ഭുവനേശ്വർ: രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ പ്രമുഖരെ 'ഹണിട്രാപ്പിൽ' കുരുക്കി പണം തട്ടിയ കേസിൽ മുഖ്യപ്രതിയായ യുവതി പിടിയിൽ. ഒഡീഷയിലെ ഒരു സിനിമാ നിർമ്മാതാവിനെ ഹണിട്രാപ്പിൽ കുരുക്കിയ ശേഷം പണം കൈക്കലാക്കാൻ ഇവർ ശ്രമിച്ചിരുന്നു. ഒരു യുവതിക്കൊപ്പമുള്ള നിർമ്മാതാവിന്റെ സ്വകാര്യചിത്രങ്ങൾ പ്രചരിപ്പിച്ചാണ് പണം തട്ടാൻ ശ്രമിച്ചത്. ഈ കേസിലാണ് അർച്ചന പിടിയിലായതെന്ന് സൂചനയുണ്ട്.

സത്യവിഹാർ സ്വദേശിയായ അർച്ചന നാഗ് (25) എന്ന യുവതിയെയാണ് ഖണ്ഡാഗിരി പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. പ്രതിയുടെ രണ്ട് മൊബൈൽഫോണുകളും പെൻഡ്രൈവുകളും ഡയറിയും പൊലീസ് പിടിച്ചെടുത്തു. എന്നാൽ കേസിനെപ്പറ്റിയും ഹണിട്രാപ്പിൽ കുരുങ്ങിയവരെക്കുറിച്ചും മാധ്യമങ്ങളോടു വിശദീകരിക്കാൻ പൊലീസ് ഉന്നതർ തയാറായില്ല.

പൊലീസ് കമ്മീഷണറും ഡെപ്യൂട്ടി കമ്മീഷണറും യുവതിയുടെ അറസ്റ്റിനെ സംബന്ധിച്ചുള്ള ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. മാത്രമല്ല, യുവതിയിൽനിന്ന് പിടിച്ചെടുത്ത ഡയറിയെക്കുറിച്ചും പെൻഡ്രൈവുകളെക്കുറിച്ചും പൊലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

പ്രമുഖ നേതാക്കളും വിഐപികളും ഉൾപ്പെട്ടതിനാലാണു കേസ് നടപടികൾ പൊലീസ് രഹസ്യമാക്കി വയ്ക്കുന്നതെന്ന് ആക്ഷേപമുണ്ട്. ബ്ലാക് മെയിലിങ്, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കൽ, ഹണി ട്രാപ് തുടങ്ങിയ കുറ്റങ്ങളാണ് ഇവരിൽ ചുമത്തിയതെന്നു ജയിൽ അധികൃതർ അറിയിച്ചു.

സിനിമാ നിർമ്മാതാവ് അഖ്യയ് പാരിജയുടെ പരാതിയിലാണ് നയാപള്ളി പൊലീസ് സ്റ്റേഷനിൽ കേസെടുത്തതെന്നാണ് സൂചന. 23 വയസ്സുള്ള ഒരു പെൺകുട്ടിയുമായി ചേർന്ന് അർച്ചന കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയെന്ന് എഫ് ഐ ആറിൽ പറയുന്നു. ചില ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയതിന് ശേഷം മൂന്ന് കോടി രൂപ ആവശ്യപ്പെട്ടാണ് ഒഡിഷ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇടപാട് നടത്താൻ ഭുവനേശ്വറിലെ ഒരു ഹോട്ടലിൽ വച്ച് താൻ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് എഫ്‌ഐആറിൽ പറയുന്നുണ്ട്.

അർച്ചന ഒറ്റയ്ക്കല്ലെന്നും സ്ത്രീകളടക്കമുള്ള വൻ സംഘം കുറ്റകൃത്യത്തിനു പിന്നിലുണ്ടെന്നുമാണു പൊലീസ് വൃത്തങ്ങൾ പറയുന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രമുഖർക്കായി അർച്ചന വലവിരിക്കുക. വേഗത്തിൽ അടുപ്പമുണ്ടാക്കി സ്വകാര്യദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കും. പിന്നെയാണു ഭീഷണിയും പണം തട്ടിയെടുക്കലും. അർച്ചനയുടെ ഭർത്താവ് ജഗബന്ധു ഛന്ദിനായുള്ള അന്വേഷണം തുടരുകയാണ്.

ഭർത്താവ് അടക്കം ഉൾപ്പെട്ട വൻ സംഘമാണ് അർച്ചനയുടെ നേതൃത്വത്തിൽ ഹണിട്രാപ്പ് 'ഓപ്പറേഷനുകൾ' നടത്തിയിരുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഒട്ടേറെ യുവതികളും ഇവരുടെ സംഘത്തിലുണ്ടായിരുന്നു. യുവതികളെ ഉപയോഗിച്ച് ഉന്നതരുമായി സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയം സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നതെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു