- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മട്ടൺ കൂടുതൽ വേണമെന്ന് ആവശ്യം; നിശ്ചിത അളവേ നൽകൂവെന്ന മറുപടി പ്രകോപനമായി; ഷേവ് ചെയ്യാൻ ബ്ലൈഡ് വേണമെന്നതും അംഗീകരിച്ചില്ല; പിന്നാലെ രണ്ടു ചേരിയായ തടവ് പുള്ളികൾ; എല്ലാം നിയന്ത്രിച്ചത് സാക്ഷാൽ കൊടി സുനി; വിയ്യൂരിലെ അതിസുരക്ഷ വെറും വാക്കാകുമ്പോൾ
കണ്ണൂർ: രാജ്യത്തെ ആദ്യ അതീവ സുരക്ഷാ ജയിലായ വിയ്യൂരിൽ നടന്നത് കലാപശ്രമമെന്ന് എഫ്ഐആർ വരുമ്പോൾ ചർച്ചയാകുന്നത് ജയിലിലെ ക്രിമിനലുകളുടെ തേരോട്ടം. വിയ്യൂർ ജയിലിൽ രണ്ട് വിഭാഗങ്ങൾ സജീവമാണ്. ഈ രണ്ട് വിഭാഗങ്ങൾ തമ്മിലെ അടിയിൽ പെട്ടത് ജയിൽ ഉദ്യോഗസ്ഥരും. അവസാനം രണ്ടു പേരും കൂടി ജയിൽ ജീവനക്കാരെ ആക്രമിച്ചുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന സൂചന. എല്ലാ അക്രമണങ്ങൾക്കും തടവുകാർക്ക് പിന്തുണ കൊടി സുനിയുടേതായിരുന്നുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ജയലിനുള്ളിൽ അക്രമം നടക്കുന്നില്ലെന്ന് ഉറപ്പിക്കാനായിരുന്നു അതി സരുക്ഷാ ജയിൽ അവതരിപ്പിച്ചത്. രാജ്യത്തെ ആദ്യത്തേത് എന്നായിരുന്നു അവകാശ വാദം. അതിനുള്ളിലാണ് അക്രമം നടന്നത്.
ഇന്നലെ നടന്ന സംഭവത്തിൽ ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി ഉൾപ്പടെ പത്ത് പേർക്കെതിരെ വധശ്രമത്തിനും പൊതുമുതൽ നശിപ്പിച്ചതിനും എതിരെയുള്ള വകുപ്പുകൾ ചേർത്താണ് വിയ്യൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. കൊടി സുനിയുടെ നേതൃത്വത്തിൽ നടത്തിയ ആക്രമണത്തിൽ നാല് ജയിൽ ഉദ്യോഗസ്ഥരടക്കം അഞ്ച് പേർക്ക് ഗുരുതര പരിക്കേറ്റു. അസി. പ്രിസൺ ഓഫീസർ അർജുൻദാസിന്റെ തോളെല്ല് പൊട്ടി. ഡെപ്യൂട്ടി സൂപ്രണ്ട് ശ്രീരാമൻ, പ്രിസൺ ഓഫീസർ വിജയകുമാർ, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ ഓംപ്രകാശ് എന്നിവർക്കും ഒരു തടവുകാരനും ആക്രമണത്തിൽ പരിക്കേറ്റു.
രാവിലെ ഉദ്യോഗസ്ഥരുടെ ജയിൽ സന്ദർശനത്തിനിടെ രണ്ട് തടവുകാർ മട്ടൻ കൂടുതൽ അളവിൽ വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് പ്രശ്നം തുടങ്ങിയത്. മട്ടൻ നിശ്ചിത അളവിൽ കൂടുതൽ നൽകാൻ കഴിയില്ലെന്ന് പറഞ്ഞതോടെ സംഘർഷം ആരംഭിച്ചു. പിന്നീട് ഷേവ് ചെയ്യാൻ ബ്ലേഡ് വേണമെന്നായി ആവശ്യം. അതും ജയിൽ നിയമ പ്രകാരം അനുവദനീയമല്ലെന്ന് പറഞ്ഞതോടെ , ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാനായി ശ്രമം. ഇതോടെ, ഒരു തടവുകാരൻ കുപ്പിഗ്ലാസ് പൊട്ടിച്ച് അസിസ്റ്റന്റ് പ്രിസൺ ഓഫീസർ അർജുൻദാസിന്റെ കഴുത്തിൽ കയറ്റാൻ നോക്കി.
തടയാൻ ശ്രമിച്ചപ്പോൾ മറ്റ് ഉദ്യോഗസ്ഥർക്കും മർദ്ദനമേറ്റുവെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് തടവുകാർ സംഘം ചേർന്ന് അടുക്കളയിൽ പോയി പാചകത്തിൽ സഹായിച്ചിരുന്ന തടവുകാരനെ അകാരണമായി മർദ്ദിച്ചു. അവിടെ നിന്നും ഓഫീസിൽ കയറി തടവുകാർക്ക് വീട്ടിലേക്ക് വിളിക്കാൻ ഉപയോഗിക്കുന്ന ടെലഫോൺ തല്ലിപ്പൊളിച്ചു. കസേര, ക്ളോക്ക്, ഫയലുകൾ, ഇന്റർ കോം ഉൾപ്പെടെ കണ്ണിൽ കണ്ടതെല്ലാം തല്ലിപ്പൊളിച്ചു. ജയിൽ അധികൃതർക്ക് ഈ ഘട്ടത്തിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. കൊടി സുനിയുടെ നിർദ്ദേശാനുസരണം പ്രതികൾ അക്രമം തുടർന്നു.
ജയിലിന്റെ ഉള്ളിൽ നിന്നും മതിൽക്കെട്ടിനകത്തേക്ക് കടക്കുന്ന ഗേറ്റ് തള്ളിത്തുറന്നു. അപ്പോഴേക്കും മറ്റ് ജയിലുകളിൽ നിന്നും ഉദ്യോഗസ്ഥരെത്തി തടവുകാർ സെല്ലിൽ കയറണമെന്ന് മൈക്കിലൂടെ അനൗൺസ് ചെയ്തു. പെരിയ കേസിലെ പ്രതികൾ, മാവോയിസ്റ്റ് തടവുകാർ, പി.എഫ്.ഐ, ഐസിസ് തടവുകാർ എന്നിവർ സെല്ലിൽ കയറിയിട്ടും കൊടി സുനിയും സംഘവും കയറിയില്ല. കയറാത്ത അക്രമികളായ തടവുകാരെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി സെല്ലിലാക്കുകയായിരുന്നു.
ഇരുസംഘങ്ങളായി തിരിഞ്ഞ് അക്രമം നടത്തി, തടയാനെത്തിയ ജയിൽ ജീവനക്കാരേയും മർദിച്ചു എന്നാണ് എഫ്.ഐ.ആറിൽ ഉള്ളത്. വിയ്യൂർ പൊലീസാണ് കേസെടുത്തിരിക്കുന്നത്. കൊടി സുനി, കാട്ടുണ്ണി രഞ്ജിത്ത്, പൂച്ച സാജു, നിബുരാജ്, ഗുണ്ട് അരുൺ, താജുദ്ദീൻ, ചിഞ്ചു മാത്യു, ടിട്ടു ജെറോം, ഇപ്പി ഷെഫീഖ്, ജോമോൻ എന്നിവരാണ് കേസിലെ പ്രതികൾ. കാട്ടുണ്ണി രഞ്ജിത്താണ് ഒന്നാം പ്രതി. കൊടി സുനി അഞ്ചാം പ്രതി. ജയിൽ ജീവനക്കാരെ മർദിച്ചത് കമ്പിവടികൊണ്ടാണെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
അതിസുരക്ഷാജയിലിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘവും തിരുവനന്തപുരത്തുനിന്ന് എത്തിച്ച കൊലക്കേസ് പ്രതികളും തമ്മിലാണ് ഏറ്റുമുട്ടിയത്.




