വാറങ്കല്‍: ആണ്‍കുട്ടി വേണമെന്ന വാശിയും ക്രൂരതയും ഒരു കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കിയിരിക്കുന്നു. തെലങ്കാനയിലെ വാറങ്കലില്‍ ഗര്‍ഭിണിയായ ഭാര്യയെയും രണ്ട് പിഞ്ചുമക്കളെയും ഭര്‍ത്താവ് നീന്തല്‍ക്കുളത്തില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ വാര്‍ത്തയുടെ നടുക്കത്തിലാണ് ഇപ്പോള്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍. സ്വന്തം ചോരയില്‍ പിറന്ന മക്കളെയും ഒപ്പം വളരുന്ന ഗര്‍ഭസ്ഥ ശിശുവിനെയും മരണത്തിലേക്ക് തള്ളിയിട്ട ഭര്‍ത്താവ് അസറുദ്ദീന്‍ ഇപ്പോള്‍ പോലീസിനെ വെട്ടിച്ച് ഒളിവില്‍ പോയിരിക്കുകയാണ്.

വാറങ്കല്‍-ഖമ്മം ദേശീയപാതയ്ക്ക് സമീപമുള്ള ഇവരുടെ ഉടമസ്ഥതയിലുള്ള നീന്തല്‍ക്കുളത്തിലാണ് ഫര്‍ഹത്ത് (26), മക്കളായ ഉമേര (8), ആയിഷ (6) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം. ആദ്യം ഇതൊരു അപകടമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ അസറുദ്ദീന്‍ ശ്രമിച്ചെങ്കിലും പോലീസിന്റെ പഴുതടച്ച അന്വേഷണത്തില്‍ ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവരികയായിരുന്നു.

രണ്ട് പെണ്‍മക്കളുള്ള ഫര്‍ഹത്ത് മൂന്നാമതും ഗര്‍ഭിണിയായിരുന്നു. ഇത്തവണയെങ്കിലും ഒരു ആണ്‍കുട്ടി വേണമെന്നായിരുന്നു അസറുദ്ദീന്റെ മോഹം. മൂന്നാമത്തെ കുട്ടിയും പെണ്ണാണെന്ന സൂചന ലഭിച്ചതോടെ കുഞ്ഞിനെ നശിപ്പിക്കാന്‍ അസറുദ്ദീന്‍ ഫര്‍ഹത്തിനെ നിര്‍ബന്ധിച്ചു. എന്നാല്‍ ഇതിന് അവള്‍ തയ്യാറായില്ല. ഗര്‍ഭച്ഛിദ്രത്തിന് തയ്യാറാവാത്ത ഭാര്യയോടുള്ള പക മൂത്ത് അവരെയും കൂട്ടി നീന്തല്‍ക്കുളത്തിന് അടുത്തേക്ക് പോയി. കൃത്യത്തിന് മുന്‍പ് പൂളിലെ സിസിടിവി ക്യാമറകള്‍ ഇയാള്‍ ഓഫ് ചെയ്തിരുന്നു. ഇത് കൊലപാതകം മുന്‍കൂട്ടി പ്ലാന്‍ ചെയ്തതാണെന്നതിന് തെളിവാണ്.

'മകളും ഭര്‍ത്താവും തമ്മില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരന്തരം തര്‍ക്കങ്ങള്‍ നടക്കാറുണ്ടായിരുന്നു. ആണ്‍കുട്ടി വേണമെന്ന ആവശ്യമായിരുന്നു മരുമകന്റേത്.' - ഫര്‍ഹത്തിന്റെ പിതാവ് അലി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

ഭാര്യയും മക്കളും അബദ്ധത്തില്‍ കുളത്തില്‍ വഴുതിവീണതാണെന്നായിരുന്നു അസറുദ്ദീന്‍ ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഇയാളുടെ മൊഴികളിലെ പൊരുത്തക്കേടുകളും സിസിടിവി ഓഫ് ചെയ്തതും പോലീസിന് സംശയമുണ്ടാക്കി. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മൂവരും മരണത്തിന് കീഴടങ്ങിയിരുന്നു.

പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു ഫര്‍ഹത്തും അസറുദ്ദീനും. എന്നാല്‍ ആണ്‍കുട്ടി എന്ന അന്ധമായ വാശിക്ക് മുന്നില്‍ ആ പ്രണയവും ദാമ്പത്യവും തകരുകയായിരുന്നു. നിലവില്‍ കൊലപാതകത്തിന് കേസെടുത്ത പോലീസ് പ്രതിയെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആണ്‍കോയ്മയുടെയും ക്രൂരതയുടെയും ഇരകളായി മാറിയ ഈ അമ്മയുടെയും മക്കളുടെയും വിയോഗം തീരാവേദനയായി മാറുകയാണ്.

പൊലീസ് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്യുകയും അസ്ഹറുദ്ദീനെ കണ്ടെത്താന്‍ പ്രത്യേക സംഘങ്ങളെ രൂപീകരിക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മകളും ഭര്‍ത്താവും തമ്മില്‍ ഇടയ്ക്കിടെ തര്‍ക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് ആരോപിച്ച് ഫര്‍ഹത്തിന്റെ പിതാവ് അലി പൊലീസില്‍ പരാതി നല്‍കിയിരുന്നു.