തിരുവനന്തപുരം: വിഴിഞ്ഞത്ത് എൻഐഎയും അന്വേഷണം തുടങ്ങി. വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണം സംബന്ധിച്ച് വിവരങ്ങൾ ശേഖരിക്കാൻ എൻഐഎയും സ്ഥലത്തെത്തി.ദേശാഭിമാനിയാണ് ഈ വാർത്ത നൽകിയത്. എൻഐഎ കൊച്ചി ഓഫീസിലെ ആർ ശ്രീകാന്താണ് വിഴിഞ്ഞത്തെത്തി വിവരങ്ങൾ ശേഖരിച്ചത് എന്നാണ് ദേശാഭിമാനി വാർത്ത നൽകുന്നത്.  സംസ്ഥാന സർക്കാർ അനുവദിച്ചാൽ ഈ കേസ് എൻഐഎ ഏറ്റെടുക്കാൻ സാധ്യതയുണ്ട്. എല്ലാ സാധ്യതയും പരിശോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തിൽ തീരുമാനം എടുക്കും. തീവ്രവാദ ഫണ്ടിങ് വിഴിഞ്ഞത്തുണ്ടായി എന്ന നിഗമനത്തെ ഗൗരവത്തോടെയാണ് കേന്ദ്രം കാണുന്നത്. ഈ സാഹചര്യത്തിലാണ് എൻഐഎ വിവര ശേഖരണം നടത്തുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും സ്ഥിതി ഗതികൾ വിശകലനം ചെയ്യുന്നുണ്ട്.

വിഴിഞ്ഞം തുറമുഖ നിർമ്മാണം അട്ടിമറിക്കാനുള്ള നീക്കത്തിനു പിന്നിൽ ഒമ്പതംഗ സംഘമെന്ന് ദേശാഭിമാനി ഇന്നലെ വാർത്ത നൽകിയിരുന്നു. സമരനേതാവ് വികാരി ജനറൽ യൂജിൻ പെരേരയാണ് ഇവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്ന് ഇന്റലിജന്റ്‌സ് റിപ്പോർട്ടുണ്ടെന്നാണ് ദേശാഭിമാനി വാർത്ത. സിപിഎമ്മിന്റെ മുഖപത്രമാണ് ദേശാഭിമാനി. അതായത് സർക്കാരിനൊപ്പം ചേർന്നു നിൽക്കുന്ന പത്രം. അതുകൊണ്ട് തന്നെ ഇന്റലിജൻസ് റിപ്പോർട്ട് വാർത്തയ്ക്ക് മാനങ്ങൾ ഏറെയാണ്. അതിനിടെ വിഴിഞ്ഞത്ത് എൻഐഎയും എത്തുകയാണ്. പോപ്പുലർ ഫ്രണ്ടിനെതിരെയുള്ള സൂചനകൾ വാർത്തകളാകുന്ന സാഹചര്യത്തിലാണ് ഇതെല്ലാം. കേന്ദ്ര സേന വിഴിഞ്ഞത്ത് എത്താനുള്ള സാധ്യതയാണ് തെളിയുന്നത്. ഇതിനൊപ്പമാണ് എൻഐഎ വിവരശേഖരണത്തിന് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടാലും കേസ് എൻഐഎ ഏറ്റെടുക്കും.

ഗുരുതര ആരോപണമാണ് ദേശാഭിമാനി ഉന്നയിക്കുന്നത്. എബിവിപി സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന കെ വി ബിജു, ട്രാവൻകൂർ സോഷ്യസ് സർവീസ് സൊസൈറ്റി ഡയറക്ടർ എ ജെ വിജയൻ, തീവ്ര ഇടത് സ്വഭാവമുള്ള ഐടി കൺസൾട്ടന്റ് പ്രസാദ് സോമരാജൻ, വലിയതോപ്പ് സ്വദേശി ബെഞ്ചമിൻ ഫെർണാണ്ടസ്, ഷാഡോ മിനിസ്ട്രി സംഘടനയുടെ നേതാവ് അഡ്വ. ജോൺ ജോസഫ്, കൊല്ലം അഞ്ചൽ സ്വദേശി ബ്രദർ പീറ്റർ, ആലപ്പുഴ അർത്തുങ്കൽ സ്വദേശി ജാക്‌സൻ പൊള്ളയിൽ, പുല്ലുവിള സ്വദേശിനി സീറ്റാ ദാസൻ എന്നിവരാണ് ഗൂഢസംഘത്തിലെ മറ്റംഗങ്ങൾ എന്ന് ദേശാഭിമാനി പറയുന്നു. അടുത്തിടെ നിരോധിച്ച ഒരു തീവ്രവാദ സംഘടനയിൽപ്പെട്ടവരും ഇവർക്കൊപ്പമുണ്ട്. ഇതിൽ പറയുന്ന എജെ വിജയൻ, മന്ത്രി ആന്റണി രാജുവിന്റെ സഹോദരനാണ്. എജെ വിജയന്റെ ഭാര്യ ഏലിയാമ്മാ വിജയൻ നടത്തുന്ന സഖിക്കെതിരേയും ദേശാഭിമാനിയിൽ പരാമർശമുണ്ട്. ഇതോടെ ആന്റണി രാജുവിന്റെ കുടുംബമാണ് വിഴിഞ്ഞത്ത് അട്ടിമറി നടത്തുന്നതെന്ന് പറയുകയാണ് ദേശാഭിമാനി.

സംഘാംഗങ്ങളുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ചും സംശയങ്ങളുണ്ട്. ഇവരുമായി അടുത്ത് നിൽക്കുന്നവരുടെയും ബന്ധുക്കളുടെയും വിദേശ പണമിടപാടുകളും പരിശോധിക്കുകയാണ്. ഒറ്റയ്ക്കുള്ള സമരം ലക്ഷ്യത്തിലെത്തില്ലെന്ന് കണ്ട് തീവ്ര ഇടത്, മൗലികവാദ സ്വഭാവമുള്ള സംഘടനകളെ കൂടെക്കൂട്ടി തീരദേശവാസികളെ തെറ്റിദ്ധരിപ്പിച്ചാണ് സമരാഭാസം. ഏഴിൽ ആറാവശ്യവും സർക്കാർ അംഗീകരിച്ചിട്ടും തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന ആവശ്യത്തിൽ കടിച്ചുതൂങ്ങുന്നതിന് പിന്നിലെ താൽപ്പര്യമെന്താണെന്ന അന്വേഷണം ഇന്റലിജന്റ്‌സ് ആരംഭിച്ചിട്ടുണ്ടന്നെും ദേശാഭിമാനി പറയുന്നു. ഗുരുതര ആരോപണങ്ങളാണ് വാർത്തയിൽ ദേശാഭിമാനി ഉയർത്തുന്നത്. പോപ്പുലർ ഫ്രണ്ടിനെതിരെ കേരള കൗമുദിയിലും വാർത്തയുണ്ട്. പോപ്പുലർ ഫ്രണ്ടാണ് വിഴിഞ്ഞത്തെ അട്ടിമറിക്കാരെന്നാണ് കേരള കൗമുദി പറയുന്നത്.

സർക്കാരിനൊപ്പം നിൽക്കുന്ന എല്ല ഔദ്യോഗിക രഹസ്യങ്ങളും അറിയാവുന്ന ദേശാഭിമാനി നടത്തുന്ന വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. വർഷങ്ങളായി ഡൽഹിയിലെ സിബിസിഐ (കാത്തലിക് ബിഷപ്പ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ ) ആസ്ഥാനത്തായിരുന്ന പെരേര ജൂണിലാണ് തിരുവനന്തപുരത്തെത്തിയത്. തുടർന്ന് വിഴിഞ്ഞത്ത് ഇടപെട്ടുതുടങ്ങി. തീരശോഷണത്തിനെതിരെ എന്ന പേരിൽ ജൂൺ അഞ്ചിനായിരുന്നു ആദ്യ യോഗം. 29ന് ജനറൽ ആശുപത്രിക്ക് സമീപത്തുള്ള ഐക്കഫ് സെന്ററിൽ പെരേരയുടെ നേതൃത്വത്തിൽ രഹസ്യയോഗവുമുണ്ടായി. തീവ്ര ഇടതു, പരിസ്ഥിതി സംഘടനകളുടെ പ്രതിനിധികളാണ് അവിടെ പങ്കെടുത്തത്. മുൻ ആർച്ച് ബിഷപ്പ് ഡോ. എം സൂസപാക്യത്തെ നിരാഹാരമിരുത്താനുള്ള തീരുമാനം കൈക്കൊണ്ടതും ഈ യോഗമാണ്. മുതിർന്ന ബിഷപ്പുമാരുടെ എതിർപ്പിനെത്തുടർന്നാണ് നീക്കം പാളിയതെന്നും ദേശാഭിമാനി പറയുന്നു.

