പുണെ: ആൺകുഞ്ഞ് പിറക്കാൻ മന്ത്രവാദിയുടെ നിർദ്ദേശപ്രകാരം പൊതുയിടത്തിൽ ആളുകൾക്ക് മുമ്പിൽ വെച്ച് നഗ്‌നയായി കുളിക്കാൻ ഭർത്താവ് നിർബന്ധിച്ചെന്ന യുവതിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്. പുണെ, വിദ്യാപീഡ് പൊലീസ് സ്റ്റേഷനിലാണ് യുവതി ഞായറാഴ്ച പരാതി നൽകിയത്.

നാട്ടുക്കാർ നോക്കി നിൽക്കെ ഭാര്യയെ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ നിർബന്ധിതയാക്കിയെന്നായിരുന്നു പരാതി. മന്ത്രവാദി നിർദ്ദേശിച്ച പ്രകാരമാണ് റഗാഡ് ജില്ലയിലെ വെള്ളച്ചാട്ടത്തിലേക്ക് യുവതിയെ കൊണ്ടുപോവുകയും എല്ലാവരും നോക്കി നിൽക്കെ കുളിക്കാൻ നിർബന്ധിക്കുകയും ചെയ്തത്. വർഷങ്ങളായി ദമ്പതികൾക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല. തുടർന്നാണ് ഭർത്താവും വീട്ടുക്കാരും ചേർന്ന് മന്ത്രവാദിയെ സമീപിച്ചത്.

ആൺകുട്ടി ലഭിക്കാൻ വേണ്ടി പ്രദേശത്തുള്ള മന്ത്രവാദി നിർദ്ദേശിച്ചത് പ്രകാരമാണ് ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും ചേർന്ന് തന്നെ നഗ്‌നയായി ആളുകൾക്ക് മുമ്പിൽ വെച്ച് കുളിക്കാൻ നിർബന്ധിച്ചതെന്ന് യുവതി പരാതിയിൽ പറയുന്നു. ഭർത്താവ്, ഭർത്താവിന്റെ മാതാപിതാക്കൾ, പ്രദേശത്തെ മന്ത്രവാദിയായ 'തന്ത്രിക് ബാബ' എന്നറിയപ്പെടുന്ന മൗലാനാ ബാബ ജാമാദാറിനുമെതിരേയാണ് യുവതിയുടെ പരാതി നൽകിയിരിക്കുന്നത്.

പൊലീസ് പറയുന്നത് ഇങ്ങനെ: '2013 മുതൽ ഭർത്താവും ഭർതൃവീട്ടുകാരും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയാണെന്ന് യുവതി പരാതിയിൽ പറയുന്നുണ്ട്. സ്ത്രീധനം ആവശ്യപ്പെട്ടും, ആൺകുട്ടിക്കു ജന്മം നൽകണമെന്നു പറഞ്ഞുമായിരുന്നു പീഡനം. നിരവധി സ്ഥലങ്ങളിൽ ദുർമന്ത്രവാദത്തിനായി പോകുകയും ചെയ്തിരുന്നതായി യുവതി പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.'

ഐപിസി സെക്ഷൻ 498,ദുർമന്ത്രവാദം മറ്റു മനുഷ്യത്വ രഹിത ക്രിയകൾ എന്നിവയ്ക്കെതിരായ മഹാരാഷ്ട്ര പ്രിവൻഷൻ ആക്ട് 2013 എന്നിവ പ്രകാരമാണ് ഭർത്താവിനും കുടുംബത്തിനും മന്ത്രവാദിക്കുമെതിരെ പൊലീസ് കേസെടുത്തത്. ഐ.പി.സി. സെക്ഷൻ 498, 323, 420, 504, 406 എന്നീ വകുപ്പുകൾ പ്രകാരവും ദുർമന്ത്രവാദത്തിനെതിരേയുള്ള സെക്ഷൻപ്രകാരവും നാലുപേർക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതായി ഭാരതി വിദ്യാപീഡ് പൊലീസ് സ്റ്റേഷനിലെ മുതിർന്ന പൊലീസ് ഇൻസ്‌പെക്ടർ ജഗന്നാഥ കലാസ്‌കാർ പറഞ്ഞു.

പരാതിക്കാരിയെ ഭർത്താവിന്റെ മാതാപിതാക്കൾ 2013 മുതൽ സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം പീഡിപ്പിച്ചു വരികയാണ്. ഇതിനു പുറമെ ആൺകുട്ടിയെ പ്രസവിക്കണമെന്നുമാവശ്യപ്പെട്ട് ഇവർ യുവതിയെ പീഡിപ്പിച്ചിരുന്നു. ഇതിന്റെ പേരിൽ യുവതി നിരവധി ദുർമന്ത്രവാദത്തിനിരയായി.

യുവതി ആളുകളുടെ മുമ്പിൽ വെച്ച് നഗ്‌നയായി കുളിച്ചാൽ ആൺകുട്ടിയെ ലഭിക്കുമെന്ന് തന്ത്രിക് ബാബ നിർദ്ദേശിച്ചു. വെള്ളച്ചാട്ടത്തിൽ യുവതി പൂർണ നഗ്‌നയായി കുളിച്ചാൽ തീർച്ചയായും ആൺകുട്ടിയെ പ്രസവിക്കുമെന്ന് ഇയാൾ പറഞ്ഞു. തുടർന്ന് യുവതിയെ റായ്ഗഡ് ജില്ലയിലേക്ക് കൊണ്ടു പോകുകയായിരുന്നുവെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഭർത്താവ് വ്യാപാരം തുടങ്ങാനെന്ന പേരിൽ യുവതിയുടെ പേരിൽ 75 ലക്ഷം രൂപ ലോൺ എടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.