പത്തനംതിട്ട: വന്യമൃഗ നായാട്ടു സംഘത്തിലെ ഒരാളെ കൂടി വനപാലക സംഘം അറസ്റ്റ് ചെയ്തു. മാംസം കടത്താനുപയോഗിച്ച കാർ കസ്റ്റഡിയിലെടുക്കുന്നത് തടസപ്പെടുത്തി പ്രതിയുടെ മകൻ. ഒടുവിൽ റിക്കവറി വാൻ ഉപയോഗിച്ച് നീക്കുമെന്ന് കണ്ടപ്പോൾ താക്കോൽ നൽകി പിന്മാറ്റം.

തണ്ണിത്തോട്ടിൽ സ്ഫോടക വസ്തു ഭക്ഷിച്ച് മൂന്ന് കാട്ടാനകളും രണ്ട് മ്ലാവുകളും ചത്ത കേസിൽ തണ്ണിത്തോട് വി.കെ. പാറ രതീഷ് ഭവനിൽ രതീഷിനെയാണ് (35) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മൃഗങ്ങളെ കൊല്ലാനുള്ള സ്ഫോടക വസ്തുക്കളും മാംസവും കടത്തിയ വാഹനത്തെപ്പറ്റി സൂചന ലഭിച്ചത്.

മാംസം കടത്താനുപയോഗിച്ച കാർ പത്തനംതിട്ട കരിമ്പനാകുഴിയിൽ നിന്ന് പിടിച്ചെടുത്തു. കേസിൽ നേരത്തെ അറസ്റ്റിലായ തണ്ണിത്തോട് വി.കെ പാറ പുറമല പുത്തൻവീട്ടിൽ മാത്തുക്കുട്ടിയുടെ മകൻ ലിജോയുടെ ഉടമസ്ഥതയിലുള്ള വാഗണർ കാർ കരിമ്പനാകുഴിയിലെ ഫ്ളാറ്റിന് സമീപത്തു നിന്നാണ് കണ്ടെടുത്തത്. വാഹനം പരിശോധിക്കുന്നതിനിടെ ലിജോ താക്കോലുമായി ഫ്ളാറ്റിൽ കയറി വാതിലടച്ചിരുന്നു. വനപാലകർ പലതവണ ഇയാളെ വിളിച്ചെങ്കിലും പുറത്തേക്കു വരാൻ തയ്യാറായില്ല.

പൊലീസ് സഹായത്തോടെ റിക്കവറി വാഹനം ഉപയോഗിച്ച് വനപാലകർ കാർ കണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ താക്കോൽ കൈമാറി. വനപാലകർ വാഹനം ഓടിച്ചു കൊണ്ടുപോയി. വൈകിട്ട് ജുഡിഷ്യൽ ഒന്നാം ക്ലാസ് കോടതി രണ്ടിൽ കാർ ഹാജരാക്കി. രതീഷിനെ രണ്ടാഴ്ചത്തേക്ക് കോടതി റിമാൻഡ് ചെയ്തു. തണ്ണിത്തോട് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എസ്. റെജികുമാർ, റേഞ്ച് ഓഫീസിർ കെ. വി രതീഷ് എന്നിവരുടെ നേതൃതത്തിലുള്ള സംഘമാണ് രതീഷിനെയും പിടികൂടിയതും വാഹനം കസ്റ്റഡിയിലെടുത്തതും.

കേസിൽ രതീഷിന്റെ സഹോദരൻ ഹരീഷ്, സോമരാജൻ എന്നിവരെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. കോന്നി, തണ്ണിത്തോട് കേന്ദ്രീകരിച്ച് പ്രവർത്തക്കുന്ന വന്യജീവി മാംസക്കടത്തിലെ പ്രധാനികളാണ് അറസ്റ്റിലായതെന്ന് വനപാലകർ പറഞ്ഞു.