ഡൽഹി: ട്രെയിൻ യാത്രയിലെ ദുരനുഭവം തുറന്നു പറഞ്ഞ് വ്ളോഗർ രംഗത്ത്. ഇന്ത്യൻ റെയിൽവേ സുരക്ഷിതമല്ലെന്നും പെൺകുട്ടി തുറന്നടിച്ചു. ട്രെയിൻ യാത്രക്കിടെ സെക്കന്‍റ് എസി കമ്പാർട്ട്മെന്‍റിൽ വച്ച് മുഖത്ത് സ്പ്രേയടിച്ച് തന്നെ കൊള്ളയടിച്ചെന്ന പരാതിയുമായിട്ടാണ് ട്രാവൽ വ്‌ളോഗർ രംഗത്ത് വന്നിരിക്കുന്നത്. കനിക ദേവ്രാനി എന്ന ട്രാവൽ വ്ലോഗറാണ് പരാതി നൽകിയത്. ഡൽഹിയിൽ നിന്ന് ഗുവാഹത്തിയിലേക്കുള്ള യാത്രയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

ബ്രഹ്മപുത്ര മെയിലിലെ സെക്കന്‍റ് എസി കോച്ചിൽ യാത്ര ചെയ്യുമ്പോൾ ആണ് സംഭവം നടന്നതെന്ന് ട്രാവൽ വ്ലോഗർ വെളിപ്പെടുത്തുന്നു. വ്ലോഗറുടെ വീഡിയോയ്ക്ക് താഴെ അന്വേഷിക്കാമെന്ന് റെയിൽവെ മറുപടി നൽകുകയും ചെയ്തു.

പെൺകുട്ടിയുടെ തുറന്നുപറച്ചിൽ ഇങ്ങനെ.. ട്രെയിൻ സ്റ്റേഷനിൽ നിർത്തിയപ്പോൾ കയറിയ അപരിചിതൻ തന്റെ നേർക്ക് എന്തോ തളിച്ചുവെന്ന് കനിക തുറന്നുപറയുന്നു. ഒന്നും മനസ്സിലായില്ല. ബോധം തെളിഞ്ഞപ്പോൾ ഐഫോൺ 15 പ്രോ മാക്സ് കാണാനില്ലായിരുന്നുവെന്നും കനിക പറഞ്ഞു. ട്രെയിൻ പശ്ചിമ ബംഗാളിലെ ന്യൂ ജൽപായ്ഗുരി ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു സംഭവമെന്നും കനിക പറയുന്നു.

'ഇന്ത്യൻ റെയിൽവേ സുരക്ഷിതമല്ല' എന്ന അടിക്കുറിപ്പോടെ കനിക പങ്കുവച്ച വീഡിയോയിൽ പറയുന്നതിങ്ങനെ- "ജൂണ്‍ 26ന് ബ്രഹ്മപുത്ര മെയിലിൽ ഫസ്റ്റ് ക്ലാസ് എസി ടിക്കറ്റ് കിട്ടാതിരുന്നതിനാൽ 2എസി ടിക്കറ്റ് ബുക്ക് ചെയ്തു. എല്ലാം സുരക്ഷിതമാണെന്ന് ഞാൻ കരുതി. ബംഗാളിലെ ന്യൂ ജൽപായ്ഗുരി സ്റ്റേഷനിൽ ട്രെയിൻ നിർത്തി. എന്‍റെ ഫോൺ ചാർജ് ചെയ്യാൻ വെച്ചിരുന്നു.

ആരോ എന്‍റെ ബെർത്തിനടുത്തേക്ക് വന്നു. അയാൾ എന്തോ മുഖത്തേക്ക് തളിച്ചപ്പോൾ എന്‍റെ ബോധം പോയി. എന്‍റെ തലയിണയുടെ അടിയിലായിരുന്ന ഫോൺ. ടിക്കറ്റില്ലാത്ത ഒരാളെ എങ്ങനെയാണ് റെയിൽവേ ജീവനക്കാർ അകത്തേക്ക് കടത്തിവിട്ടത്? ആ വ്യക്തി ആരാണെന്ന് എനിക്കറിയില്ല' പെൺകുട്ടി പേടിയോടെ തുറന്നുപറഞ്ഞു. സംഭവത്തിൽ കൃത്യമായ അന്വേഷണം നടക്കുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.