വെച്ചൂച്ചിറ: യുവതി പമ്പയാറ്റിൽ പെരുന്തേനരുവിയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലമുള ചാത്തൻതറ ഡി.സി.എൽ പടി കരിങ്ങമാവിൽ വീട്ടിൽ സുമേഷ് എന്ന് വിളിക്കുന്ന കെ എസ് അരവിന്ദ്(36)ആണ് പിടിയിലായത്.

സുമേഷിന്റെ ഭാര്യ കൊല്ലമുള ചാത്തൻതറ കരിങ്ങമാവിൽ ജെനിമോൾ എന്നു വിളിക്കുന്ന ടെസി(31) ഒക്ടോബർ 30 നാണ് ആറ്റിൽ ചാടി ജീവനൊടുക്കിയത്. നിരന്തരമായ ഗാർഹിക പീഡനവും ഭർത്താവിന്റെ അവിഹിതം ചോദ്യം ചെയ്തതിലുള്ള വിരോധത്താൽ ഇയാളിൽ നിന്നുണ്ടായ ശാരീരിക മാനസിക പീഡനവുമാണെന്ന് അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്നാണ് അറസ്റ്റ്. ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

വെച്ചൂച്ചിറ പൊലീസ് ഇൻസ്പെക്ടർ ബി രാജഗോപാലിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. അന്വേഷണസംഘത്തിൽ എഎസ്ഐ റോയ് ജോൺ, എസ് സി പി ഓമാരായ അൻസാരി, ജോജി, മനോജ് കുമാർ, ശ്യാം മോഹൻ, സി പി ഓമാരായ ജോസൺ പി ജോൺ, അഞ്ജന എന്നിവരുമുണ്ടായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ആറ്റിൽ ചാടി കാണാതായതിനെ തുടർന്ന് അന്നുതന്നെ വെച്ചൂച്ചിറ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. യുവതി ചാടിയ സ്ഥലത്തിന് സമീപത്തുനിന്നും ചെരുപ്പും മൊബൈൽ ഫോണും പാസ്പോർട്ട് സൈസ് ഫോട്ടോയും രണ്ട് ഡെബിറ്റ് കാർഡുകളും പൊലീസ് കണ്ടെത്തിയിരുന്നു.

മൊബൈൽ ഫോൺ പരിശോധിച്ച പൊലീസ് ഭർത്താവും അവിഹിത ബന്ധത്തിൽ ഏർപ്പെട്ടിരുന്ന സ്ത്രീയും സ്വസ്ഥത നൽകുന്നില്ലെന്നും മരിക്കാൻ പോകുകയാണെന്നുമുള്ള ടെസിയുടെ ശബ്ദസന്ദേശം ഒരു സ്ത്രീക്കയച്ച വാട്സാപ്പ് ചാറ്റിൽ നിന്നും കണ്ടെത്തിയത് അന്വേഷണത്തിൽ വഴിത്തിരിവായി. തുടർന്ന് നടന്ന ഊർജ്ജിതമായ അന്വേഷണത്തിലാണ് ടെസ്സിയുടെ ആത്മഹത്യയിൽ, ഭർത്താവ് അരവിന്ദിന്റെ പങ്ക് വെളിവായതും അറസ്റ്റിലേക്കെത്തിയതും.

ഗാർഹിക പീഡനത്തിന് പുറമെ, ഇയാൾ അവിഹിതബന്ധത്തിൽ ഏർപ്പെട്ട സ്ത്രീക്കൊപ്പം ചേർന്ന് മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായും വെളിപ്പെട്ടു. ഭർത്താവിന്റെ അവിഹിതം ചോദ്യം ചെയ്തപ്പോഴൊക്കെയും ടെസ്സി പീഡനങ്ങൾക്കിരയായിരുന്നു. റാന്നി ഡി വൈ എസ് പി ആർ ബിനുവിന്റെ ഉത്തരവ് പ്രകാരം രൂപീകരിച്ച പ്രത്യേകസംഘമാണ് കേസ് അന്വേഷിച്ചത്. തുടർന്ന് ഇന്നലെ രാത്രി 10 മണിയോടെ പ്രതിയെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

