ഹൈദരാബാദ്: പൊലീസിന്റെ സാന്നിധ്യത്തിൽ യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സഹീറാബാദ് വെങ്കട്ടരമണ കോളനി സ്വദേശി കവിതയാണ് (29) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് മാലി പട്ടേൽ സിദ്ധ റെഡ്ഡിയെ (36) പൊലീസ് അറസ്റ്റ് ചെയ്തു. സഹീറാബാദിലെ തിരക്കേറിയ നഗരമധ്യത്തിൽ പൊലീസിനൊപ്പം നടന്നുപോകുമ്പോഴായിരുന്നു സിദ്ധ റെഡ്ഡി കവിതയെ ക്രൂരമായി ആക്രമിച്ചത്.

പാനിപൂരി വില്പനക്കാരനായ സിദ്ധ റെഡ്ഡിയും തയ്യൽ ജോലികൾ ചെയ്തിരുന്ന കവിതയും തമ്മിൽ കുടുംബപ്രശ്നങ്ങൾ പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ മാർച്ച് 27-ന് കവിതയെ വീട്ടിൽ നിന്നും കാണാതായിരുന്നു. മൂന്ന് ലക്ഷം രൂപയുമായാണ് കവിത ഒളിച്ചോടിയതെന്ന് കാണിച്ച് സിദ്ധ റെഡ്ഡി സഹീറാബാദ് ടൗൺ പൊലീസിൽ പരാതി നൽകി.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മഹബൂബ് നഗറിലെ ജാഡ്‌ചെർലയിൽ പവൻ കുമാർ റെഡ്ഡി എന്ന യുവാവിനൊപ്പം കവിത താമസിക്കുന്നതായി പൊലീസ് കണ്ടെത്തിയത്. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പവനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ സിദ്ധ റെഡ്ഡി പലതവണ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും കവിത അത് ചെവിക്കൊണ്ടിരുന്നില്ല. പൊലീസ് കവിതയെ കണ്ടെത്തുകയും സ്റ്റേഷനിലെത്തിച്ച് കൗൺസലിംഗ് നൽകുകയും ചെയ്തു. തുടർന്ന് കുടുംബത്തോടൊപ്പം പോകാൻ പൊലീസ് നിർദ്ദേശിച്ചു.

കൗൺസലിംഗിന് ശേഷം പൊലീസിനൊപ്പം സഹീറാബാദിലേക്ക് മടങ്ങുന്നതിനിടെയാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് സിദ്ധ റെഡ്ഡി കവിതയുടെ കഴുത്തറുത്തത്. രക്തം വാർന്നു വീണ കവിതയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒമ്പതും ആറും വയസ്സുള്ള രണ്ട് കുട്ടികളാണ് ഈ ദമ്പതികൾക്കുള്ളത്. ഇവരെ ഇപ്പോൾ മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം വിട്ടിരിക്കുകയാണ്. കൊലക്കുറ്റം ചുമത്തി സിദ്ധ റെഡ്ഡിയെ കോടതി റിമാൻഡ് ചെയ്തു.