തൃശ്ശൂർ: എയർപിസ്റ്റളുമായി സ്‌കൂളിലെത്തി വെടിയുതിർത്ത പൂർവവിദ്യാർത്ഥിക്ക് മാനസികാരോഗ്യ ചികിത്സാരേഖകളുടെ അടിസ്ഥാനത്തിൽ കോടതി സ്റ്റേഷൻ ജാമ്യമനുവദിക്കുമ്പോൾ അന്വേഷണവും തൽകാലം അവസാനിക്കും. രണ്ടു വർഷത്തെ ചികിത്സാരേഖകൾ കുടുംബം പൊലീസിന് കൈമാറിയിരുന്നു. 19-കാരനായ യുവാവ് മാനസികാസ്വാസ്ഥ്യങ്ങൾ കാണിക്കുന്നതിനാലും മാതാപിതാക്കൾ ആവശ്യപ്പെട്ടതിനാലും മാനസികാരോഗ്യകേന്ദ്രത്തിലേക്കു മാറ്റി. യുവാവിനെ പൊലീസ് നിരീക്ഷിക്കും. അതിന് അപ്പുറം തൽകാലം നടപടികളിലേക്ക് കടക്കില്ല.

തൃശൂരിലെ ആയുധവിൽപ്പനകേന്ദ്രത്തിൽനിന്ന് 1,500 രൂപയ്ക്കാണ് തോക്ക് വാങ്ങിയത്. 0. 177 ബേബി എയർപിസ്റ്റൾ ഇനത്തിൽപ്പെട്ട തോക്ക് സെപ്റ്റംബർ 28-നാണ് വാങ്ങിയത്. തോക്കു വാങ്ങിയതിന്റെ ബില്ല് ഉൾപ്പെടെയുള്ള രേഖകൾ പൊലീസിന് ലഭിച്ചു. പ്രദർശനകേന്ദ്രങ്ങളിൽ ബലൂൺ പൊട്ടിക്കുന്നതുപോലുള്ള കളികൾക്ക് ഉപയോഗിക്കുന്ന തോക്കാണിത്. നാലു പെല്ലറ്റുകൾ(എയർപിസ്റ്റളിൽ നിറയ്ക്കുന്ന ഉണ്ട) കൈവശമുണ്ടായിരുന്നുവെങ്കിലും ഒന്ന് മാത്രമാണ് ഉപയോഗിച്ചത്. ബാക്കി പെല്ലറ്റുകൾ പൊലീസ് കണ്ടെടുത്തു. പെല്ലറ്റില്ലാതെ വെറും ശബ്ദമുണ്ടാക്കുകയാണ് പിന്നീട് ചെയ്തത്. ഈ സാഹചര്യത്തിലാണ് ജാമ്യം നൽകുന്നത്.

ബേബി എയർ പിസ്റ്റളിന്റെ വില 1,500 രൂപ. പതിനെട്ടു വയസ്സുള്ള ആർക്കും വാങ്ങാം. വാങ്ങിയ ബില്ല് കൈവശം സൂക്ഷിക്കണം. ജീവഹാനിയോ പരിക്കോ ഉണ്ടാക്കാൻ സാധിക്കില്ല. പെല്ലറ്റു കൊണ്ട് വെടിയുതിർത്താൽ ശബ്ദം കുറവായിരിക്കും. പെല്ലറ്റ് ഇല്ലാതെയും വെടിശബ്ദം ഉണ്ടാക്കാം. അപ്പോൾ ശബ്ദം കൂടുതലാണ്. ഉണ്ടയില്ലാ തോക്കു കൊണ്ടാണ് ജഗൻ കൂടുതൽ വെടിയും ഉതിർത്തത്. 2016-ലെ സെൻട്രൽ ആം റൂൾ പ്രകാരമാണ് ഇതിന്റെ ഉപയോഗവും വിൽപ്പനയും. ഷൂട്ടിങ്, ഏകാഗ്രതാ പരിശീലനങ്ങൾക്കും മറ്റുമാണ് സാധാരണ ഇത്തരം പിസ്റ്റൾ ഉപയോഗിക്കുന്നത്. ആയുധത്തിന്റെ പേരിൽ ദുരൂഹത മാറിയതു കൊണ്ട് തന്നെ പൊലീസും ജാമ്യം നൽകുന്നതിനെ എതിർത്തില്ല.

