കരിംനഗര്‍ (തെലങ്കാന): മദ്യപാനിയായ ഭര്‍ത്താവിനെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. ചെവിയില്‍ കീടനാശിനി ഒഴിച്ചാണ് ഇവര്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. ഭര്‍ത്താവിനെ എങ്ങനെ കൊല ചെയ്യാം എന്ന് യുട്യൂബ് വീഡിയോ നോക്കിയാണ് ഭാര്യ രമാദേവി പഠിച്ചത്. തുടര്‍ന്ന് കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊല്ലുകയായിരുന്നു. കരിംനഗറിലെ ലൈബ്രറി ജീവനക്കാരനായ സമ്പത്ത് (45) ആണ് മരിച്ചത്. സംഭവത്തില്‍ ഭാര്യ രമാദേവി, കാമുകന്‍ രാജയ്യ (50), സുഹൃത്ത് ശ്രീനിവാസ് എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു.

മദ്യാസക്തനായ സമ്പത്ത് പതിവായി മദ്യപിച്ച് വീട്ടിലെത്തി വഴക്ക് ഉണ്ടാക്കുമായിരുന്നു. രമാദേവി ഒരു ചായക്കട നടത്തുന്നുണ്ടായിരുന്നു. ഇവിടെ വച്ചാണ് 50കാരനായ രാജയ്യയെ രമാദേവി ആദ്യമായി കാണുന്നത്. പിന്നീട് സ്ഥിരം കടയിലെ സന്ദര്‍ശകനായ രാജയ്യയുമായി രമാദേവി അടുത്തു. പിന്നീട് രണ്ട് പേരും പ്രണയത്തിലാകുകയും ചെയ്തു. പ്രണയത്തിലായതോടെ മുഴുക്കുടിയനായ ഭര്‍ത്താവിനെ എങ്ങനെ എങ്കിലും ഒഴിവാക്കണം എന്ന ചിന്തയായി. തുടര്‍ന്നാണ് രമാദേവി കൊല്ലാന്‍ തീരുമാനിക്കുന്നത്.

കൊല്ലാനുള്ള വഴികള്‍ ഓണ്‍ലൈനില്‍ തപ്പി. യൂട്യൂബില്‍ നിന്ന് ചെവില്‍ കീടനാശിനി ഒഴിച്ച് കൊല്ലുന്ന വീഡിയോ കണ്ട് അങ്ങനെ കൊല്ലാന്‍ തീരുമാനിക്കുന്നു. ഇക്കാര്യം കാമുകനുമായി പങ്കുവെച്ചു. രാജയ്യ തന്റെ സുഹൃത്തായ ശ്രീനവാസയുമായി ചേര്‍ന്ന് സമ്പത്തിനെ കൊല്ലാന്‍ പദ്ധതിയിട്ടു. പദ്ധതി പ്രകാരം, കൊലപാതക ദിവസത്തെ രാത്രി രാജയ്യയും ശ്രീനിവാസും സമ്പത്തിനെ ബൊമ്മക്കല്‍ ഫ്ലൈഓവറിനടുത്തേക്ക് വിളിച്ചു. മദ്യം വാഗ്ദാനം ചെയ്ത് കുടിപ്പിച്ചതിനെ തുടര്‍ന്ന് ബോധം നഷ്ടപ്പെട്ട സമ്പത്തിന്റെയും ചെവിയില്‍ രാജയ്യ കീടനാശിനി ഒഴിച്ചു. സംഭവസ്ഥലത്ത് വച്ച് തന്നെ സമ്പത്ത് മരിച്ചു.

അടുത്ത ദിവസം രമാദേവി ഭര്‍ത്താവ് കാണാതായെന്ന പരാതി പൊലീസില്‍ നല്‍കി. പോസ്റ്റുമോര്‍ട്ടം വേണ്ടെന്ന് രാജയ്യയും രമാദേവിയും ആവശ്യപ്പെട്ടത് പൊലീസിന്റെ സംശയം വര്‍ധിപ്പിച്ചു. സമ്പത്തിന്റെ മകനും മരണത്തില്‍ ദുരൂഹത ആരോപിച്ചു രംഗത്തെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മൂവരും പൊലീസ് വലയിലായത്.