തലശേരി: പാനൂർ മൊകേരിയിലെ വിഷ്ണുപ്രിയയെ കഴുത്തറുത്തുകൊന്ന കേസിലെ പ്രതി ശ്യാംജിത്തിനെ മണിക്കൂറുകൾക്കും പിടികൂടാനായത് അന്വേഷണ സംഘത്തിന് മികവെന്ന് വിലയിരുത്തൽ. മാനന്തേരി സത്രത്തിൽ പിതാവിന്റെ പേരിലുള്ള ഹോട്ടലിൽ സഹായിയായി നിൽക്കാറുള്ള ശ്യാംജിത്ത് ശനിയാഴ്‌ച്ച രാവിലെ 10.30 വരെ ഹോട്ടലിൽ ഉണ്ടായിരുന്നു. വീട്ടിൽ പോയി വസ്ത്രം മാറിയ ശേഷം ബൈക്കിൽ കൂത്തുപറമ്പിൽ എത്തിയ പ്രതി നഗരത്തിലെ ഒരു കടയിൽ നിന്നും ചുറ്റികയും വാങ്ങിയാണ് വിഷ്ണുപ്രിയയുടെ വള്ള്യായിലെ വീട്ടിൽ എത്തിയത്.

എങ്ങനെയെങ്കിലും യുവതിയെ വകവരുത്തുകയെന്ന ഉദ്യേശത്തിൽ തന്നെയായിരുന്നു പ്രതിയെന്നാണ് പൊലിസ് കരുതുന്നത്. മരണം ഉറപ്പിക്കുന്നതിന് വേണ്ടി ഇയാൾ കത്തിയും, കയറും നേരത്തെ കയ്യിൽ കരുതിയിരുന്നു. പ്രതി വിഷ്ണുപ്രിയയുടെ വീട്ടിൽ എത്തുമ്പോൾ യുവതി മറ്റൊരാളുമായി വീഡിയോ ചാറ്റിങ്ങിലായിരുന്നു. സംസാരിച്ചു നിന്നയാൾ വീഡിയോയിലൂടെ ശ്യാംജിത്തിനെ കണ്ടതും പ്രതിയെ തിരിച്ചറിയാൻ എളുപ്പമായി. കൃത്യം നടത്തിയ ശേഷം വീടിന്റെ പുറക് വശത്തുകൂടെയാണ് പ്രതി രക്ഷപ്പെട്ടത്. പിന്നീട് മെയിൽ റോഡിലെത്തി ബൈക്കിൽ മാനന്തേരിയിലേക്കെത്തുകയായിരുന്നു.

വീട്ടിലെത്തി കുളിച്ച് വസ്ത്രം മാറിയ പ്രതി ഒരു മണിയോടെ ഹോട്ടലിലെത്തി വീണ്ടും സഹായിയായി കൂടുകയായിരുന്നു. യാതൊരു ഭാവമാറ്റവുമില്ലാതെയായിരുന്നു പ്രതിയുടെ നീക്കങ്ങൾ. പിന്നീട് മൂന്ന് മണിയോടെ കൂത്തുപറമ്പ് അസി.കമ്മീഷണർ പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ പൊലീസെത്തി കസ്റ്റഡിയിലെടുത്തപ്പോഴാണ് ശ്യാംജിത്തിന്റെ ക്രൂരകൃത്യം വീട്ടുകാരും , നാട്ടുകാരും അറിയുന്നത്. യുവതിയുടെ കൊലപാതകത്തിൽ എത്തിച്ചത് പ്രണയ പകയാണെന്നാണ് പിന്നീട് ഇയാൾ പൊലീസിനോട് പറഞ്ഞത്.

വിദ്യാർത്ഥി ആയിരുന്ന കാലം മുതൽ വിഷ്ണുപ്രിയയുമായി അടുപ്പത്തിലായിരുന്നുവെന്നാണ് ശ്യാംജിത്ത് പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. അഞ്ച് വർഷത്തോളം പ്രണയം തുടർന്നുവെന്നും പറയുന്നു. സഹോദരിയുടെ സഹപാഠി എന്ന നിലയിലായിരുന്നു വിഷ്ണു പ്രിയയുമായുള്ള അടുപ്പം. പിന്നീട് പ്രണയമായി മാറുകയായിരുന്നു. എന്നാൽ പെൺകുട്ടിക്ക് യുവാവുമായി അത്ര അടുപ്പം ഇല്ലായിരുന്നുവെന്നാണ് മറ്റുള്ളവർ പറയുന്നത്. പൊതുവെ ശാന്ത സ്വഭാവക്കാരനായിരുന്ന ശ്യാംജിത്ത് എങ്ങനെ ഇത്ര ഗുരുതരമായ കുറ്റകൃത്യത്തിൽ ഏർപ്പെട്ടുവെന്ന് നാട്ടുകാർക്ക് ഇപ്പോഴും വിശ്വാസിക്കാൻ കഴിയുന്നില്ല.കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.സംസ്‌കാരം നാളെ വീട്ടുവളപ്പിൽ നടക്കും.

