പാലക്കാട്: കാറിൽ കടത്താൻ ശ്രമിച്ച ലഹരിമരുന്നും തോക്ക് അടക്കമുള്ള ആയുധങ്ങളുമായി വ്‌ലോഗർ ഉൾപ്പെടെ രണ്ടു പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തത് സാഹസികമായി. വ്‌ലോഗർ ആലപ്പുഴ മാവേലിക്കര ചുനക്കര ദേശം മംഗലത്ത് വിഘ്‌നേഷ് വേണു (25), കായംകുളം ഓച്ചിറ കൃഷ്ണപുരം കൊച്ചുമുറി എസ്.വിനീത് (28) എന്നിവരാണ് അറസ്റ്റിലായത്. 'വിക്കി തഗ്' എന്ന യൂട്യൂബ് ചാനലിലൂടെ വിഘ്‌നേഷ് ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വിഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതായും എക്‌സൈസ് സംഘത്തിനു വിവരം ലഭിച്ചു. ഇതും പരിശോധിക്കും.

മുമ്പും മയക്കു മരുന്ന് വിവാദത്തിൽ വിഘ്‌നേഷ് വേണു കുടുങ്ങിയിട്ടുണ്ട്. ലോ അക്കാഡമിയിൽ കഞ്ച് വിറ്റതായിരുന്നു ഇത്. നിർണ്ണായക നീക്കത്തിലൂടെയാണ് വിഘ്‌നേഷിനെ എക്‌സൈസ് പൊക്കിയത്. വാളയാറിൽ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ കാർ പാലക്കാട് ചന്ദ്രനഗറിൽനിന്നാണ് എക്‌സൈസ് പിടികൂടിയത്. 40 ഗ്രാം മെത്താംഫെറ്റമിൻ, തോക്ക്, വെട്ടുകത്തികൾ എന്നിവ കണ്ടെത്തി. കാറിൽനിന്ന് ഇറങ്ങി ഓടിയ ഇരുവരെയും എക്‌സൈസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. വാളയാർ ടോൾ പ്ലാസയിലെ ഡിവൈഡർ ഇടിച്ചു തകർത്താണു കാർ പോയത്. തോക്കിനു ലൈസൻസുണ്ടായിരുന്നില്ല. ഇരുവരും വലിയ അളവിൽ ലഹരി ഉപയോഗിച്ചിരുന്നു.

ബംഗളൂരുവിൽനിന്ന് കൊണ്ടുവന്ന മെത്താഫിറ്റമിൻ സ്വന്തം ആവശ്യത്തിനാണെന്നാണ് ഇവർ എക്സൈസിനോട് പറഞ്ഞത്. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് പിടിയിലായത്. പാലക്കാട് റേഞ്ച് ഇൻസ്പെക്ടർ കെ നിഷാന്ത്, ഇന്റലിജന്റ്സ് ബ്യൂറോ ഇൻസ്പെക്ടർ എൻ നൗഫൽ, പ്രിവന്റീവ് ഓഫീസർമാരായ ആർ എസ് സുരേഷ്, വി ആർ സുനിൽകുമാർ, വിശ്വകുമാർ, രജീഷ്‌കുമാർ, പി കെ ഷിബു, വി ദേവകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ രമേഷ്, രാജീവ്, ആർ രാജേഷ്, രേണുകാദേവി, സ്മിത എന്നിവരാണ് പരിശോധന നടത്തിയത്.

ബിഗ് ബോസ് സീസൺ മുന്നിൽ ഏറ്റവും കൂടുതൽ ആളുകൾ ഉയർത്തിയ ഒരു പേരാണ് വ്ളോഗർ വിക്കി തഗ്ഗിന്റേത്. എയർപോർട്ടിൽ നിന്നുള്ള ഒരു വീഡിയോ കൂടി വിക്കി പങ്ക് വച്ചതോടെ, തീർച്ചയായും അദ്ദേഹം കഴിഞ്ഞ സീസണിൽ ഉണ്ടാകും എന്നായിരുന്നു പ്രേക്ഷകരുടെ നിഗമനവും. എന്നാൽ ബിഗ് ബോസ് സീസണിലേക്ക് ഇയാളെ വിളിച്ചിരുന്നില്ല. ഇത്തരത്തിൽ ശ്രദ്ധേയനായ വ്യക്തിയാണ് തോക്കും മയക്കുമരുന്നുമായി കുടുങ്ങുന്നത്. വെട്ടുകത്തി എന്തിനാണെന്നതും ആർക്കും അറിയില്ല. അതുകൊണ്ടു തന്നെ എക്‌സൈസ് കേസ് പൊലീസ് അന്വേഷണത്തിന് വഴിമാറും.

വ്യത്യസ്ത പ്രകടനങ്ങളുമായി വീഡിയോ ചെയ്യുന്ന വിക്കിക്ക് യൂട്യൂബിൽ ഏറെ ആരാധകരുണ്ട്. ഇൻസ്റ്റാഗ്രാമിൽ എട്ട് ലക്ഷത്തിലധികം ആളുകളാണ് ഇയാളെ പിന്തുടരുന്നത്. ലഹരിയില്ലാതെ ഒരു ദിവസം പോലും ജീവിക്കാൻ കഴിയില്ലെന്ന് വിഘ്‌നേഷ് പല വേദികളിൽ പറഞ്ഞിട്ടുണ്ട്. നിരവധി സ്ഥാപനങ്ങളുടെ മോഡലായും പ്രവർത്തിച്ചിരുന്നു. അരലക്ഷത്തിലധികം രൂപയാണ് സ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിന് മാത്രം വിഘ്‌നേഷ് ഈടാക്കിയിരുന്നത്. ഇയാൾ നേരത്തെ നിരവധി കേസുകളിൽ ഉൾപെട്ടിട്ടുണ്ടെന്നാണ് സൂചന.

വിക്കിയുടെ ലഹരിയുമായുള്ള വരവ് മനസിലാക്കിയ എക്‌സൈസ് ഇന്റലിജൻസ് വാഹനം കൈകാണിച്ചെങ്കിലും നിർത്താതെ പാഞ്ഞു. പാലക്കാട് എക്‌സൈസ് റേഞ്ച് ഉദ്യോഗസ്ഥർ പിന്തുടർന്ന് ചന്ദ്രനഗറിലിട്ട് വിക്കിയെയും സുഹൃത്തിനെയും പിടികൂടി. വാഹന പരിശോധനയിലാണ് ഗിയർ ലിവറിനടിയിൽ ഒളിപ്പിച്ച ഇരുപത് ഗ്രാം മെത്താഫിറ്റമിൻ കണ്ടെത്തിയത്. കാറിന്റെ ഡാഷിൽ ഒളിപ്പിച്ചിരുന്ന പോയിന്റ് റ്റു റ്റു റൈഫിളും വെട്ടുകത്തിയും കണ്ടെടുത്തു.

ബെംഗലൂരുവിൽ നിന്ന് കൊച്ചിയിലേക്കായിരുന്നു ഇരുവരുടെയും യാത്ര. വ്യത്യസ്ത പ്രകടനങ്ങളുമായി യൂട്യൂബിൽ ഏറെ ആരാധകരെ സൃഷ്ടിച്ച വിക്കിയെന്ന വിഘ്‌നേഷിനെ ഇൻസ്റ്റഗ്രാമിൽ എട്ട് ലക്ഷത്തിലധികമാളുകൾ പിന്തുടരുന്നുണ്ട്. നിരവധി സ്ഥാപനങ്ങളുടെ മോഡലായും വിക്കി സജീവമാണ്.