- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖം മറച്ചെത്തി സ്ത്രീ വെടിവച്ചത് മൂന്നു തവണ; എത്തിയത് വ്യാജ നമ്പര്‍ പതിപ്പിച്ച കാറില്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; അന്വേഷണം ഊര്‍ജിതം
തിരുവനന്തപുരം: തിരുവനന്തപുരത്ത് വഞ്ചൂരിയൂരില്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഗണ്‍ ഉപയോഗിച്ചുള്ള വെടിവയ്പ്പില്‍ സ്ത്രീക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതിയായ അക്രമിക്കായി പൊലീസ് അന്വേഷണം തുടരുന്നു. സ്ത്രീയാണ് അക്രമിച്ചതെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. അക്രമി സഞ്ചരിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സില്‍വര്‍ നിറത്തിലുള്ള സെലേറിയോ കാറിലാണ് അക്രമി എത്തിയത്. വ്യാജ നമ്പര്‍ പതിപ്പിച്ച കാറിലാണ് അക്രമി എത്തിയതെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.
അജ്ഞാതയായ സ്ത്രീ മൂന്നു തവണയാണ് വെടിവച്ചത്. ഒരു തവണ ദേഹത്തേക്കും രണ്ടു തവണ നിലത്തേക്കുമാണ് എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ചത്. പത്മനാഭസ്വാമി ക്ഷേത്രത്തിനടുത്ത് പടിഞ്ഞാറേക്കോട്ടയില്‍ 'പങ്കജ്' എന്ന വീട്ടിലെ ഷിനിക്കു നേരെയാണ് കുറിയര്‍ നല്‍കാനെന്ന പേരിലെത്തിയ സ്ത്രീ വെടിവച്ചത്. ഞായറാഴ്ച രാവിലെ 8.30ഓടെയായിരുന്നു സംഭവം. ഷിനിക്ക് കാര്യമായ പരുക്കില്ല. ആശുപത്രിയില്‍ ചികിത്സ തേടി. എന്‍ആര്‍എച്ച്എമ്മിലാണ് ഷിനി ജോലി ചെയ്യുന്നത്. ഭര്‍ത്താവ് വിദേശത്താണ്. ഷിനി ആരാണെന്നു ചോദിച്ചാണ് അക്രമിയെത്തിയതെന്ന് ഷിനിയുടെ ഭര്‍ത്താവിന്റെ അച്ഛന്‍ ഭാസ്‌കരന്‍ നായര്‍ പറഞ്ഞു.
" ആരോ ബെല്ലടിച്ചു. വാതില്‍ തുറന്നപ്പോള്‍ ഷിനി ഇവിടെയാണോ താമസിക്കുന്നതെന്നു ചോദിച്ചു. എന്താ കാര്യമെന്ന് ഞാന്‍ ചോദിച്ചു. ഒരു റജിസ്‌ട്രേഡ് ലെറ്റര്‍ ഉണ്ടെന്നു വന്ന സ്ത്രീ പറഞ്ഞു. ഷിനി ഒപ്പിട്ടാലേ കൊടുക്കൂ എന്നു പറഞ്ഞു. ശരി വിളിക്കാമെന്ന് ഞാന്‍ പറഞ്ഞു. പുറകോട്ട് തിരിഞ്ഞ്, വീടിനകത്തുള്ള ഷിനിയെ വിളിച്ചു.
പേന മറന്നു പോയി, പേനകൂടി എടുക്കാന്‍ പറയണേ എന്ന് വന്ന സ്ത്രീ പറഞ്ഞു. ഷിനിയോട് പേനകൂടി എടുക്കാന്‍ ഞാന്‍ പറഞ്ഞു. പേനയെടുത്ത് ഷിനി വന്നു. കുറിയറുമായി വന്ന സ്ത്രീ വലിയ ഷീറ്റ് പേപ്പറും വലിയ കവറും എടുത്തു. കവര്‍ മുന്നോട്ടു നീട്ടി. ഒപ്പിടാന്‍ ഷിനി ഒരുങ്ങിയതും വെടിവച്ചു. ഷിനി കൈ കൊണ്ട് തടഞ്ഞു. ഉള്ളം കയ്യില്‍ വെടികൊണ്ടു. പിന്നീട് തറയില്‍ രണ്ടു തവണ വെടിവച്ചു"ഭാസ്‌കരന്‍ നായര്‍ പറഞ്ഞു.
