- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശാന്തിവിള രാജേന്ദ്രൻ ശിവകുമാറിന്റെ ബിനാമി എന്നാരോപിച്ച് വിജിലൻസ് റെയ്ഡ് നടത്തിയത് 2020ൽ; സോഷ്യൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയെ നയിച്ചത് മുൻ മന്ത്രിയുടെ അടുത്ത സുഹൃത്തോ? ശാസ്തമംഗലത്തെ സഹകരണ പ്രതിഷേധവും ചർച്ചകളിൽ
തിരുവനന്തപുരം : കോൺഗ്രസ് നേതാവും ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ മന്ത്രിയുമായിരുന്ന വി എസ് ശിവകുമാറിന്റെ വീട്ടിൽനിക്ഷേപകരുടെ പ്രതിഷേധം. തിരുവനന്തപുരം ജില്ല അൺ എംപ്ലോയിസ് സോഷ്യൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽപണം നിക്ഷേപിച്ചവരാണ് പ്രതിഷേധിക്കുന്നത്. കിള്ളിപ്പാലം, വെള്ളായണി, വലിയതുറ ബ്രാഞ്ചുകളിലെ നിക്ഷേപകരാണ് പ്രതിഷേധിക്കുന്നത്.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ മന്ത്രി വി എസ് ശിവകുമാറിന്റെ തിരുവനന്തപുരം ശാസ്തമംഗലത്തെ വീട്ടിൽ വിജിലൻസിന്റെ മാരത്തോൺ റെയ്ഡ് 2022്ൽ നടന്നിരുന്നു. ആ വിജിലൻസ് കേസിൽ കൂട്ടു പ്രതിയായിരുന്ന ശാന്തിവിള രാജേന്ദ്രനാണ് തിരുവനന്തപുരം ജില്ല അൺ എംപ്ലോയിസ് സോഷ്യൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റെ എന്നതാണ് വസ്തുത. ഇതാണ് നിക്ഷേപകരെ മുൻ മന്ത്രിയുടെ വീട്ടിന് മുമ്പിൽ സമരത്തിന് എത്തിച്ചത്.
300 നിക്ഷേപകർക്കായി 13 കോടി നഷ്ടമായി എന്നാണ് പരാതി. ശിവകുമാറിന്റെ ബിനാമിയുടെതാണ് സൊസൈറ്റി എന്ന് പണം നഷ്ടപെട്ടവർ ആരോപിക്കുന്നത്. 2002 ൽ ശിവകുമാറായിരുന്നു സൊസൈറ്റി ഉദ്ഘാടനം ചെയ്തത്. എന്നാൽ ഡിസിസി പ്രസിഡന്റ് ആയിരുന്നപ്പോൾ ആണ് ബാങ്ക് ഉദ്ഘാടനം ചെയ്തതെന്ന് ശിവകുമാർ പറഞ്ഞു. പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകർ ക്ഷണിച്ചിട്ടാണ് പോയത്. നിക്ഷേപകരുമായി സംസാരിച്ചുവെന്നും ശിവകുമാർ പറഞ്ഞു. സംസ്ഥാനത്ത് സഹകരണ സംഘങ്ങളിൽ ഏറ്റവും കൂടുതൽ ക്രമക്കേട് നടന്നത് യുഡിഎഫ് ഭരിക്കുന്ന സംഘങ്ങളിലെന്ന് അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നത് സെപ്റ്റംബർ അവസാന വാരമാണ്. ക്രമക്കേട് ഉണ്ടായ 272 സഹകരണ സംഘങ്ങളിൽ 202 ന്റെയും ഭരണം യുഡിഎഫ് സമിതിക്കെന്നാണ് സഹകരണ രജിസ്ട്രാറുടെ റിപ്പോർട്ട്.
