ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ ഝാൻസിയിൽ നടന്ന ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.ഒരു യുവതിയുടെ വ്യസ്തമായ ഡാൻസ് കാരണം മുഴുവൻ പേർക്കും പണി കിട്ടാൻ പോവുകയാണ്. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിൻ്റെ (എസ്‌ഡിഎം) വാഹനത്തിന്റെ ബോണറ്റിൽ കയറി നൃത്തവുമായി ഒരു യുവതി.

പ്രകടനം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇപ്പോൾ നാല് ചുറ്റിൽ നിന്നും പ്രതിഷേധമുയരുകയാണ്. പിന്നാലെ നടപടിയും കടുപ്പിച്ചു. വാഹനത്തിന്റെ ഡ്രൈവറിനെതിരെ കേസ് എടുത്തതായും വിവരങ്ങൾ ഉണ്ട്.

വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വാഹനത്തിൽ ഉത്തർ പ്രദേശ് സർക്കാർ എന്നും എസ്‍ഡിഎം എന്നും എഴുതിയിരിക്കുന്നത് ദൃശ്യങ്ങളിൽ ഉണ്ട്. ഒരു യുവതിയും യുവാവുമാണ് വാഹനത്തിന്റെ ബോണറ്റിൽ കയറിനിന്ന് നൃത്തം ചെയ്തത്. പശ്ചാത്തലത്തിൽ ഭോജ്പുരി സം​ഗീതവും കേൾക്കാം. സൈറൺ ശബ്ദവും വീഡിയോയിൽ കേൾക്കാവുന്നതാണ്. യുവതിയുടെ നൃത്തം കണ്ടും പ്രോത്സാഹിപ്പിച്ചും വാഹനത്തിന് ചുറ്റും ആളുകൾ തിങ്ങി നിറയുന്നുണ്ട്. അവർ നോട്ടുകൾ വാരി എറിഞ്ഞുകൊടുക്കുന്നതും കാണാം.

വീഡിയോ ട്രെൻഡിങ് ആയതോടെ സംഭവത്തെ വിമർശിച്ചുകൊണ്ട് നിരവധിപ്പേർ രംഗത്ത് വന്നു. സംഭവത്തിൽ അലംഭാവം കാണിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് പ്രധാന ആവശ്യം.യുപി യിലെ ഝാൻസി ജില്ലയിലെ ഷാജഹാൻപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തദൗൾ ഗ്രാമത്തിൽ നിന്നുള്ളതാണ് വൈറലായ വീഡിയോ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ, വീഡിയോ പരിശോധിച്ച് ആവശ്യമായ നടപടി എടുക്കാൻ ഷാജഹാൻപൂർ ഇൻസ്‌പെക്ടറെ ഝാൻസി പോലീസ് ചുമതലപ്പെടുത്തിയതായി പറയുന്നു.

പിന്നീട് വാഹനത്തിന് സമീപം ഉണ്ടായിരുന്ന ഡ്രൈവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തുവെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് കേസിനെ കുറിച്ച് ഞങ്ങൾ അറിഞ്ഞത്. എസ്ഡി‍എമ്മിന്റേതാണ് വാഹനം.

അന്ന് അദ്ദേഹം സ്ഥലത്ത് ഇല്ലായിരുന്നു. ഡ്രൈവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും എസ്ഡിഎമ്മിന് കാരണം കാണിക്കൽ നോട്ടീസ് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്തായാലും വീഡിയോ വൈറലായതിന് പിന്നാലെ അധികൃതർക്ക് മുട്ടൻ പണിയാണ് കിട്ടിയിരിക്കുന്നത്.