പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്ത് ഛത്തീസ്ഗഢ് സ്വദേശി രംനാരായണ്‍ ഭയ്യര്‍ (31) ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി. കൂടുതല്‍ വീഡിയോദൃശ്യങ്ങള്‍ ശേഖരിച്ചുകൊണ്ടാണ് അന്വേഷണം. കേസിന്റെ സ്ഥിതി വിലയിരുത്തി കൂടുതല്‍ ശക്തമായ വകുപ്പുകള്‍ ചുമത്തുന്നത് പരിഗണനയിലുണ്ടെന്ന് ജില്ലാ പോലീസ് മേധാവി അജിത് കുമാര്‍ പറഞ്ഞു. കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് സംഘപരിവാറിന്റെ വിദ്വേഷരാഷ്ട്രീയമാണെന്ന് മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു.

പത്തംഗ പ്രത്യേക അന്വേഷണസംഘമാണ് (എസ്‌ഐടി) മൂന്ന് ദിവസമായി കേസന്വേഷിക്കുന്നത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.എം. ഗോപകുമാറിനാണ് നേതൃത്വം. സമീപവാസികളുടെ ഫോണുകളില്‍നിന്നുള്ള ഡിജിറ്റല്‍ തെളിവുകള്‍ക്കുപുറമേ സാക്ഷിമൊഴികളും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. അത് പൂര്‍ണതോതില്‍ വിശകലനം ചെയ്തശേഷമാവും കൂടുതല്‍ നടപടിയെന്ന് അജിത്കുമാര്‍ പറഞ്ഞു.

സംഭവത്തിനുശേഷം അറസ്റ്റ് ഭയന്ന് നാടുവിട്ടവരെ തിരിച്ചെത്തിക്കാന്‍ ഇവരുടെ ബന്ധുക്കളുമായും എസ്‌ഐടി സംഘം ബന്ധപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ട് എസ്പിയുടെ സാന്നിധ്യത്തില്‍ എസ്‌ഐടി സംഘം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ആദ്യം കേസന്വേഷിച്ച വാളയാര്‍ പോലീസിന്റെ ഭാഗത്ത് എന്തെങ്കിലും വീഴ്ചയുണ്ടായോയെന്നതും വിലയിരുത്തിയതായി സൂചനയുണ്ട്.

കൊലപാതകം നടന്നത് 17-നാണ്. പോലീസ് അന്വേഷണം തുടങ്ങിയ 18-ന് പതിനഞ്ചോളം പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരില്‍ ഏറെപ്പേരെയും പിന്നീട് വിട്ടയച്ചു. ഇതില്‍ രാംനാരായണെ മര്‍ദിച്ചവരും ഉള്‍പ്പെടുന്നതായി സൂചനയുണ്ട്. ഇവര്‍ പിന്നീട് മൊബൈല്‍ ഫോണ്‍ ഓഫാക്കി ഒളിവില്‍ പോകുകയായിരുന്നു.

സംശയം തോന്നി കസ്റ്റഡിയിലെടുക്കുന്നവര്‍ എല്ലാവരും പ്രതികളാവണമെന്നില്ലെന്നാണ് ഇതേക്കുറിച്ച് ജില്ലാ പോലീസ് മേധാവി നല്‍കുന്ന വിശദീകരണം. വിവരശേഖരണത്തിനായും ആളുകളെ സ്റ്റേഷനിലേക്ക് വിളിപ്പിക്കാറുണ്ട്. വാളയാര്‍ പോലീസ് ഇങ്ങനെ വിളിപ്പിച്ചശേഷം അറസ്റ്റു ചെയ്യാതെ വിട്ടവരില്‍ പ്രതികളുമുണ്ടാവാനിടയുണ്ടെന്നും എസ്പി പറഞ്ഞു. 18-നാണ് അഞ്ചു പ്രതികളെ അറസ്റ്റുചെയ്തത്. ഇതില്‍ മൂന്നുപേര്‍ സ്റ്റേഷനില്‍ നേരിട്ട് ഹാജരായവരാണ്. ബാക്കി രണ്ടുപേരെ പോലീസ് വിളിച്ചുവരുത്തി അറസ്റ്റു ചെയ്യുകയായിരുന്നെന്ന് റിമാന്‍ഡ് റിപ്പോട്ടില്‍ പറയുന്നു.

രാംനാരായണനെ പിടികൂടി മര്‍ദിച്ചത് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണെന്ന് പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് വ്യക്തമാക്കി. ഒന്നാം പ്രതി അനു രാംനാരായണിന്റെ പുറത്തും ഇടതുകൈയിലും വടികൊണ്ട് അടിച്ചു. രണ്ടാംപ്രതി പ്രസാദ് വടികൊണ്ട് അടിച്ചതിനുപുറമേ കൈകൊണ്ട് തലയിലും തല്ലി. മൂന്നാംപ്രതി മുരളി മുഖത്ത് അടിച്ചെന്നും നാലാം പ്രതി അനന്തന്‍ നിലത്തിട്ട് ചവിട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ചാംപ്രതി വിപിന്‍ കൈകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചെന്നാണ് പോലീസ് പറയുന്നത്.