2010 മുതൽ പ്രണയത്തിലായിരുന്ന അരവിന്ദും ടെസിയും വീട്ടുകാരെക്കൊണ്ട് നിർബന്ധിച്ച് സമ്മതിപ്പിച്ചാണ് 2013 ൽ വിവാഹിതരായത്. സെപ്റ്റംബർ ഒന്നിന് കൊരട്ടി സെന്റ് മേരീസ് പാരിഷ് ഹാളിലായിരുന്നു വിവാഹം. യുവതിയുടെ വീട്ടുകാർ കുടുംബവിഹിതമായി നൽകിയ 50000 രൂപയും എട്ട് പവൻ സ്വർണവും പ്രതിയും അമ്മയും ചേർന്ന് ചെലവഴിച്ചതായി തെളിഞ്ഞു. സ്വർണാഭരണങ്ങൾ പ്രതികൾ വിൽക്കുകയായിരുന്നു. പണിചെയ്തുകിട്ടുന്ന പണം അരവിന്ദ് സ്വന്തം ആവശ്യങ്ങൾക്കായി മാത്രം വിനിയോഗിച്ചു. വീട്ടിൽ ചെലവിന് കൊടുക്കാറില്ലായിരുന്നു. തുടർന്ന്, ടെസ്സി കൂവപ്പള്ളിയിലെ ഗ്ലൗസ് കമ്പനിയിൽ ജോലിക്കുപോയി. എന്നാൽ ചൂട് കൂടിയ അന്തരീക്ഷത്തിലെ ജോലി കാരണം രോഗം ബാധിച്ചപ്പോൾ എല്ലാ ദിവസവും ജോലിക്ക് പോകാൻ സാധിക്കാതെ വന്നു. തുച്ഛമായ വരുമാനം കൊണ്ട് ജീവിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ടെസ്സി ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി.

വീട്ടിലെ കാര്യങ്ങൾ, കുട്ടിയുടെ വിദ്യാഭ്യാസം, ചികിത്സ, തുടങ്ങിയുള്ള ചെലവുകൾക്ക് പുറമെ, കുഞ്ഞിനെ നോക്കുന്നതിന് അരവിന്ദിന്റെ അമ്മക്ക് എല്ലാമാസവും 3000 രൂപ കൊടുക്കുകയും ചെയ്തിരുന്നു. കൂടാതെ, ഇയാൾ ആവശ്യപ്പെടുമ്പോഴൊക്കെയും പണം നൽകേണ്ടി വന്നു. പണം കിട്ടാതെവരുമ്പോൾ മർദ്ദനവും ഏൽക്കേണ്ട സ്ഥിതിയും ടെസ്സി നേരിട്ടു. യാത്രകളിൽ വാഹനത്തിലെ ഇന്ധന ചെലവിനു വരെ ടെസ്സി പണം കൊടുക്കണമായിരുന്നു. ഇതിനിടെയാണ് മറ്റൊരു സ്ത്രീയുമായി ഇയാൾ അടുത്തതും അവർ വാടകക്ക് താമസിക്കുന്ന വീട്ടിൽ പോകുവാൻ തുടങ്ങിയതും. ഇതറിഞ്ഞു ചോദ്യം ചെയ്തപ്പോഴൊക്കെ ശാരീരികപീഡനങ്ങളുമുണ്ടായി.

അസുഖം ബാധിച്ച ടെസ്സിയെ വേണ്ട എന്നും, അവിഹിതബന്ധം തുടരുമെന്നും പ്രതി ആവർത്തിച്ചു പറഞ്ഞിരുന്നു. ഇയാളുമായുള്ള ബന്ധത്തിന്റെ പേരിൽ യുവതിയെ വാടക വീടിന്റെ ഉടമസ്ഥൻ ഒഴിവാക്കിയതിനു കാരണം ടെസ്സിയാണെന്ന് ആരോപിച്ചും പീഡിപ്പിച്ചതായും, യുവതിയുമായി ചേർന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തി പ്രതി ഭാര്യയെ മാനസികമായി പീഡിപ്പിച്ചിരുന്നതായും അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി.