കണ്ണൂർ: കുട്ടികളില്ലാത്ത ദമ്പതിമാർക്ക് ചികിത്സ നൽകി വടക്കെ മലബാറിൽ പേരുംപണവും നേടിയ വയനാടൻ തങ്ങൾ ലഹരി മാഫിയയുമായി ബന്ധമുണ്ടോയെന്ന കാര്യം പൊലിസ് പരിശോധിക്കുന്നു. ഇതു സംബന്ധിച്ചു ചിലരിൽ രഹസ്യവിവരം ലഭിച്ചതുകൊണ്ടാണ് പൊലിസ് തങ്ങൾ നൽകുന്ന മരുന്നുകളെ കുറിച്ചു ചികിത്സ തേടിയവരിൽ നിന്നു സാമ്പിളുകൾ ശേഖരിക്കുന്നത്. ഇതു പരിശോധിച്ച ശേഷം ഈയാളെ അറസ്റ്റു ചെയ്യുന്ന കാര്യമുൾപ്പെടെ നടപടികൾ സ്വീകരിക്കാനാണ് പൊലിസിന്റെ നീക്കം. തലശേരി നഗരമധ്യത്തിലെ ലോഡ്ജിൽ മുറിയെടുത്ത് വയനാടൻ തങ്ങൾ വർഷങ്ങളായി ചികിത്സ നടത്തിവരികയായിരുന്നുവെന്ന് പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. കുട്ടികൾ ഇല്ലാത്ത സ്ത്രീകൾക്ക് പ്രത്യേകം മന്ത്രിച്ചുള്ള രഹസ്യപ്രാർത്ഥനകൾ ഇയാൾ നടത്താറുണ്ട്.

ഇതുകൂടാതെ മന്ത്രജലം ഇവരുടെ ദേഹത്ത് തളിക്കുകയും ഉറുക്കുകൾ കെട്ടിക്കൊടുക്കാറുണ്ടെന്നും ഈയാളുടെ അടുത്ത് ചികിത്സ തേടിയവർ ചിലർ പൊലിസിന് മൊഴിനൽകിയിട്ടുണ്ട്. ഭാര്യഗൃഹത്തിൽ താമസിക്കുകയും ഭാര്യയുമായി പിണങ്ങിപോവുകയും ചെയ്യുന്ന പുയ്യാപ്ളമാരെ(മലബാറിൽ മുസ്ലിങ്ങൾക്കിടെയിൽ ഭർത്താക്കാന്മാരെ വിശേഷിപ്പിക്കുന്ന പേര്) ഇണക്കാനും മടക്കിവീട്ടിലേക്ക് കൊണ്ടുവരാനും പ്രത്യേക മന്ത്രവാദചികിത്സകൾ ഇയാൾ നടത്താറുണ്ടെന്ന് തലശേരിക്കാരിൽ ചിലർ പറയുന്നു.

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും ലോഗൻസ്റോഡിലെ ലോഡ്ജ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വയനാടൻ തങ്ങളെ തേടിവരാറുണ്ട്. വെള്ളിയാഴ്ചകളിൽ നല്ലതിരക്കാണ് ഈയാളുടെ കൺസൾട്ടൻസി മുറിക്ക് പുറത്ത് അനുഭവപ്പെടാറുള്ളത്. കൂടുതൽ 18 മുതൽ 40 വയസുവരെയുള്ള യുവതികളാണ് മന്ത്രവാദ ചികിത്സ തേടിയെത്തുന്നവരിൽ കൂടുതൽ. എന്നാൽ മറ്റുദിവസങ്ങളിൽ ഇയാളെ തേടി ദൂരദേശങ്ങളിൽ നിന്നു പോലും യുവാക്കളെത്തുന്നതാണ് മയക്കുമരുന്ന് ഇടപാടുമായി വയനാടൻ തങ്ങൾക്കു ബന്ധമുണ്ടോയെന്നു പൊലിസ് സംശയിക്കാൻ കാരണം.

കഞ്ചാവ്, എൽ. എസ്. ഡി സ്റ്റാംപ്, എം. ഡി. എം. എ എന്നിവ മരുന്നെന്ന വ്യാജനെ വയനാടൻ തങ്ങൾ വിതരണം ചെയ്തിരുന്നുവെന്നോയെന്നാണ് പൊലിസ് അന്വേഷിക്കുന്നത്. വയനാടൻ തങ്ങളിന്റെ മഹത്വം പുകഴ്‌ത്തുന്നതിനായി ഈക്കൂട്ടത്തിലുള്ള ചില യുവാക്കൾ പ്രചാരണങ്ങൾ നടത്തിയതായും പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. തന്റെടുക്കൽ ചികിത്സ തേടിയെത്തിയ ഭർതൃമതിയായ യുവതിയെ കയറിപ്പിടിച്ചതോടെയാണ് വയനാടൻ തങ്ങളിന്റെ പ്രവർത്തനങ്ങളെ കുറിച്ചു പൊലിസ് അന്വേഷണമാരംഭിച്ചത് .

യുവതി നൽകിയ പരാതിയെ തുടർന്നാണ് ലോഡ്ജിൽ റെയ്ഡുനടത്തിയത്. ഈ ലോഡ്ജു മുറിയിൽ നിന്നും അറബി അക്ഷരങ്ങളെഴുതിയ തേങ്ങ,മുട്ട, ഭസ്മം, അൻപതുരൂപയുടെ മഞ്ഞൾപുരട്ടിയ നോട്ടുകെട്ടുകൾ, നാണയകിഴികൾ, അറബി അക്ഷരങ്ങളെഴുതിയ ചെമ്പ് തകിടുകൾ എന്നിവ പിടിയികൂടിയിട്ടുണ്ട്. ഇവിടെ നിന്നും പൊലിസ് പിടിച്ചെടുത്ത ആയൂർവേദ, യൂനാനി, ഹോമിയോ മരുന്നുകളെന്നു തങ്ങൾ പറയുന്ന പൊടികൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. എന്നാൽ ബാഹ്യസമ്മർദ്ദം കാരണം യുവതി കേസ് പിൻവലിച്ചതോടെയാണ് വയനാടൻ തങ്ങളെ കസ്റ്റഡിയിൽ നിന്നും പൊലിസ് വിട്ടയച്ചത്. ഇയാൾക്കായി ചില ഉന്നത രാഷ്ട്രീയ നേതാക്കൾ ഫോണിലൂടെ ഇടപെട്ടുവെന്നും സൂചനയുണ്ട്.