിൽ കൊണ്ടുപോയി തെളിവെടുക്കും.
അതിക്രൂരമായ കൊലപാതകം നടത്തിയതിനാൽ ശ്യാംജിത്തിനെതിരെ വിഷ്ണുപ്രിയയുടെ നാട്ടിൽ കടുത്ത പ്രതിഷേധമുണ്ട്. അതിനാൽ കനത്ത പൊലിസ് സുരക്ഷയോടെയാണ് ഇയാളെ തെളിവെടുപ്പിനായി കൊണ്ടുവരിക. ഇതിനിടെ വിഷ്ണുപ്രിയ വധക്കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് പൊലിസ് വിലയിരുത്തിയിട്ടുണ്ട്. ശ്യാംജിത്ത് തനിയെ നടത്തിയ കൊലപാതകമാണ് ഇതെന്നും ബാഹ്യ ഇടപെടലുണ്ടായിട്ടില്ലെന്നുമാണ് അന്വേഷണത്തിന്റെ വിലയിരുത്തൽ. കൂത്തുപറമ്പ് എ.സി.പി പ്രദീപൻ കണ്ണിപൊയിൽ, പാനൂർ സി. ഐ എംപി ആസാദ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിവരുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്