ആന്റോ ഏലിയാസ് (സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ), ബിജു (എസ് യു സിഐ), പി വൈ അനിൽകുമാർ (ഏകതാ പരിഷത്), ബഞ്ചമിൻ ഫെർണാണ്ടസ് (കോസ്റ്റൽവാച്ച്), മേഴ്‌സി അലക്സാണ്ടർ (സഖി), സുബിൽ എബ്രഹാം, ലിമ സുനിൽ പുല്ലുവിള, ബിജു, ജെയിംസ് റോക്കി, മാഗ്ലിൻ ഫിലോമിന, അഡ്വ. സുഗതൻ പൗൾ, അനിൽകുമാർ, വീണ മരുതൂർ (എക്കോ സൊലൂഷൻസ്), സജിത, ഫാ. ഇബ്രാഹിം, മേഴ്‌സി (ചെറുരശ്മി)-ഇവരാണ്
ഐക്കഫിലെ യോഗത്തിൽ പങ്കെടുത്തവർ എന്നാണ് ദേശാഭിമാനി പറയുന്നത്. വിഴിഞ്ഞം തുറമുഖം അട്ടിമറിക്കാനുള്ള നീക്കത്തിനു പിന്നിൽ പ്രവർത്തിക്കുന്ന സംഘത്തിൽ കണ്ണിചേരുന്നത് സഭമുതൽ മുൻസംഘപരിവാർ നേതാവുവരെ എന്നാണ് ആരോപണം.

തുറമുഖ നിർമ്മാണം അട്ടിമറിക്കാനുള്ള നീക്കത്തിനുപിന്നിലെ ഒമ്പതംഗ സംഘാംഗങ്ങളിൽ തീവ്ര ഇടത്, മൗലിക, പരിസ്ഥിതി സംഘടനകളിലുള്ളവർ. ഭാര്യ നടത്തുന്ന സന്നദ്ധ സംഘടനയുടെ മറവിലാണ് സംഘത്തിലെ പ്രധാനിയുടെ പ്രവർത്തനം. ഈ സംഘടനയുടെ പണമിടപാടിൽ അന്വേഷണം നടക്കുന്നുണ്ട്. ഇയാളുടെ ഉറ്റ അനുയായി ബെഞ്ചമിൻ ഫെർണാണ്ടസും സംഘത്തിൽ സജീവമാണ്. തീവ്ര ഇടതുപക്ഷ സ്വഭാവമുള്ള ഐടി കൺസൾട്ടന്റ് പ്രസാദ് സോമരാജന്റെ മാനസഗുരുവാണ് ചാനൽ ചർച്ചകളിൽ ഇടതുപക്ഷ വിരുദ്ധത പറയുന്ന കെ എം ഷാജഹാൻ.

എറണാകുളം കാക്കനാട് സ്വദേശിയായ അഭിഭാഷകൻ ജോൺ ജോസഫ്, വോട്ടേഴ്‌സ് അലയൻസ്, ഷാഡോ മിനിസ്ട്രി എന്നീ സംഘടനകളുടെ പ്രധാന പ്രവർത്തകനാണ്. മനുഷ്യാവകാശ പ്രവർത്തനം എന്ന പേരിൽ വികസനപദ്ധതികൾക്ക് തുരങ്കംവയ്ക്കുന്നു. അഞ്ചൽ സ്വദേശിയായ ബ്രദർ പീറ്ററിന്റെ യഥാർഥ പേര് ബോബി മാത്യുവെന്നാണ്. മിഷണറി പ്രവർത്തനങ്ങൾക്കൊപ്പമാണ് തുറമുഖത്തിന് എതിരായ നടപടികൾ. കരിങ്കുളം സ്വദേശിനിയായ സീറ്റ ദാസനാണ് സമരത്തിൽ സ്ത്രീകളെ ഇളക്കിവിടുന്നത്. ആർത്തുങ്കൽ സ്വദേശിയായ ജാക്‌സൻ പൊള്ളയിൽ സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റാണ്. ആം ആദ്മി പാർട്ടിയോടാണ് ആഭിമുഖ്യമെങ്കിലും അടുത്തിടെ നിരോധിച്ച തീവ്രവാദ സംഘടനയുടെ പ്രവർത്തകരെയും ഇയാൾ കൂട്ടിയോജിപ്പിക്കുന്നു.

എബിവിപി മുൻ സംസ്ഥാന കമ്മിറ്റി അംഗവും ആർഎസ്എസ് അനുകൂല സംഘടനയായ സ്വദേശി ജാഗരൺ മഞ്ചിന്റെ സംസ്ഥാന ഓർഗനൈസറുമായിരുന്നു കെ വി ബിജു.