കൂത്തുപറമ്പ്: പാനൂർ മൊകേരിയിൽ നടന്നത് പ്രണയ പകയാൽ ആസൂത്രിതമായ കൊലപാതകമെന്ന് പൊലിസ്. മണിക്കൂറുകൾക്കകം കേസിലെ പ്രതിയെ പിടികൂടിയത് പൊലിസിന്റെ അന്വേഷണമികവിന് തെളിവായി. കൊല നടന്ന് മണിക്കൂറുകൾക്കുള്ളിൽ പ്രതിയായ മാനന്തേരി സത്രത്തിലെ ശ്യാംജിത്തിനെ കണ്ടെത്താനും കസ്റ്റഡിയിലെടുക്കാനും കൂത്തുപറമ്പ് എ.സി.പി പ്രദീപൻ കണ്ണിപൊയിലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് കഴിഞ്ഞു.

മൊകേരി നടമ്മൽ കണ്ണച്ചാൻങ്കണ്ടി വിഷ്ണു പ്രിയ (23)കൊലപാതക കേസിലെ പ്രതി, മാനന്തേരി സത്രംസ്വദേശിയായ ശ്യാംജിത്താണ് എന്ന് വിഷ്ണുപ്രിയയുടെ മൊബൈൽ പരിശോധിച്ചപ്പോൾ ലഭിച്ച ചാറ്റിങ്ങ് സന്ദേശങ്ങളിലൂടെ പൊലിസിന് വ്യക്തമായത്. മരിക്കുന്നതിനു മുൻപ് വിഷ്ണുപ്രിയയുമായി ശ്യാംജിത്ത് വാട്സ് ആപ്പിൽ ചാറ്റു നടത്തിയതായും ശ്യാംജിത്ത് വീട്ടിലേക്ക് വരുന്ന വിവരം നേരത്തെ അറിഞ്ഞിരുന്നതായും പൊലിസിന് തെളിവുലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ അഞ്ചുവർഷമായി തങ്ങൾ തമ്മിൽ അടുപ്പമുണ്ടായിരുന്നുവെന്നാണ് ശ്യാംജിത്ത് മൊഴിനൽകിയത്. തന്റെ സഹോദരിയുടെ കൂടെ പഠിച്ച വിഷ്ണുപ്രിയയുമായി ഇയാൾ സൗഹൃദം സ്ഥാപിച്ചു. പിന്നീടത് കടുത്ത പ്രണയമായി മാറി. എന്നാൽ ഇതിൽ നിന്നും പിന്മാറിയ വൈരാഗ്യത്തിലാണ് കൊല നടത്തിയതെന്നാണ് കുത്തുപറമ്പ് എ.സി.പി ഓഫിസിൽ വെച്ചു നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി മൊഴി നൽകിയത്.

വിഷ്ണുപ്രിയയെ വകവരുത്താൻ നേരത്തെ ആസൂത്രണം നടത്തിയിരുന്നു. ബാഗിൽ കത്തിയുമായി അടങ്ങാത്ത പകയോടെ വിഷ്ണു പ്രിയയുടെ വീട്ടിലെത്തിയ ശ്യാംജിത്ത് കിടപ്പുമുറിയിൽ വെച്ച് കടന്ന് പിടിച്ച് കിടക്കയിൽ കിടത്തി കഴുത്തിന് വെട്ടുകയായിരുന്നു. തടുക്കാൻ തുനിഞ്ഞപ്പോഴാണ് വിഷ്ണുപ്രിയയുടെ കൈകൾക്ക് വെട്ടേറ്റത്. രാവിലെ പതിനൊന്നുമണിക്ക് ശേഷമാണ് സംഭവം.

ഇരുവരും തമ്മിൽ അകന്നതിനെ തുടർന്ന് ശ്യാംജിത്ത് വിഷ്ണുപ്രിയ നിരന്തരം സോഷ്യൽ മീഡിയയിലൂടെ പിൻതുടർന്നുവെന്നാണ് വിവരം. അഞ്ചുദിവസം മുൻപ് വിഷ്ണുപ്രിയയുടെ അച്ഛന്റെ അമ്മ മരിച്ചതിനാൽ കുറച്ചുമാറിയുള്ള തറവാട്ടുവീട്ടിലായിരുന്നു എല്ലാവരും. ഖത്തറിൽ പ്രവാസിയായ വിനോദിന്റെയും ബിന്ദുവിന്റെയും മകളാണ് വിഷ്ണുപ്രിയ. ഇവരുടെ സഹോദരിമാരായ വിപിന, അരുൺ എന്നിവരും വീട്ടിലുണ്ടായിരുന്നില്ല. ദേഷ്യം നമ്മുടെ ദുർബലതയാണ്. ക്ഷമയും വിവേകവുമാണ് ദേഷ്യത്തിനുള്ള മറുമരുന്നെന്ന് തന്റെ ഫേസ്‌ബുക്ക് പേജിലെഴുതിയ ശ്യാംജിത്ത് എങ്ങനെ ഇത്രക്രൂരമായ കൊലപാതകം നടത്തിയെന്ന ചോദ്യമാണ് യുവാവിന്റെ ജന്മനാടായ മാനന്തേരിക്കാർക്കുമുള്ളത്.

കഴിഞ്ഞനാലു മാസമായി പാനൂർ നൂക്ലിയസ് ആശുപത്രിയിലെ ഫാർമസിജീവനക്കാരിയായിരുന്നു വിഷ്ണുപ്രിയ.കൊലനടത്തിയതിനു ശേഷം യാതൊന്നും സംഭവിക്കാതെ നടന്നു പോയ ശ്യാംജിത്തിനെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ മനസിലാക്കിയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. വിദ്യാഭ്യാസത്തിനു ശേഷം മാനന്തേരി സത്രത്തിൽ അച്ഛന്റെ ഹോട്ടലിൽ നിൽക്കുകയായിരുന്ന ശ്യാംജിത്ത് പൊതുവെ ശാന്തസ്വഭാവക്കാരനാണെന്നാണ് നാട്ടുകാർ പറയുന്നത്.