പഠനകാലത്തുതന്നെ യുവാവിന് ലഹരിയുപയോഗമുണ്ടെന്നാണ് സൂചന. നാട്ടിൽ ലഹരിസംഘത്തിൽ കണ്ണിയായ യുവാവിന്റെ പേരിൽ നേരത്തെയും പരാതികളുണ്ട്. ലഹരി തകർത്ത ജീവിതമാണ് യുവാവിന്റേത്. പുഴയും പാടവുമൊക്കെയുള്ള പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന മയക്കുമരുന്ന് സംഘത്തിലേക്ക് അന്വേഷണം നടത്തും. യുവാവ് സ്‌കൂളിലെത്തിയപ്പോൾ ലഹരി ഉപയോഗിച്ചതായാണ് സൂചന. തോക്കുമായി വരാന്തയിലൂടെ നടക്കുന്നതിനിടെ പലതവണ നിലത്ത് വീണിരുന്നു. സംസാരത്തിൽ അവ്യക്തതയുണ്ടായിരുന്നതായും അദ്ധ്യാപകർ പറഞ്ഞു. ചെറിയ ക്ലാസുകളിൽ പഠനത്തിൽ മിടുക്കനായിരുന്നുവെങ്കിലും ഈ സംഘത്തിന്റെ ഭാഗമായതോടെ ജഗന് വിദ്യാഭ്യാസത്തിൽ താത്പര്യം കുറയുകയായിരുന്നു.

തൃശ്ശൂർ വിവേകോദയം ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ ചൊവ്വാഴ്ച രാവിലെ 10-ഓടെയാണ് രണ്ടുവർഷം മുൻപ് സ്‌കൂൾ വിട്ട വിദ്യാർത്ഥി എയർപിസ്റ്റളുമായെത്തിയത്. പ്ലസ് വൺ ക്ലാസിൽ പഠനം നിർത്തിയ യുവാവ് അന്നത്തെ പ്രിൻസിപ്പലിനെയും മറ്റൊരു അദ്ധ്യാപകനെയും തിരക്കി ആദ്യം പ്രിൻസിപ്പലിന്റെ മുറിയിലെത്തി. പഠനകാലത്ത് പിടിച്ചെടുത്ത തന്റെ തൊപ്പി തിരികെക്കിട്ടണമെന്നായിരുന്നു ആവശ്യം. രണ്ടധ്യാപകരെയുംതേടി ക്ലാസുകൾ കയറിയിറങ്ങുന്നതിനിടെ കുട്ടികളുടെ നേരെയും പിസ്റ്റൾ ചൂണ്ടി. വിവരമറിഞ്ഞെത്തിയ പൊലീസിനെക്കണ്ട് ഓടിയ യുവാവിനെ പിന്തുടർന്നു പിടികൂടുകയായിരുന്നു.

2021ൽ സ്‌കൂളിൽ പ്ലസ്വണിനു ചേർന്ന ജഗൻ പിറ്റേവർഷം പഠനം ഉപേക്ഷിച്ചെന്ന് അദ്ധ്യാപകർ പറയുന്നു. പ്ലസ്ടു പരീക്ഷയുടെ തുടക്കത്തിൽ അദ്ധ്യാപകരെ അസഭ്യം പറഞ്ഞ് ഇറങ്ങിപ്പോയ ഇയാൾ പിന്നീട് തിരിച്ചെത്തിയില്ല. പ്രതി ജഗൻ 2020 മുതൽ മാനസികരോഗചികിത്സയിലാണെന്നു കുടുംബം വ്യക്തമാക്കി. കുടുംബം ഹാജരാക്കിയ ചികിത്സാരേഖകളുടെ അടിസ്ഥാനത്തിൽ പൊലീസ് സമർപ്പിച്ച റിപ്പോർട്ട് കണക്കിലെടുത്ത് പ്രതിക്കു കോടതി ജാമ്യമനുവദിച്ചു. ഇയാളെ മാനസികാരോഗ്യകേന്ദ്രത്തിലേക്കു മാറ്റാനും കോടതി നിർദേശിച്ചു.

അറസ്റ്റിലായ ജഗൻ പൊലീസ് സ്റ്റേഷനിലും പരാക്രമം കാണിച്ചിരുന്നു. ചോദ്യംചെയ്യുന്നതിനിടെ പലതവണ കയർത്തു. സംഭവം അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ മന്ത്രി വി. ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസിനോടു നിർദേശിച്ചു. വിദേശരാജ്യങ്ങളിലെ സ്‌കൂൾ ആക്രമണങ്ങൾ ഇവിടെയും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന സൂചനയാണിതെന്നും വിദ്യാലയങ്ങളിൽ കൂടുതൽ ജാഗ്രത വേണമെന്നും സ്‌കൂൾ മാനേജർ കൂടിയായ മുൻ നിയമസഭാ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ പറഞ്ഞു.