പത്തനംതിട്ട: : പത്തനംതിട്ട കോന്നി പയ്യനാമണ്ണിൽ യുവതിയുടെ ആത്മഹത്യയിൽ ഭർത്താവ് അറസ്റ്റിൽ. കോന്നി വട്ടക്കാവ് കല്ലിടുക്കിനാൽ ആര്യാലയ ആര്യാകൃഷ്ണ (22) തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അരുവാപ്പുലം ഊട്ടുപാറ കുളമാങ്കൂട്ടത്തിൽ ആശിഷ് (22) ആണ് അറസ്റ്റിലായത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് ആശിഷിന്റെ പേരിൽ ചുമത്തിയത്. ആശിഷിനെതിരെ യുവതിയുടെ കുടുംബം മൊഴി നൽകിയിരുന്നു.

വട്ടക്കാവ് കല്ലിടുക്കിനാൽ ആര്യാലയം അനിൽകുമാറിന്റെയും ശകുന്തളയുടെയും ഇളയ മകൾ ആര്യ കൃഷ്ണയെ ചൊവ്വാഴ്ച വൈകിട്ട് 5ന് പയ്യനാമൺ വേങ്ങത്തടിക്കൽ ഭാഗത്തെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആര്യയും ഒന്നര വയസ്സുള്ള കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭർത്താവ് അരുവാപ്പുലം ഊട്ടുപാറ കുളമാങ്കൂട്ടത്തിൽ ആശിഷും വീട്ടുകാരും വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്.