നേരത്തെ അഴിമതിയിൽ ശിവകുമാറിനെ ഒന്നാം പ്രതിയാക്കി തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിൽ വിജിലൻസ് സ്‌പെഷ്യൽ സെൽ എഫ്.ഐ.ആർ സമർപ്പിച്ചിരുന്നു. മറ്റ് പ്രതികളായ നേമം ശാന്തിവിള രാജേന്ദ്ര വിലാസത്തിൽ രാജേന്ദ്രൻ, കരകുളം ഏണിക്കര കെ.പി.ലെയിൻ ശ്രീനിലയത്തിൽ ഷൈജു ഹരൻ, ഗൗരീശപട്ടം കൃഷ്ണയിൽ അഭിഭാഷകനായ എൻ.എസ്.ഹരികുമാർ എന്നിവരുടെ വീടുകളിലും റെയ്ഡ് നടത്തിയിരുന്നു.നേമം ശാന്തിവിള രാജേന്ദ്ര വിലാസത്തിൽ രാജേന്ദ്രനാണ് തിരുവനന്തപുരം ജില്ല അൺ എംപ്ലോയിസ് സോഷ്യൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയെ നയിക്കുന്നത് എന്നാണ് സൂചന.
വി എസ് ശിവകുമാർ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് പഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പേരിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നായിരുന്നു 2020ലെ വിജിലൻസ് കേസ്. റെയ്ഡിന് ശേഷം ആ കേസിൽ മറ്റ് വിവരങ്ങളൊന്നും പുറത്തു വന്നിരുന്നില്ല. ആ കേസുമായി ബന്ധപ്പെട്ട് ശാന്തിവിള രാജേന്ദ്രന്റെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. ആ കേസിൽ വിജിലൻസ് തിരുവനന്തപുരം യൂണിറ്റ് പ്രാഥമിക അന്വേഷണം നടത്തി നാല് പേർക്കെതിരായ തെളിവുകൾ ശേഖരിച്ചിരുന്നു.
സൂഹൃത്തും കോൺട്രാക്ടറുമായ ശാന്തി വിള രാജേന്ദ്രന്റെ സ്വത്തിൽ ശിവകുമാർ ആരോഗ്യമന്ത്രിയായ കാലഘട്ടത്തിൽ അഭൂതപ്പൂർവ്വമായ വളർച്ചയാണ് ഉണ്ടായതെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നതായി കൈരളി ടിവി അടക്കം വാർത്ത നൽകിയിരുന്നു. എന്നാൽ അന്വേഷണത്തിന് പിന്നീട് എന്തു സംഭവിച്ചുവെന്നതിൽ വ്യക്തതയില്ല. ഈ അടുത്ത കാലത്ത് കേന്ദ്ര ഏജൻസിയായ ഇഡിയും ശിവകുമാറിനെതിരെ അന്വേഷണത്തിന് എത്തിയിരുന്നു.
തിരുവനന്തപുരം ജില്ല അൺ എംപ്ലോയിസ് സോഷ്യൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എം. രാജേന്ദ്രൻ പണം മുഴുവൻ പിൻവലിച്ചുവെന്നും വി എസ്. ശിവകുമാറിന്റെ ഉത്തരവാദിത്തത്തിന്മേലാണ് തങ്ങൾ നിക്ഷേപം നടത്തിയതെന്നും ആരോപിച്ചാണ് പ്രതിഷേധം. കിള്ളിപ്പാലം, വെള്ളായണി, നേമം എന്നിവിടങ്ങളിലായിരുന്നു അൺ എംപ്ലോയീസ് സോഷ്യൽ വെൽഫയർ കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ശാഖകൾ ഉണ്ടായിരുന്നത്. ഇവിടങ്ങളിൽ നിക്ഷേപം നടത്തിയവർക്കാണ് പണം നഷ്ടമായതെന്നാണ് ആരോപണം. 300ലേറെപ്പേർക്കായി 13 കോടിയോളം രൂപ ഇത്തരത്തിൽ നിക്ഷേപത്തുക കിട്ടാനുണ്ടെന്നും പ്രതിഷേധക്കാർ പറയുന്നു.