വിഷ്ണുപ്രിയയെ കൊന്നത് ചുറ്റിക കൊണ്ടു തലയ്ക്കടിച്ചുവീഴ്‌ത്തി

വിഷ്ണുപ്രിയയെ (23) കഴുത്തറത്തു കൊലപ്പെടുത്തിയത് ചുറ്റികയ്ക്ക് അടിച്ചുവീഴ്‌ത്തിയ ശേഷമെന്ന് അറസ്റ്റിലായ പ്രതി മാനന്തേരി സ്വദേശി ശ്യാംജിത്തിന്റെ (25) മൊഴി.വിഷ്ണുപ്രിയയുടെ ശരീരത്തിൽ ആഴത്തിലുള്ള 18 മുറിവുകളുണ്ട്. കൈയിലും കഴുത്തിലും കാലിലും വെട്ടേറ്റെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.

നാല് മാസമായി പാനൂർ നൂക്ലിയസ് ആശുപത്രിയിലെ ഫാർമസി ജീവനക്കാരിയായിരുന്നു വിഷ്ണുപ്രിയ. പെൺകുട്ടിയുടെ അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങായിരുന്നു. തറവാട്ട് വീട്ടിൽ നിന്ന് വസ്ത്രം മാറാനും മറ്റുമായി വീട്ടിലെത്തിയതായിരുന്നു വിഷ്ണുപ്രിയ. തിരിച്ചു വരാതിരുന്നപ്പോൾ കുടുംബാംഗങ്ങൾ അന്വേഷിച്ച് വരികയായിരുന്നു. ഈ സമയത്താണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

വിഷ്ണുപ്രിയയെ തിരികെ തറവാട്ടുവീട്ടിൽ നിന്നും അമ്മയും സഹോദരിമാരും അന്വേഷിച്ചെത്തിയപ്പോഴാണ് കട്ടിലിൽ ചോരയിൽ മുങ്ങികിടക്കുന്ന വിഷ്ണുപ്രിയയെ കഴുത്തറുത്ത് ഇരുകൈകൾക്കും വെട്ടേറ്റനിലയിൽ കണ്ടെത്തിയത്.ഇവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരും കുടുംബക്കാരുമാണ് വിവരം പൊലിസ് അറിയിച്ചത്.തൊപ്പിയും മാസ്‌കുമണിഞ്ഞ് നടന്നുവന്നാണ് യുവാവ് കൊല നടത്തി പോയതെന്നാണ് പ്രദേശവാസികൾ പൊലിസിന് നൽകിയ ആദ്യ വിവരം. തുടർന്ന് വിഷ്ണുപ്രിയയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് ശ്യാംജിത്തുമായി മൊബൈൽ ചാറ്റു നടത്തിയതായി വ്യക്തമായത്. ഇതിനു ശേഷം ഇയാളുടെ മൊബൈൽ ടവർ ലൊക്കേഷൻ മനസിലാക്കി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മാനന്തേരി താഴെ കളത്തിൽ ശശിധരന്റെ മകനാണ് ശ്യാംജിത്ത്. മാനന്തേരി സത്രത്തിൽ അച്ഛന്റെ ഹോട്ടലിൽ സഹായിയായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ.ശ്യാംജിത്തിന്റെ സഹോദരിയും വിഷ്ണുപ്രിയയും സഹപാഠിനികളായിരുന്നു സഹോദരി മുഖേനെയുള്ള പരിചയമാണ് കഴിഞ്ഞ അഞ്ചുവർഷക്കാലമായുള്ള വിഷ്ണുപ്രിയയുമായുള്ള പ്രണയത്തിലെത്തിയത്. എന്നാൽ കഴിഞ്ഞ കുറച്ചുമാസങ്ങളായി വിഷ്ണുപ്രിയ തന്നിൽ നിന്നും അകലുന്നുവെന്ന തോന്നൽ ശ്യാംജിത്തിനുണ്ടായിരുന്നു. ഇതാണ് ഇയാളെ പ്രകോപിതനാക്കിയത്. വിഷ്ണുപ്രിയയുടെ പിതാവ് വിനോദ് പത്തുദിവസം മുൻപാണ് നാട്ടിൽ വന്നു പോയത്.