വന്നയാളെ പരിചയമില്ലെന്ന് വീട്ടുകാര്‍ പറയുന്നു. കുറിയറുമായി വന്നയാള്‍ക്ക് അത്യാവശ്യം ഉയരമുണ്ടെന്നും മെലിഞ്ഞയാളല്ലെന്നും വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. വാഹനത്തിന്റെ ശബ്ദമൊന്നും സ്ത്രീ വരുമ്പോഴും പോകുമ്പോഴും കേട്ടില്ല. ഷിനിക്ക് മിക്കവാറും കുറിയര്‍ വരാറുണ്ടെന്നും വീട്ടുകാര്‍ പറഞ്ഞു.
അക്രമി എത്തിയ കാറില്‍ പതിച്ചിരുന്ന നമ്പര്‍ സ്വിഫ്റ്റ് കാറിന്റേതാണെന്നും കണ്ടെത്തി. പറണ്ടോട് സ്വദേശിയുടെ സ്വിഫ്റ്റ് കാര്‍ മാസങ്ങള്‍ക്ക് മുമ്പാണ് കോഴിക്കോടേക്ക് വിറ്റത്. ഈ കാറിന്റെ നമ്പര്‍ ആണ് അക്രമി സഞ്ചരിച്ച കാറില്‍ പതിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങളുടെയും വീട്ടുകാരുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിരിക്കുന്നത്.
ആരാണ് വന്നതെന്നോ എന്തുദ്ദേശത്തിലായിരുന്നു അതിക്രമമെന്നോ അറിയില്ലെന്നാണ് കുടുംബം ആവര്‍ത്തിക്കുന്നത്. സ്ത്രീ വന്ന് പോയ കാറിന്റെ സിസിടിവി ദൃശ്യങ്ങളടക്കം എടുത്തിട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷണര്‍ അടക്കം സ്ഥലത്തെത്തി സാഹചര്യം വിലയിരുത്തി.വ്യക്തിപരമായ മുന്‍വൈരാഗ്യമെന്തെങ്കിലും അക്രമത്തിന് പിന്നിലുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. എല്ലാ വഴിക്കും അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറയുന്നു.കൈക്ക് നിസ്സാര പരിക്ക് മാത്രമാണ് ഷിനിക്ക് ഉള്ളത്. വിശദമായ മൊഴിയെടുത്ത് അന്വേഷണം നടത്തും.
കൃത്യമായ ആസൂത്രണത്തിന് ശേഷമാണ് അക്രമി വെടിവെപ്പ് നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. നഗരമധ്യത്തില്‍ നടന്ന അസാധാരണസംഭവത്തില്‍ ഊര്‍ജിതമായാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഷിനിയുടെ വീട് ഉള്‍പ്പെടെ നാല് വീടുകളാണ് ഈ ഭാഗത്തുള്ളത്. അതിനാല്‍ കൃത്യമായി നിരീക്ഷിച്ചശേഷമാണ് അക്രമി ഇവിടേക്കെത്തിയതെന്നാണ് പോലീസ് കരുതുന്നത്.
സംഭവത്തില്‍ ഷിനിയുടെയും ഇവരുടെ കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തി. ഇവരുമായി ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടോ എന്നതടക്കം പോലീസ് പരിശോധിച്ചുവരികയാണ്. സിറ്റി പോലീസ് കമ്മീഷണര്‍ ജി.സ്പര്‍ജന്‍ കുമാര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ഫൊറന്‍സിക് സംഘവും തെളിവെടുപ്പ് നടത്തി.
ആശുപത്രിയില്‍ കൊണ്ടുംപോകുംവഴി 'അവരെന്തിനാണ് എന്നെ ആക്രമിച്ചത്, എനിക്ക് ശത്രുക്കളാരും ഇല്ലല്ലോ' എന്ന് ഷിനി പറഞ്ഞിരുന്നതായാണ് വിവരം. കൈപ്പത്തിക്ക് വെടിയേറ്റെങ്കിലും ഷിനിയുടെ പരിക്ക് സാരമുള്ളതല്ല. അതേസമയം, കൈപ്പത്തിക്കുള്ളിലൂടെ തുളച്ചുകയറിയ പെല്ലറ്റ് നീക്കംചെയ്യാന്‍ ശസ്ത്രക്രിയ വേണ്ടിവരും. ഇത് കഴിഞ്ഞാല്‍ യുവതി ആശുപത്രി വിട്ടേക്കും. തിരുവനന്തപുരം എന്‍.ആര്‍.എച്ച്.എമ്മിലെ പി.ആര്‍.ഒ.യാണ് ഷിനി. ഭര്‍ത്താവ് മാലദ്വീപിലാണ് ജോലിചെയ്യുന്നത്.