വി എസ്. ശിവകുമാറിന്റെ ബിനാമി കരകുളം സ്വദേശിയായ അശോകനെ പറഞ്ഞയച്ചാണ് തന്റെ കൈയിൽനിന്ന് നിക്ഷേപം വാങ്ങിയതെന്ന് പ്രതിഷേധക്കാരിൽ ഒരാൾ പറഞ്ഞു. ഇപ്പോൾ ഇതിൽ ഒരു ബന്ധവുമില്ലെന്നാണ് ശിവകുമാർ പറയുന്നത്. അദ്ദേഹം പറഞ്ഞിട്ടാണ് പണം നിക്ഷേപിച്ചത്. ഇപ്പോൾ അദ്ദേഹം ഉത്തരവാദിത്തത്തിൽനിന്ന് കൈയൊഴിയുന്നു. നവംബർ അഞ്ചിന് മകളുടെ കല്യാണമാണ്. അതുകൊണ്ടാണ് പണത്തിന് ആവശ്യമായി വന്നത്. 30 ദിവസമേ കല്യാണത്തിനുള്ളൂ. വേറൊരു മാർഗവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
'വി എസ്. ശിവകുമാറിന്റെ പി.എ. ആയിരുന്നു സൊസൈറ്റി പ്രസിഡന്റ് രാജേന്ദ്രൻ. എന്ത് ഇടപാടുനടന്നാലും ഇവർ രണ്ടുപേരും അറിഞ്ഞാണ് ചെയ്തത്. രണ്ടുദിവസത്തിലൊരിക്കൽ ശിവകുമാർ അവിടെ വരും. എല്ലാകാര്യങ്ങളും ശിവകുമാറിന് അറിയാം. ശിവകുമാറിന്റെ ബിനാമിയാണ് രാജേന്ദ്രൻ. എല്ലായിടത്തും വസ്തുവകകൾ വാങ്ങുന്നത് ഇയാളുടെ പേരിലാണ്. വെള്ളായണി ശാഖയിൽ നിക്ഷേപിച്ച അഞ്ചുലക്ഷം രൂപയാണ് എനിക്ക് നഷ്ടമായത്. രാജേന്ദ്രന്റെ വീടനടുത്താണ് എന്റെ വീട്. എന്റെ ഭാര്യക്കാണെങ്കിൽ കണ്ണിനും ഹൃദയത്തിനും കിഡ്നിക്കും തകരാറുണ്ട്. മാസം 25,000 രൂപയുടെ ചികിത്സയാണ് നടത്തുന്നത്. അതവനറിയാം. തരാം തരാം എന്നു പറയുകയല്ലാതെ ഇതുവരെ തരുന്നില്ല', മറ്റൊരു നിക്ഷേപകൻ പറഞ്ഞു.
'പലിശ ചോദിക്കുമ്പോൾ, ആരെങ്കിലും നിക്ഷേപം നടത്തുമ്പോൾ പങ്കുവെച്ചുതരാമെന്നാണ് പറയുന്നത്. അത് പറയുകയല്ലാതെ കാര്യങ്ങളൊന്നും നടക്കുന്നില്ല. ഹൃദ്രോഗിയാണ് ഞാൻ. ചികിത്സയ്ക്ക് പണം ചോദിച്ചപ്പോൾ അവൻ തന്നില്ല. ഒരു തീരുമാനം ഉണ്ടാക്കാനാണ് ഇപ്പോൾ വന്നത്', പ്രതിഷേധക്കാരിൽ ഒരാൾ വ്യക്തമാക്കി. പ്രതിഷേധക്കാർക്ക് പിന്തുണയുമായി പ്രാദേശിക സിപിഎം. നേതൃത്വം രംഗത്തെത്തിയിരുന്നു. പരിഹാരം കാണാമെന്ന ഉറപ്പും നൽകിയിട്ടുണ്ട്.




