മുംബൈ: ഭർത്താവിന്റെ പീഡനത്തെ തുടർന്ന് മഹാരാഷ്ട്ര മന്ത്രിയുടെ പിഎയുടെ ഭാര്യ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മൃ​ഗസംരക്ഷണ- പരിസ്ഥിതി മന്ത്രി പങ്കജ് മുണ്ഡെയുടെ പേഴ്സനൽ അസിസ്റ്റന്റ് ആനന്ദ് ​ഗാർജെയുടെ ഭാര്യ ​ഗൗരി പൽവെയാണ് ജീവനൊടുക്കിയത്.

സെൻട്രൽ മുംബൈയിലെ വോർലി പ്രദേശത്തെ വീട്ടിൽ ശനിയാഴ്ച വൈകീട്ടാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ഫെബ്രുവരിയിലായിരുന്നു ​ഗൗരിയുടെയും ആനന്ദിന്റേയും വിവാഹം.

മുംബൈ കെഇഎം ആശുപത്രിയിലെ ദന്തഡോക്ടറായിരുന്നു ​ഗൗരിയെന്ന് പോലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു. ആനന്ദ് ഭാര്യയെ ക്രൂരമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നതായും ഇതാണ് ജീവനൊടുക്കാൻ കാരണമെന്നും കുടുംബം ആരോപിച്ചതായി പോലീസ് വ്യക്തമാക്കി. മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.

പ്രാഥമിക വിവരങ്ങൾ പ്രകാരം കുടുംബതർക്കങ്ങളെ തുടർന്നാണ് ആത്മഹത്യയെന്ന് സംശയിക്കുന്നതായും അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

അതേസമയം, ഗൗരി പാൽവെയുടെ കുടുംബാംഗങ്ങൾ ഭർത്താവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അനന്ത് ഗാർജെ, ഗൗരിയെ നിരന്തരമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നതായി അവർ ആരോപിക്കുന്നു. ഈ പീഡനമാണ് യുവതിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നും കുടുംബം പറയുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് അവർ ആവശ്യപ്പെട്ടിട്ടുണ്ട്.

വിവരം ലഭിച്ച ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. നിലവിൽ പോലീസ് ആകസ്മിക മരണത്തിനാണ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ സംഭവം ഗാർഹിക പ്രശ്നങ്ങളെ തുടർന്നുള്ളതാകാനാണ് സാധ്യതയെന്നാണ് സൂചന.